പെണ്ണ്

പെണ്ണ്
സായൂജ്യ വിജയന്‍
സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ ഒന്നാം സ്ഥാനം നേടിയ കഥ 2013-14

ഇന്നലെ മഴ പെയ്തിരുന്നോ? ആകാശത്ത് അതിന്റെ ബാക്കിയെന്നപോലെ കാര്‍മേഘച്ചുരുളുകളുണ്ടായിരുന്നു. അതോ അവ പെയ്യാന്‍ വെമ്പുകയാണോ? ശാസ്ത്രിയുടെ വീട്ടില്‍നിന്നാകണം ശങ്കരാഭരണം ഒഴുകിയെത്തുന്നുണ്ടായിരുന്നു. പണ്ട് അവ എത്രതവണ തന്നെ തഴുകിയതാണെന്നറിയാമോ? പക്ഷേ ഇന്ന് അവ അനുദൈര്‍ഘ്യതരംഗങ്ങളായി മാധ്യമത്തന്റെ ചലനദിശയ്ക്ക് സമാന്തരമായി ചലിച്ചുകൊണ്ടിരിക്കുകയാണ്. ഒരിക്കലും കൂട്ടമുട്ടാതെ....തരംഗിണിയില്‍ ഇന്നാരുടെ പടമാണ്? റോഡരികത്ത് വലിയ പോസ്റ്ററുണ്ടായിരുന്നു. പണ്ട് ആരും കാണാതെയെങ്കിലും അവ നോക്കിനിന്നിട്ടില്ലേ? എപ്പോഴോ അളക ക്ലാസില്‍ കൊണ്ടുവന്ന ചുവന്ന കവറുള്ള മാസിക കൈയില്‍ കിട്ടിയപ്പോഴും ടീച്ചറെ കാണിക്കാതെ വൈകുന്നേരം പാറക്കൂട്ടത്തിനിടയിലിരുന്ന് താനും യാമിനിയും കൂടെ എന്താണ് ചെയ്തിരുന്നത്? യാമിനി -അവളെ ഇന്ന് കണ്ടിരുന്നില്ല. കാറ്റത്ത് ഇളകിക്കളിക്കാറുള്ള അവളുടെ കട്ടിച്ചുവപ്പു റിബ്ബണ്‍ മിന്നില്‍പ്പിണര്‍ പോലെ എവിടെയോ കണ്ടതല്ലാതെ....അവള്‍ തന്നെത്തേടി വരുമെന്നാണ് കരുതിയിരുന്നത്. ഇനിയൊരുപക്ഷേ അവളും ഇടനാഴിച്ചുമരുകള്‍ക്കിടയിലായിരുന്നുവോ? തന്നെയും ശേഖറിനെയും പോലെ. ഹൈസ്‌കൂളില്‍ നിന്റെ ചുണ്ടുകള്‍ താമരയിതളാണ് എന്നവന്‍ പറഞ്ഞപ്പോഴും യു.പി. ക്ലാസില്‍ അവനെന്നോടു കണ്ണിറുക്കിയപ്പോഴും അവന്റെ പൊടിമീശ നോക്കിയിരുന്നപ്പോഴും ഒക്കെ ഒരു പെണ്ണ് തന്റെയുള്ളില്‍ വല്ലാതെ കിതയ്ക്കുകയായിരുന്നു. സ്‌കൂളിലെ വണ്‍ഡെ ടൂറിനു പോകാന്‍ അവനെത്ര കൊഞ്ചിയതാണ് പക്ഷേ....
മാനം ചുവന്നിരിക്കുന്നു. മണ്ണ് കാണാതെ സൂര്യന്‍ എപ്പോഴാണവളെ ചുംബിച്ചത്? കടല്‍ത്തീരത്തെ മണ്ണ് ഇപ്പോള്‍ കടലും സൂര്യനും ഒന്നാവുന്നത് നോക്കിയിരുന്ന് കരയുകയാവും. കടല്‍ത്തീരത്തെ മണ്ണ് എപ്പോഴും നനഞ്ഞിരിക്കുന്നത് അതുകൊണ്ടാണോ?
ഈയിടെയായി പകലു വളരെ കുറവാണ്. ദൂരെ ദക്ഷിണധ്രുവത്തിലിരുന്ന് ഇരുട്ടിന്റെ പ്രവാചകന്‍ വെളിച്ചത്തെ തിന്നുതീര്‍ക്കുന്നതുപോലെ.
ഇന്ന് നാട്ടുക്കൂട്ടമുള്ള ദിവസമാണ്. അതുകൊണ്ടാണ് നാട്ടുപാതയിലൂടെ പോവാതെ ഇടവഴിയിലൂടെ കയറിപ്പോകുന്നത്. വഴിക്കിരുവശത്തുമുള്ള പറങ്കിമാവില്‍ തോട്ടങ്ങളില്‍നിന്നും പറങ്കിമാങ്ങയുടെ രൂക്ഷഗന്ധം തന്റെ ഉടലിന്റെ വിഴുപ്പുഗന്ധവുമായി ഒന്നുചേരാന്‍ തുടങ്ങിയിരുന്നു.
ദൂരെ ഒരു പൊട്ടുപോലെ വീടു കാണാമായിരുന്നു. തന്റെ കാലുകളയഞ്ഞിട്ടും തുരുമ്പിന്റെ പരുക്കന്‍ ശബ്ദത്തോടെ കറങ്ങിക്കൊണ്ടിരിക്കുകയാണ്. തന്റെ സൈക്കിള്‍ ബ്രേക്കില്ലാത്തതാണ്.
മുറ്റത്ത് കട്ടിലില്‍ അക്കതന്നെ കാത്തിരിക്കുന്നുണ്ടായിരുന്നു. അക്കയോട് ഒന്നു പുഞ്ചിരിക്കണമെന്നു കരുതിയതാണ്. കഴിഞ്ഞില്ല. അക്കയുടെ മടിയിലുറങ്ങുന്ന ഛോട്ടുവിനെ നോക്കാതിരികാന്‍ പലവട്ടം ശ്രമിച്ചതാണ്. അവന്റെ വരണ്ട ചുണ്ടുകളും ഒട്ടിയവയറും കണ്ടപ്പോള്‍.... അല്ലെങ്കിലും തനിക്കതിനു കഴിയുമായിരുന്നോ?
മുറിക്കകത്തെ ഇരുട്ട് തന്നെ കുത്തിനോവിച്ചുകൊണ്ടിരുന്നു. ഓലക്കീറുകള്‍ക്കിടയിലൂടെ പാഞ്ഞെത്തിയ വെളിച്ചത്തിന്റെ നേര്‍ത്ത പാളി തന്നെ വീണ്ടും വേട്ടയാടുകയാണ്. ഘോരമായ ഒരു നിലവിളി തന്റെ ഹൃദയഭിത്തികളില്‍ തട്ടി പ്രതിധ്വനിച്ചുകൊണ്ടിരുന്നു. അത് തീര്‍ച്ചയായും ഹൃദയസ്പന്ദനമായിരുന്നില്ല. ഭൂതകാലത്തിന്റെ നിഗൂഢമായ ചുഴിക്കുത്ത് തന്റെ രക്തത്തെ ഇളക്കിമറിക്കുകയാണ്.
രാത്രികള്‍.... ജനലഴികള്‍ക്കിടയിലൂടെ എത്തുന്ന നിലാവ് തന്റെ മാറിടത്തെ ഇക്കിളിപ്പെടുത്താതിരുന്ന രാത്രികള്‍. ശങ്കരാഭരണം പോലും തന്നെ ഇഞ്ചിഞ്ചായി കൊന്നിരുന്ന രാവുകള്‍. കണ്ണുകള്‍ ശേഖറിനെ കൊതിക്കാതിരുന്ന രാവുകള്‍. ഉറക്കത്തിന്റെ നീലിച്ച പാടുകള്‍ തന്റെ കണ്ണുകളെ വേദനിപ്പിച്ചിരുന്ന രാവുകള്‍.... കുപ്പിവളകള്‍ ഉടയുകയായിരുന്നു. താന്‍ കുതറിയില്ല. നിലവിളിച്ചില്ല. കാരണം തന്റെ നെറുകയിലും അയാളുടെ നെഞ്ചിലും സിന്ദൂരക്കടലായിരുന്നു. അയാള്‍-അതെത്ര വിചിത്രമാണ്. അക്കയും രമണയ്യയും പ്രണയിച്ചു വിവാഹം കഴിച്ചവരാണ്. അവരുടെ പ്രണയകാലത്ത് കത്തുകള്‍ കൈമാറാനുള്ള ബ്ലൂടൂത്തും കൂടിക്കാഴ്ചകളുടെ സെക്യൂരിറ്റിയും താനായിരുന്നു. അക്കയുടെ പതിനഞ്ചാം വയസ്സിലായിരുന്നു കല്യാണം. കടക്കെണിയില്‍പ്പെട്ട് കെട്ടിത്തൂങ്ങിയ അപ്പയുടെ ഒഴിവായിരുന്നു രമണയ്യ നികത്തിയത്. അയ്യാവുടെ തോളില്‍ക്കേറി പൂരപ്പറമ്പുകളിലും സിനിമാക്കൊട്ടകളിലും പോയത്. ആനകളിച്ചത്....ഉള്ളതില്‍ വെച്ച് ഏറ്റവും നല്ല വസ്ത്രങ്ങള്‍ അയ്യ വാങ്ങിത്തന്നിട്ടുള്ളതാണ്. കഴിച്ചിട്ടുള്ളതില്‍ വെച്ച് ഏറ്റവും നല്ല പലഹാരങ്ങള്‍ അയ്യ കൊണ്ടുവന്നിട്ടുള്ളതാണ്. പിന്നീടെപ്പോഴാണ്.... തന്റെ പാവാടത്തുമ്പില്‍ ചോരത്തുള്ളികള്‍ കണ്ടുതുടങ്ങിയപ്പോള്‍. അല്ല അപ്പോഴായിരുന്നില്ല ഓരോ മാസവും പുഷ്പകാലം അക്കയില്‍നിന്ന് വഴിതെറ്റിപോയപ്പോഴാണ്. ഓരോ മാസവും അക്കയുടെ കണ്ണിലെ നിഴലനക്കം തന്നെ ഞെട്ടിച്ചിരുന്നു. അയ്യ ഒടുവില്‍ അതറിഞ്ഞു. അക്ക എന്തുമാത്രം കരഞ്ഞിരുന്നു?. അയ്യ പിന്നീട് ചില്ലുകുപ്പികള്‍ക്കും പായ്ക്കറ്റുകള്‍ക്കും പിറകെ ഭ്രാന്തമായി അലയുകയായിരുന്നു. അക്കയുടെ കണ്ണുകള്‍ പിന്നീടൊരിക്കലും പഴയതുപോലെ തിളങ്ങിയിട്ടില്ല. തന്റെയത്ര നിറമില്ലെങ്കിലും എന്തു ഭംഗിയായിരുന്നു അക്കയെക്കാണാന്‍! അന്നൊരുദിവസം അക്ക തന്നോടു ചോദിച്ചു. നിനക്ക് നമ്മുടെ കുടുംബത്തെ രക്ഷിക്കാനാകുമോ? രമണയ്യ നമ്മുടെ നെടുംതൂണാണ്.
കുഞ്ഞുകവിതകളുടെയും കഥകളുടെയും ലോകത്തു ജീവിച്ച തനിക്ക് അതിന്റെയര്‍ത്ഥം മനസ്സിലാകുമായിരുന്നു. നിരുപാധികമായ ആത്മബലിയായിരുന്നില്ലേ തന്റേത്? കടപ്പാടുകളുടെ ക്രൂരമായ പരിണയം? എങ്ങും അവിശ്വാസത്തിന്റെ അന്ധകാരം.
ഒരു സന്ധ്യയില്‍ കഷ്ണങ്ങളാക്കി തുന്നിക്കെട്ടിയ വെള്ളത്തുണിക്കെട്ട് വീട്ടുമുറ്റത്തെത്തിയപ്പോള്‍ താനും അമ്മയും മാത്രമാണു കരഞ്ഞത്. എന്തായിരുന്നു സംഭവിച്ചത്? എന്തോ അപകടമായിരുന്നത്രെ. കനവടഞ്ഞ ജനല്‍പ്പാളികളേക്കാള്‍ കിനാവുടഞ്ഞ രാവുകളേക്കാള്‍ തനിക്കോര്‍മ്മവന്നത് പൂരപ്പറമ്പുകളും കൊട്ടകകളുമായിരുന്നു. ഇതുവരെയില്ലാത്ത എല്ലുനുറുങ്ങുന്ന വേദന. പാവാടച്ചരട് മുറുകുന്നതുപോലുള്ള വേദന. നിറമില്ലാത്ത നിഴലുകള്‍..... അയാളുടെ തലയ്ക്കല്‍ കത്തിനിന്ന നിലവിളക്ക് എണ്ണവറ്റി പുകയാന്‍ തുടങ്ങിയിരുന്നു.
തന്റെ അടിവയറിന്റെ മാസഘടികാരം നിലച്ചിരുന്നു. മാറുകനത്ത് മുലക്കണ്ണ് കറുക്കുമ്പോള്‍ താന്‍ മണലാരണ്യത്തിലെ മുള്‍ച്ചെടിയാവുകയായിരുന്നു.
താന്‍ ഇന്ന് കുറേ നാളുകള്‍ക്കുശേഷമാണ് സ്‌കൂളില്‍ ചെല്ലുന്നത്. പ്രിയപ്പെട്ടവരെ കണ്ടിരുന്നില്ല. മൊബൈല്‍ മെസേജ് രൂപത്തിലും പത്രപ്പരസ്യരൂപത്തിലും കുത്തുവാക്കുകള്‍ തനിക്കുനേരെ തിരിഞ്ഞിരുന്നു. തനിക്കിതു വേനല്‍ക്കാലമാണ്. വറ്റിവരണ്ട വേനല്‍ക്കാലം
രാത്രി ഉണര്‍ന്നിരിക്കുന്നു. ക്ലോക്കിന്റെ പെന്‍ഡുലം പിശാചിന്റെ അലര്‍ച്ചപോലെ മണി എട്ടടിച്ചു. തന്റെ മനസ്സ് ശവപ്പറമ്പാണ്. മരിച്ചവന്റെ ഗന്ധം പേറുന്ന, പുകയും അസ്ഥികളും മാത്രം നിലനില്‍ക്കുന്ന ശവപ്പറമ്പ്
ഛോട്ടു ഉറങ്ങിയിരിക്കുന്നു. അപ്പോഴും തന്റെ മുലക്കണ്ണുകള്‍ വായില്‍ത്തന്നെയായിരുന്നു.