Thursday, November 29, 2007

എന്തായിരുന്നു അന്ന്‌ ഒടുവിലായി സുഹ്‌റ പറയാന്‍ തുടങ്ങിയത്‌


എന്തായിരുന്നു അന്ന്‌ ഒടുവിലായി സുഹ്‌റ പറയാന്‍ തുടങ്ങിയത്‌ ?

സംഗിത. പി.വിഗവ:ഹെസ്കൂള്‍ പാക്കം

"ബാല്യകാലസഖി ജീവിതത്തില്‍ നിന്ന്‌ വലിച്ചുചീന്തിയ ഒരേടാണ്‌. വാക്കില്‍ രക്തം പൊടിഞ്ഞിരിക്കുന്നു. ചിലര്‍ക്ക്‌ ചുടുചോര കാണുമ്പോള്‍ എന്തെന്നില്ലാത്ത ഒരു പേടിയും അറപ്പും തോന്നും. ബോധക്ഷയം തന്നെ സംഭവിച്ചേക്കാം. അങ്ങനെയുള്ളവര്‍ സൂക്ഷിച്ചു വേണം ഈ പുസ്തകം വായിക്കുവാന്‍".ബാല്യകാലസഖിക്ക്‌ എം. പി. പോള്‍ എഴുതിയ അവതാരിക ഇങ്ങനെയാണ്‌ ആരംഭിക്കുന്നത്‌. മജീദിന്റെയും സുഹ്‌റയുടേയും ബാല്യകാല സൗഹൃദത്തിലൂടെ ഇതള്‍ വിരിയുന്ന അനശ്വരമായ പ്രണയത്തിന്റെ ഒരിതിഹാസമാണ്‌ ബാല്യകാലസഖി. വെറുമൊരു പ്രണയകഥയല്ല ഈ ചെറിയ കൃതി. ബാല്യകാലസഖി ഒരു നീണ്ട ചെറുകഥയാണോ, അതോ ഒരു ചെറിയ നോവലാണോ എന്നുപോലും എം. പി പോള്‍ സംശയിക്കുന്നുണ്ട്‌. വളരെ ചെറിയ ഒരു കഥാഘടനയില്‍ നിന്നുകൊണ്ട്‌ ജീവിതത്തിന്റെ സമസ്തഭാവങ്ങളും നര്‍മ്മമധുരമായി ആവിഷ്ക്കരിക്കാന്‍ കഴിയുന്നു എന്നതാണ്‌ ബഷീറിന്റെ ഈ ചെറുകൃതിയെ ശ്രദ്ധേയമാക്കുന്നത്‌.മജീദും സുഹ്‌റയും ബാല്യകാലസഹൃത്തുക്കളാണ്‌. കാലക്രമേണ അവരുടെ സൗഹൃദം പ്രണയത്തിലെത്തുന്നു. അഗാധമായ പ്രണയം. സമ്പന്നനായ മജീദും ദരിദ്രയായ സുഹ്‌റയും ഒരുമിച്ച്‌ ബാല്യകാലാനുഭവങ്ങള്‍ പങ്കുവച്ചു.യൗവ്വനകാലാരംഭത്തില്‍ മജീദിനെയും വായനക്കാരെയും ഒരുപോലെ ആകര്‍ഷിച്ച ഒന്നായിരുന്നു സുഹ്‌റയുടെ സൗന്ദര്യം. കാലം സുഹ്‌റയെ മാറ്റിമറിച്ചു. മുഖം വിളര്‍ത്ത്‌, കൈകാലുകളുടെ ഏപ്പുകള്‍ തേഞ്ഞ്‌ വികൃതമായ ഒരു രൂപം. വര്‍ഷങ്ങള്‍ക്കുശേഷമുള്ള സുഹ്‌റയുടെ ലാവണ്യമാണിത്‌..വെള്ളിഡപ്പിയില്‍ നിന്ന്‌ ചുണ്ണാമ്പ്പൊടി കൈവെള്ളയിലിട്ട്‌ മോണയിലേക്ക്‌ നീക്കി നീട്ടിത്തുപ്പി രസിച്ചിരുന്ന ബാപ്പ ഒരു ണക്കവെറ്റില തുണ്ടിനായി ഉമ്മയെ അയല്‍വീടുകളിലേക്ക്‌ പറഞ്ഞയക്കുന്നത്‌ മനുഷ്യജീവിതം എല്ലായ്പ്പോഴും ഒരുപോലെയല്ല എന്നതിന്‌ ഉത്തമ ഉദാഹരണമാണ്‌.ഒരിക്കലും പൂവണിയാത്ത സ്വപ്നങ്ങള്‍ നെഞ്ചേറ്റി ലാളിച്ചുകൊണ്ട്‌ ജീവിതം തള്ളിനീക്കുകയാണ്‌ കഥാനായകനായ മജീദ്‌. കാലത്തിന്റെ മാറ്റം അയാള്‍ തിരിച്ചറിയാത്തതുപോലെ.ഒരുപാട്‌ സ്വപ്നങ്ങളായിരുന്നു മജീദിനും സുഹ്‌റയ്ക്കും. താനൊരു വലിയ രാജകുമാരനാകുന്നതും സുഹ്‌റ തന്റെ രാജകുമാരിയായി വരുന്നതും ഒരുപാട്‌ തവണ മജീദ്‌ സ്വപ്നം കണ്ടിട്ടുണ്ട്‌. കാലത്തിന്റെ കുത്തൊഴുക്കില്‍ കാര്യങ്ങളൊക്കെ മാറിമറിഞ്ഞു. സുഹ്‌റ തനിക്കൊരിക്കലും ഇണങ്ങാത്ത ഒരാളിന്റെ ഭാര്യയായി. സമ്പന്നതയുടെ മടിത്തട്ടിലായിരുന്ന മജീദ്‌ എല്ലാം നഷ്ടപ്പെട്ട്‌ നഗരത്തിലെ ഒരു ഹോട്ടലിന്റെ പിന്നാമ്പുറത്ത്‌ എച്ചില്‍പാത്രം കഴുകുന്ന അവസ്ഥയിലേക്ക്‌ മാറി. ഈ ഒരവസ്ഥയിലും ജീവിതത്തിന്റെ ശൂന്യതയിലേക്കല്ല മജീദ്‌ വീണുപോകുന്നത്‌. സുഹ്‌റയുടെ മരണവാര്‍ത്ത്‌ അമ്മയുടെ കത്തില്‍ നിന്ന്‌ അറിയുന്ന മജീദ്‌ ഒരു നിമിഷനേരത്തേക്ക്‌ മാത്രമാണ്‌ പകച്ചുപോകുന്നത്‌. സുഹ്‌റയുടെ ചുണ്ടില്‍ നിന്ന്‌ അവസാനമായി കണ്ടപ്പോള്‍ വീഴാന്‍ കാത്തുനിന്ന വാക്കുകള്‍ എന്തായിരിക്കുമെന്ന്‌ തിരയുകയാണ്‌ തൊട്ടടുത്ത നിമിഷം ബഷീര്‍ ചെയ്യുന്നത്‌. അതോടൊപ്പം തന്റെ കുടുംബത്തിന്റെ ജീവിതം തന്റെ ചുമലിലാണെന്ന ഒരോര്‍മ്മയിലേക്ക്‌ മജീദ്‌ ഉണരുകയാണ്‌.അത്യന്തം വിരസകരമാകുമായിരുന്ന ഒരു നിസാരപ്രണയകഥയെ എല്ലാമനുഷ്യര്‍ക്കും എല്ലാകാലത്തേക്കുമുള്ള ഒരു പ്രണയാനുഭവമായി വളര്‍ത്തിയെടുത്തു എന്നതാണ്‌ ബഷീര്‍ ഈ കൃതിയിലൂടെ സാധിച്ചെടുക്കുന്നത്‌. നിയതിയുടെ കൈകളില്‍ മനുഷ്യര്‍ എത്ര നിസ്സാരനും നിസ്സഹായനുമാണെന്ന്‌ തെല്ലുനൊമ്പരത്തോടെ ഈ കൃതി ഓര്‍മ്മിപ്പിക്കുന്നു."ഒന്നും ഒന്നും ഉമ്മിണി വല്ല്യ ഒന്ന്‌" എന്ന മഹത്തായ കണ്ടുപിടിത്തവും പ്രഖ്യാപനവും ഈ കൃതിയിലൂടെയാണ്‌ ബഷീര്‍ സാധിക്കുന്നത്‌. ബഷീറിന്റേതുമാത്രമായ ഒരു ഭാഷയുടെ ഉദയം ഈ ഒറ്റ വാക്യത്തിലൂടെ നാം കാണുന്നു. 'കണക്കുശാസ്ത്രത്തിലെ ഒരു പുതിയ തത്വം കണ്ടുപിടിക്കുകയായിരുന്നില്ല ബഷീര്‍. ജീവിതം എന്ന വലിയ ചോദ്യത്തിന്റെ ഒരുത്തരമായിരുന്നു അത്‌'. ആ പ്രയോഗത്തിലൂടെ ജീവിതത്തിന്റെ എല്ലാ ഭാവങ്ങളും ആവിഷ്ക്കരിക്കാന്‍ കഴിയുമെന്ന്‌ അദ്ദേഹം തെളിയിച്ചു.മലയാള സാഹിത്യത്തിലെ അനശ്വരമായ ഈ പ്രണയകാവ്യം ജീവിതത്തിന്റെ അര്‍ത്ഥമെന്ത്‌ എന്ന്‌ മജീദിന്റെ ചിന്തകളിലൂടെ നിരന്തരം നമ്മെ ഓര്‍മ്മപ്പെടുത്തിക്കൊണ്ടിരിക്കുന്നു."എന്തായിരുന്നു അന്ന്‌ ഒടുവിലായി സുഹ്‌റ പറയാന്‍ തുടങ്ങിയത്‌"?