തൃക്കരിപ്പൂര്‍ പെണ്‍കുട്ടി

തൃക്കരിപ്പൂര്‍ പെണ്‍കുട്ടി
സായൂജ്യ വിജയന്‍

ജീവിതം അലിഞ്ഞലിഞ്ഞു തീരുകയാണ് .ഈ ജനലഴികള്‍ക്കിടയിലൂടെ ദൂരെ ഫ്‌ളാറ്റ് സമുച്ചയങ്ങള്‍ കാണുമ്പോള്‍ പണ്ട് വീടിന്റെ പടിഞ്ഞാറുവശത്തെ കിളിവാതിലിലൂടെ തെങ്ങിന്‍തലപ്പുകളെ നോക്കിയിരുന്നത് ഓര്‍മ്മവരികയാണ്. ചെളിതെറിപ്പിച്ചും കളിപറഞ്ഞും സ്‌കൂളില്‍ പോയിരുന്ന കാലം, കുത്തനെ നോക്കിനടന്നിരുന്ന കൗമാരക്കാലം, ബീരിച്ചേരി പള്ളിയില്‍നിന്നും ദൂരെ മുഴങ്ങിക്കേട്ടിരുന്ന ഓത്തുപാട്ട്, രാത്രികാലങ്ങളില്‍ കള്ളിന്റെയും അച്ചാറിന്റെയും മണംപരന്നിരുന്ന മൈതാനങ്ങള്‍, വാപ്പച്ചി, ഉമ്മച്ചി, ഇക്കാക്ക, സജ്‌ന, റാഷിദ, നാദിയ...... ഓര്‍മ്മകള്‍ തന്നെ വേട്ടയാടുകയാണ്. തനിക്കുനീറുന്നുണ്ടോ? അറിയില്ല.
രാത്രി ഉണര്‍ന്നിരിക്കുന്നു. ക്ലോക്കിന്റെ പെന്‍ഡുലം പിശാചിന്റെ അലര്‍ച്ചപോലെ മണി പത്തടിച്ചു. അപ്പുറത്തുനിന്നും ഇശലുകളുടെയും ഖവാലിയുടെയും അലകള്‍ ഒഴുകിയെത്തുന്നില്ല. കല്‍ക്കത്ത ഉറങ്ങിയിരിക്കുന്നു. എന്നും പത്തുമണിവരെ ഇവിടെ സംഗീതത്തിന്റെയും നടനത്തിന്റെയും ആരവങ്ങളാണ്- നാട്യത്തിന്റെയും. അതിനുശേഷം നിദ്രയുടെ മൂകമായ സംഗീതം മാത്രമേ കേള്‍ക്കാറുള്ളൂ. നിശ്ശബ്ദതയുടെ സംഗീതം. പകലുമുഴുവന്‍ ഒരു ഗിത്താറിന്റെ കമ്പിപോലെ ചലിച്ചുകൊണ്ടിരുന്നു. കല്‍ക്കത്തയുടെ ഉറക്കം കാണാന്‍ എന്തു സുഖമായിരിക്കും. പക്ഷെ ഈ വര്‍ഷങ്ങള്‍ക്കിടയ്ക്ക് താനിതുവരെ അതുകണ്ടിട്ടില്ല. കല്‍ക്കത്ത മുഴുവന്‍ തന്നെത്തേടി വരാറാണല്ലോ പതിവ്. അല്ലെങ്കിലും കല്‍ക്കത്തയുടെ ചലനവും താനെന്നാണ് കണ്ടിട്ടുള്ളത്? ഈ കൊച്ചു മുറികളും ഗോവണികളും നെരിപ്പോടുമല്ലാതെ മറ്റേതാണ് തന്റെ ലോകം? ഒരുപക്ഷെ തനിക്കും ഒരു ലോകമുണ്ടായിരുന്നിരിക്കാം. ഓര്‍മ്മകള്‍ തന്നോട് നുണപറയാറില്ലല്ലോ? അതുകൊണ്ടല്ലെ വെള്ളിയാഴ്ചകള്‍ തനിക്കിത്ര കൃത്യമായി ഓര്‍മ്മകള്‍ പറഞ്ഞുതരുന്നത്.
 
വീടിന്റെ ഇടനാഴിച്ചുമരുകളിലെങ്ങും സജ്‌നയുടെ നുണക്കുഴികള്‍ പ്രതിഫലിച്ചിരുന്ന വെള്ളിയാഴ്ചയാണ്. ഇന്നലെരാത്രി അവള്‍ എവിടെയായിരുന്നു എന്ന് ആത്മാവ് ആവര്‍ത്തിച്ചാവര്‍ത്തിച്ച് ചോദിച്ചിരുന്ന വെള്ളിയാഴ്ചയാണ്. അന്നുച്ചയ്ക്കു സ്രാവിന്റെ തലപോലെ പിളര്‍ന്നുകിടന്നിരുന്ന സ്ലാബിന്റെ പൊട്ടിയ വിടവില്‍.... ചുണ്ടുകളില്‍ പല്ലുകളുടെ ആഴത്തിലുള്ള അടയാളങ്ങള്‍....അത് എന്തിന്റേതായിരുന്നു? കൊതിയുടെ? ആര്‍ത്തിയുടെ? അതോ ആധിപത്യത്തിന്റേതോ? അവളുടെ കഴുത്തിലെ മുറിവുകളിലിരിക്കാന്‍ ഈച്ചകള്‍ തിടുക്കം കൂട്ടി. അവളുടെ ഷാള്‍ കടിച്ചുവലിച്ചുകൊണ്ട് വേട്ടപ്പട്ടി അലഞ്ഞുതിരിയുന്നുണ്ടായിരുന്നു. അവളുടെ തട്ടം കീറിപ്പറിഞ്ഞിരുന്നു. ഇരുവശവും പിന്നിക്കെട്ടി അതിനുള്ളിലൊളിപ്പിച്ചിരുന്ന അവളുടെ ചുരുള്‍മുടി കെട്ടുപിണഞ്ഞുകിടക്കുന്നത് തനിക്കു കാണാമായിരുന്നു. അന്നുമുതല്‍ എന്റെ തൃക്കരിപ്പൂരില്‍ രാത്രിയിലും വീടുകളില്‍ വിളക്കണയാതായി. അച്ഛനുറങ്ങാതായി. അപ്പോഴാണ് പെണ്‍കുട്ടികള്‍ക്കായി മൈസൂരിലേക്ക് വണ്ടികള്‍ തയ്യാറായത്. താലികൊണ്ടുള്ള പോറലുകള്‍ക്കായി പെണ്‍കുട്ടികളെ എറിഞ്ഞുകൊടുക്കാന്‍ തുടങ്ങിയത്. ഉദരത്തിലുള്ളത് പെണ്ണാകരുതേ എന്ന് അമ്മമാര്‍ പ്രാര്‍ത്ഥിക്കാന്‍ തുടങ്ങിയത്. ഞങ്ങളുടെ ശ്വാസഗതിക്ക് അനുസരിച്ചുയരുന്ന മാറിടം, മാസഘടികാരമായ അടിവയര്‍, അവരെ പേടിപ്പിച്ചിരുന്നു.
അതും ഒരു വെള്ളിയാഴ്ചയായിരുന്നു. വര്‍ണ്ണശബളമായ ബലൂണുകള്‍, വീടിനുമുന്നില്‍ കെട്ടിയുയര്‍ത്തിയ വലിയപന്തല്‍, ബിരിയാണിയുടെ രൂക്ഷഗന്ധം.... താന്‍ സാരിയായിരുന്നു ഉടുത്തിരുന്നത്. ഒരു ചുവന്നത്. സ്വര്‍ണ്ണക്കസവുള്ള പച്ചത്തട്ടം, നിറയെ മുല്ലപ്പൂക്കള്‍, വളകള്‍.... ഒരു തൃക്കരിപ്പൂര്‍ക്കാരിയായ പതിനാലു വയസ്സുകാരിക്ക് ഇതില്‍നിന്നൊക്കെ എന്തുമനസ്സിലാകുവാണ്. റാഷിദയായും, നാദിയയായും വിധിതന്നെ വേട്ടയാടുകയായിരുന്നില്ലേ? നാട്ടുകാരന്റെ നായാട്ടായിരുന്നു അന്നെന്റെ തൃക്കരിപ്പൂരിലും....
അന്നുരാത്രി....അതും തനിക്കോര്‍മ്മയുണ്ട്. ഉമ്മച്ചി പഠിപ്പിച്ച വിട്ടതുപോലെയൊന്നുമായിരുന്നില്ല. എത്ര കൈകള്‍? എത്ര നഖക്ഷതങ്ങള്‍? എന്നിട്ടും കഴുത്തിലൂടെയും കാലിലൂടെയും ഒഴുകിയ ചോരയ്ക്കുപോലും അവറ്റകളുടെ ഗന്ധമായിരുന്നു. പ്രത്യേകിച്ചും അയാളുടെ. അപരിചിതത്വത്തിന്റെ ക്രൂരമായ പരിണയം. എങ്ങും അവിശ്വാസത്തിന്റെ അന്ധകാരം.
പിന്നെയെന്താണുണ്ടായത്? മൈസൂര്‍ കല്യാണം. ചതി,വഞ്ചന-ചാനലുകള്‍ ഘോഷിച്ചു. തനിക്കു നഷ്ടപ്പെട്ടത് തന്നെതന്നെയായിരുന്നു. തൃക്കരിപ്പൂര്‍ പെണ്‍കുട്ടിയായി രണ്ടാം ജന്മമെടുത്ത് ഇവിടെയെത്തുമ്പോള്‍ താനവിടെ ഉപേക്ഷിച്ചത് വീടിനെയായിരുന്നില്ല. നാടിനെയായിരുന്നില്ല. ബന്ധങ്ങളെയായിരുന്നില്ല. സ്വപ്നങ്ങളെയായിരുന്നില്ല. ഫാത്തിമത്ത് റസിയ ഇന്നെവിടെയാണ്? റെക്കോര്‍ഡുകളില്‍? സര്‍ട്ടിഫിക്കറ്റുകളില്‍? അതോ പരിചയക്കാരുടെ മനസ്സുകളിലോ? അവയൊക്കെ ശവപ്പറമ്പുകളാണ്. മരിച്ചവന്റെ ഗന്ധം പേറുന്ന, പുകയും അസ്ഥികളും നശ്വരമായി നിലനില്‍ക്കുന്ന ശവപ്പറമ്പുകള്‍. തന്റെ മുലകളിവിടെയാണ്. ആ ദലമുകുളങ്ങള്‍ ഇന്ന് വിടര്‍ന്നിരിക്കുന്നു. അവ ചുരത്തുന്നതും.... കല്‍ക്കത്തയിലെ ചുമര്‍ചിത്രങ്ങളെപ്പോലെ താനും മാഞ്ഞുകൊണ്ടിരിക്കുകയാണ്. അതിന് ഒരു ഞെരക്കത്തിന്റെ അകലമേയുള്ളൂ.
ആരോ വാതിലില്‍ മുട്ടുന്നുണ്ട്. ഓ! ഇതു തന്റെ സമയമാണ്. കല്‍ക്കത്തയുടെ നീലനിശീഥിനികള്‍ അന്ത്യയാമത്തോടടുക്കുന്ന സമയം. കുപ്പിവളകള്‍ ഉടയുന്ന സമയം. സ്വപ്നങ്ങളുടെ വില്‍പ്പനക്കടകള്‍...
വരാന്തയില്‍ ഒരു പുരുഷന്‍ തന്നെക്കാത്ത് ചിരിച്ചുകൊണ്ടു നില്‍ക്കുന്നുണ്ടായിരുന്നു. അപ്പുറത്തുനിന്നും നിദ്രയുടെ സംഗീതം ഇങ്ങോട്ടു പടര്‍ന്നു. അത് നിര്‍വൃതിയുടെ രാഗത്തിലുള്ളതായിരുന്നു.
തനിക്കിതിനുമപ്പുറം മറ്റെന്തെങ്കിലും ചെയ്യാന്‍ കഴിയുമായിരുന്നോ? കല്‍ക്കത്തയുടെ നിഗൂഢമായ അന്ധകാരത്തിന് അതിനുത്തരം നല്‍കാന്‍ ഒരിക്കലും കഴിയുകയില്ല. കാരണം താന്‍ തൃക്കരിപ്പൂര്‍ പെണ്‍കുട്ടിയാണ്. തനിക്കുചുറ്റും ഇരുട്ടാണ.് കൂരിരുട്ട്...

2013-14 വര്‍ഷം സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ കഥാരചനയ്ക്ക് ഒന്നാം സ്ഥാനം നേടിയത് സായൂജ്യ വിജയനാണ്.
ഇപ്പോള്‍(2014-15) കാസര്‍ഗോഡ് ജില്ലയിലെ സൗത്ത് തൃക്കരിപ്പൂര്‍ ഗവ. ഹയര്‍സെക്കന്ററി സ്‌കൂള്‍ പത്താം തരം വിദ്യാര്‍ത്ഥിനി.