Thursday, November 29, 2007

Ahammed Pallikere




കാട്ടുപൊന്തകളിലും വിജനതകളിലും ഒറ്റപ്പൂവിരിയുന്നത്‌ വസന്തം സൃഷ്ടിക്കാമെന്ന വ്യാമോഹംകൊണ്ടല്ല. മന്തോപ്പുകളിലും കാനനപ്പടര്‍പ്പുകളിലുംമിരുന്ന്‌ ഒറ്റക്കിളി പാടുന്നത്‌ സംഗീതക്കാവ്‌ ഒരുക്കാമെന്ന വ്യാമോഹം കൊണ്ടല്ല. താരാപഥക്കോണുകളില്‍ ഏകാന്തമായി ഒരു നക്ഷത്രം വിരിയുന്നത്‌ വെളിച്ചത്തിര സൃഷ്ടിക്കാമെന്ന വ്യാമോഹം കൊണ്ടല്ല. നന്നേ സ്വാഭാവികമായി, തീര്‍ത്തും നൈസര്‍ഗ്ഗികമായ അവ വിരിയുകയും പാടുകയും ചെയ്യുന്നു - ജീവന്റെ പ്രാര്‍ത്ഥനപോലെ. എല്ലാ വിരിയലുകളിലും ഒരു പ്രാര്‍ത്ഥനാഭാവമാണ്‌. ജന്മത്തിന്റെ പ്രാര്‍ത്ഥനയാണ്‌. നിലനില്‍പിന്റെ പ്രാര്‍ത്ഥനയാണ്‌. സര്‍ഗ്ഗസിദ്ധിയുടെ പ്രാര്‍ത്ഥനയാണ്‌. �അഹ്മദ്‌ പള്ളിക്കരയുടെ പാട്ടുകള്‍ മനസ്സിന്റെ ആഴങ്ങളില്‍ വീഴുമ്പോള്‍ നാം ഈ പ്രാര്‍ത്ഥനയുടെ ഈണം അറിയുന്നു. ഈ പ്രാര്‍ത്ഥനയുടെ രാഗവും താളവും അറിയുന്നു. ഈശ്വരീയമായൊരു മഹാവെളിച്ചത്തിലേക്ക്‌ നമ്മുടെ മനസ്സ്‌ ഉന്മുഖ മാകുന്നു.നേര്‍വഴികളിലേക്കുള്ള മുഖംതിരിപ്പാണ്‌ അഹ്മദ്പള്ളിക്കരയുടെ പാട്ടുകള്‍. ഈ കവി ഒറ്റയ്ക്കിരുന്ന്‌ പാടുന്ന കിളി പോലെ കാട്ടുപൊന്ത യിലും വിജന തകളിലും വിരിഞ്ഞ്‌ സുഗന്ധം പ്രസരിപ്പിക്കുന്ന ഒറ്റപ്പൂപോലെ. ആകാശക്കോ ണി ലെ ഏകാന്തതാ ര കംപോലെ. വിരിഞ്ഞും സുഗ ന്ധം പരത്തിയും പൂക്കാലം വരുത്താമെന്നോ സംഗീതവും വെളിച്ച വുംകൊണ്ട്‌ ജീവിത പ്പെരുന്നാളുകള്‍ സൃഷ്ടിക്കാ മെന്നോ അഹ്മദ്‌ പള്ളിക്കര വ്യാമോഹിക്കുന്നില്ല. പള്ളിക്കരയില്‍ ദാരിദ്ര്യം തിമര്‍ത്താടിയപ്പോഴും ഗള്‍ഫ്‌ സമ്പന്നത പണത്തിരകളൊരുക്കിയപ്പോഴും അദ്ദേഹം പാടുക തന്നെയായിരുന്നു. ഒറ്റയ്ക്ക്‌, നന്നേ ഒറ്റയ്ക്ക്‌. ഓലയും മുളിയുമിട്ട്‌ വീടുകളെല്ലാം പൊന്മാടങ്ങ ളാകുമ്പോഴും തന്റെ കൊച്ചുകൂര യിലിരുന്ന്‌ അദ്ദേഹം പാടുക തന്നെയാ യിരുന്നു, ഒറ്റയ്ക്ക്‌; നന്നേ ഒറ്റയ്ക്ക്‌. ചുറ്റുവട്ടങ്ങളില്‍ ആര്‍ഭാട ങ്ങള്‍, സുഖസന്തോഷമഹോത്സവങ്ങളായി പുള ഞ്ഞു തിമര്‍ക്കുമ്പോള്‍ തിന്മയുടെ കരിങ്കൂരിരുട്ട്‌ താണ്ഡവനൃത്തമാടുമ്പോള്‍ സ്വന്തം കൊച്ചു കൂരയില്‍ ഓടലെണ്ണ വിളക്കിന്റെ ഇത്തിരി വെട്ടത്തില്‍ എല്ലാവരും ഉറങ്ങിക്കിടക്കുമ്പോഴും ഉണര്‍ന്നിരുന്ന കവി. ഭര്‍ത്തൃഹരിയെക്കുറിച്ച്‌ വിഷ്ണുനാരായണന്‍ നമ്പൂതിരി കവിത എഴുതി യിട്ടുണ്ട്‌. എല്ലാ കവികളും ഇങ്ങനെതന്നെ. എല്ലാ പാട്ടുകാരും ഇങ്ങനെതന്നെ. അഹ്മദ്‌ പള്ളിക്കരയി ലായിരുന്നല്ലോ? മനസ്സിനെ പള്ളിയാക്കി അതിന്റെ ഒരു കരയിലിരുന്ന്‌ ഒറ്റയ്ക്ക്‌ പാടുമ്പോള്‍ ആ പാട്ടുകളെല്ലാം പ്രാര്‍ത്ഥനകളാകുന്നു. പുതിയ പള്ളിക്കരയില്‍ പള്ളികളേറെയുണ്ടാവാം. പള്ളി കള്‍ക്കു കരകള്‍ക്കും പ്രൗഢി കൂടിയിട്ടുണ്ടാവാം. പള്ളികള്‍ക്കകത്ത്‌ പ്രാര്‍ത്ഥനയ്ക്കായി നിറയുന്ന വരുണ്ടാകാം. പക്ഷെ, മനസ്സ്‌ പള്ളിയാകാതി രിക്കുമ്പോള്‍ ആര്‍ഭാടങ്ങള്‍ വന്നു നിറയുന്നു. പാട്ടുകളൊഴിയുന്നു. ഹൃദയപൂര്‍വ്വമായ പ്രാര്‍ത്ഥന കള്‍ വറ്റുന്നു. അപ്പോഴും ഈ പാട്ടുകാ രന്‍ ഇങ്ങനെ പ്രാര്‍ത്ഥനാ നിരതനാവുന്നു:"രാപ്പകലൊരുപോലെ ഇരുകരങ്ങളും നീട്ടിരാജാധിരാജാ തേടിടുന്നെ"രാവിലും പകലിലും ഒരുപോലെ പ്രാര്‍ത്ഥനാ നിരതനായിരിക്കുന്ന ഒരു വ്യക്തിയുടെ ചിത്ര മാണല്ലോ ഇവിടെയുള്ളത്‌. രാത്രയിലും പക ലിലുമുള്ള ഇസ്ലാമിക പ്രാര്‍ത്ഥനകളെ ക്കുറിച്ചുളള ചൂണ്ടിക്കാട്ടല്‍ മാത്രമല്ല ഇവിടെ യുള്ളത്‌. ജീവിതം ഇരുണ്ട്‌ കാളിമ പരത്തുമ്പോഴും വെളുത്ത്‌ ഉല്ലാസഭരിതമാകുമ്പോഴും താന്‍ ഒരുപോലെ പ്രാര്‍ത്ഥനാനിരതനായിരുന്നു എന്നാണ്‌. ഇത്‌ മനസ്സിന്റെ ഏകാഗ്രതയെ വെളിപ്പെടുത്തുന്നു. ഇത്‌ മനസ്സിന്റെ ദൈവികമായ ഉന്‍മുഖതയെ ചൂണ്ടിക്കാട്ടുന്നു. നിറയും സന്താപങ്ങളിലും വിളയും സന്തോഷങ്ങളിലും സ്വന്തം മനസ്സ്‌ തിമര്‍ ക്കുന്നില്ല എന്ന്‌ ധ്വനിപ്പിക്കുന്ന മനസ്സിന്റെ പള്ളിക്കരയില്‍ തന്നെ കഴിയാന്‍ കഴിഞ്ഞുവെന്ന തുകൊണ്ടാണ്‌ ഈ പാട്ടുകാരന്‌ കരളുറപ്പ്‌ ലഭ്യമായത്‌. "അവനിയൊരത്ഭുത പൂവാടിയായി, അനവധി പര്‍വ്വത നിരചൂടി, അലയാഴികളാല്‍ ചുറ്റും മൂടി അലങ്കരിച്ചവനായ്‌" അല്ലാഹുവി ലേക്കാണ്‌ കവിയുടെ പ്രാര്‍ത്ഥനകളെല്ലാം നീണ്ടു ചെല്ലുന്നത്‌. ആ ദൈവീക സൗന്ദര്യങ്ങളെ കാണുമ്പോള്‍"രാക്കുയില്‍ പാടും സംഗീതംരാഗവിലോല മധുഗീതംരോമാഞ്ചകഞ്ചുക മണിനാദംറഹ്മാനെ നിന്‍സ്തുതിഗീതം"- എന്ന തിരിച്ചറിവുണ്ടാകുന്നത്‌. ജീവിത പരിസ രങ്ങളെല്ലാം ലൗകിക ജീവിതസുഖ പ്പൂങ്കാ വനങ്ങളാകുമ്പോള്‍ അതില്‍നിന്ന്‌ മുഖംതിരിച്ച്‌ നില്‍ക്കാനും ഇങ്ങനെ പ്രാര്‍ത്ഥനാ നിരത നാവാനും കാരണം ആത്മബോധം തന്നെയാണ്‌."മരിക്കാന്‍ പിറന്ന ദേഹംമറയാനില്ല ഉപായംമധുരക്കിനാക്കളാകെമലര്‍ചൂടിടാത്ത ലോകെ"ഈ വരികളില്‍ ജീവിതത്തിന്റെ ക്ഷണികത യെകുറിച്ചുള്ള തത്വചിന്തമാത്രമല്ല; ഒരു ജീവിതാനുഭവച്ചുരുക്കവുമുണ്ട്‌. ഈ ബോധ ത്തില്‍നിന്നാണ്‌ 'ഈമാനിന്റെ മതിപൂത്ത ആകാശത്തേക്ക്‌ മനസ്സ്‌ തിരിയു ന്ന ത്‌. 'ഇസ്ലാം ദീന്‍ തന്ന തൗഹീദിന്റെ തേനി'നെ കണ്ടെ ത്തുന്നത്‌. അപ്പോള്‍ സ്വാഭാവികമായും ഒരു പ്രാര്‍ത്ഥന ഉയരുന്നു."്നിസ്സീമസ്നേഹത്തിന്‍ കുളിരലകളാലെന്നെതഴുകിത്തരേണം തമ്പുരാനേ"ഭാഷയും സാഹിത്യവും കവിതയും വ്യാകര ണവും അലങ്കാരശാസ്ത്രവും പഠിച്ച്‌ പാട്ടെഴു ത്തുകാരനായ ആളല്ല പള്ളിക്കര അഹ്മദ്‌. മാപ്പിളപ്പാട്ടുകളുടെ മലര്‍ക്കാവില്‍ ആ സംഗിത സാന്ദ്രതയത്രയും കേട്ടുപഠിച്ചയാളാണ്‌. അതുകൊണ്ടാണ്‌ അദ്ദേഹത്തിന്റെ പാട്ടുകള്‍ ഏകാന്തതയില്‍ അനുസ്മൃതമാകുന്ന ശക്തി യേറിയ വികാരങ്ങളുടെ പ്രവാഹമാ കുന്നത്‌. ഈ വികാരങ്ങളുടെ കേന്ദ്രതടമാകട്ടെ മാതൃ സംസ്കാരവും. ആ ഇസ്ലാമിക സംസ്കൃതി യില്‍പെട്ടതും കാലാകാലങ്ങളായി മുസ്ലിമീങ്ങള്‍ പറഞ്ഞുവരുന്നതുമായ സംഭവങ്ങളാണ്‌ അദ്ദേഹ ത്തിന്റെ പാട്ടുകളിലെ വിഷയങ്ങള്‍. ശേഖരി ക്കപ്പെട്ടിട്ടുള്ള പാട്ടുകളില്‍ 95% ലധികവും ഇതിവൃത്തം ഇത്തരംതന്നെ. ഇസ്ലാമിക സംസ്കൃതിയിലെ അപൂര്‍വ്വ സുന്ദരങ്ങളായ, അചുംബിതമായ ഇതിവൃത്തങ്ങളാണെന്നും അഹ്മദ്‌ കണ്ടെടുക്കുന്നില്ല. അവതരി പ്പി ക്കു ന്ന പഴങ്കഥകള്‍ക്ക്‌ തന്നെ നവമാനങ്ങള്‍ ന ല്‍കു ന്നില്ല. സ്വന്തം അറിവിന്റെയും ഭാഷാ ബോ ധ ത്തിന്റെ താളബോധത്തിന്റെയും പരിമിതി ക ളില്‍ നിന്നുകൊണ്ട്‌ ഈ പാട്ടുകാരന്‍ സ്വന്തം ശക്തി ദൗര്‍ബല്യങ്ങള്‍ പ്രകടമാക്കുന്നു. മാപ്പിളപ്പാട്ടിലെ ഭാഷയല്ലാതെ മലയാളകവിതയിലെ ഭാഷ അദ്ദേഹത്തില്‍ ഇത്ര സ്വാധീനമുണ്ടാക്കിന്നില്ല. വര്‍ത്തമാനകാലം വല്ലപ്പോഴും മാത്രമേ വേറിട്ട സ്വരമായിയെന്ന്‌ കേള്‍ക്കുന്നുളളൂ. അങ്ങനെ അവ കടന്നുവരുന്നതു പോലും മാതൃസംസ്കൃ തിയുടെ മഹിമയെ ദൃഢപ്പെടുത്താന്‍ വേണ്ടി മാത്രമാണ്‌.മാതൃസംസ്കൃതിയുടെ പാട്ടുകാരന്‍ എന്ന നിലയില്‍ പള്ളിക്കര അഹ്മദ്‌ ആവര്‍ത്തി ച്ചാവര്‍ത്തിച്ച്‌ പാടുന്നത്‌: "മണ്ണില്‍ തൗഹീദ്‌ ഊട്ടിത്തന്ന മുത്തോരും അല്‍ അമിനോരും തിങ്കള്‍ പൊന്നൂറും അഷ്‌റഫുല്‍ ഖല്‍ഖും ഖാത്തിം തങ്കക്കതിരോരും അംബര തട്ടേലും ഏറിവന്ന പുന്നാരു" മായ ത്വാഹാറസൂലിന്റെ സല്‍വഴിയെ ക്കുറിച്ചാണ്‌. ആ നബിയുടെ ജന്മദിനം കവിക്ക്‌ മനസുരരാഗം പാടിയ സുദിനമാണ്‌. മാനവ മോചനദിനമാണ്‌. അതിനാല്‍ രക്ഷാകവചം ആ മലര്‍പാതയാണ്‌. കാലമാകുന്ന ഇരുളിന്റെ കയ ത്തില്‍ കണ്ണുകാണാതലയുന്ന ജഗത്തില്‍ കാത്തു കാത്തുദിച്ചൊരു സൂര്യനാണ്‌ ഖാത്തിമന്‍ നബിയായ ആ ഗുരുവര്യന്‍."പൊന്‍, പൊന്‍, പൊന്‍ മതി മുഹമ്മദ്‌ചര്യ തേടിപാടി പോ, പോ, പോ"- എന്നാണ്‌ ഈ പാട്ടുകാരന്റെ അഭ്യര്‍ത്ഥന.മാതൃസംസ്കൃതിയുടെ നിറവും തിറവും മലരും മണവും കതിരും കനവും ഇളിവും വെളിവും തെളിവുമായ ഈ പാട്ടുകളിലൂടെ സഞ്ചരിക്കുന്ന സഹൃദയന്‍ സമ്പന്ന വമ്പന്മാരെ തിരസ്ക രിക്കുകയും പ്രവാചകനെ സ്വീകരിക്കുകയും സ്വന്തം സമ്പത്തത്രയും ദീനിയായി നല്‍കി ദരദ്രയായി മരിക്കുകയും ചെയ്ത ഖദീജീബീവിയെ അറിയുന്നു. യുദ്ധക്കളത്തില്‍ മുറിവേറ്റു ദാഹിച്ചുപിടയുമ്പോഴും സ്വയം കുടിക്കാതെ കൂടെ കിടക്കുന്ന സഹോദരങ്ങള്‍ക്ക്‌ വെള്ളംനല്‍കിയ തബുക്ക്ക്‌ യുദ്ധത്തിലെ വീരപോരാളികളെ അറിയുന്നു. ശിരസ്സാറാം വയസ്സോളം നീണ്ടവനും ദൈവപ്രീതിക്കായി നോമ്പെടുത്ത്‌ മരിച്ചവനുമായ ബാലനെ കാണുന്നു. സുലൈഖാബീവിയുടെ സ്വര്‍ഗ്ഗീയ സൗന്ദര്യത്തില്‍ വീഴാത്ത യൂസുഫ്‌ നബിയെ അറിയുന്നു. തരിമണല്‍പോലും കോരി ത്തരിക്കുന്നവിധത്തില്‍ ഇസ്ലാമിനുവേണ്ടി പോരാടിയ ഹംസയെ കാണുന്നു. യാചിച്ചുവന്ന ഫഖീറിന്‌ ദാനംചെയ്യാന്‍ ഒന്നുമില്ലാത്തതിനാല്‍ കഴുത്തിലുണ്ടായിരുന്ന പൊന്‍താലി അഴിച്ചു കൊടുത്ത ഫാത്തിമാബീവിയെ പരിചയപ്പെടുന്നു. ആത്മരക്തം കൊണ്ട്‌ ജീവിതത്യാഗചരിത്രം എഴുതിയ ബദ്‌രീങ്ങളെ കാണുന്നു. പിതാവും പുത്ര നുമായ രണ്ട്‌ പ്രവാചകന്മാരുടെ മഹാഭക്തിയെ അറിയുന്നു. കത്തിക്കാളിയ കര്‍ബാലായിലെ രക്തനക്ഷത്രമായി വിരിഞ്ഞ ഇമാം ഹുസൈനെ കാണുന്നു. വിമോചനത്തിന്റെ പുതിയ തത്വ ശാസ്ത്രം പടച്ചവനും അടിമുടികറുത്തവനും ആത്മാവ്‌ വെള്ളാമ്പല്‍പൂവുമായ ബിലാലിനെ അറിയുന്നു. വിവാഹ രാത്രിയില്‍ പ്രിയതമയെ ഇപേക്ഷിച്ച്‌ സമദിന്റെ സരണിയില്‍ ദീപം കൊളുത്താന്‍ പോയി വീരസ്വര്‍ഗ്ഗം പ്രാപിച്ച ഹന്‍ളലത്തിനെ പരിചയപ്പെടുന്നു- ഇങ്ങനെ നേരിന്റെ വഴികള്‍ അനേകങ്ങളുണ്ടെന്നും ആ വഴിയാണ്‌ സംസ്കൃതിയുടെ വഴിയെന്നും ആ പൊന്മതി മുഹമ്മദ്‌ ചര്യതേടിപ്പോ എന്നുമാണ്‌ ഈ പാട്ടുകളിലെ അര്‍ത്ഥന.ഈ നേര്‍പ്പാതകള്‍ കൈയൊഴിച്ച്‌ ലോകത്തെ കാണുന്ന അഹമ്മദിന്റെ മനസ്സിന്റെ പിടച്ചിലാണ്‌ പാട്ടായി പിറവികൊള്ളുന്നത്‌. കണ്ടാലും കൊണ്ടാലും ഭേദിക്കപ്പെടാത്ത ഒരു ഭീകരമൗനം അദ്ദേഹം മാതൃസമുദായത്തില്‍ കാണുന്നു. മുത്തായ നബിചര്യ വിട്ടതിന്റെ ദു:സ്ഥിതികള്‍ കാണുന്നു. പാമ്പുകള്‍ ചീറ്റുന്ന ചുറ്റുവട്ടങ്ങള്‍ നിറയുന്നു. കരവാള്‍ തലകള്‍ മിന്നുന്നതും കുഫ്‌റില്‍ ആട്ടങ്ങള്‍ കലിതുള്ളി ഉറയുന്നതും കാണുന്നു. ഇബിലീസിന്റെ മാണിക്യകൊട്ടാരം ഉയരുന്നു. ഫിര്‍ഔനും ആമാനും നിറയുന്നു. പാരാകെ നംറൂദിന്റെ പ്രതിരൂപങ്ങള്‍ നിറയുന്നു.ഈ കാഴ്ചകള്‍ നല്‍കുന്ന അസ്വാസ്ഥ്യങ്ങളെ സംസ്കൃതിയുടെ പൂര്‍വ്വകാല വിശുദ്ധികൊണ്ട്‌ മറികടക്കാനാണ്‌ കവിയുടെ ശ്രമം. അപ്പോള്‍:"മനസ്സില്‍ ഈമാനിന്റെ രത്നമാലമെയ്യില്‍ ഹയാഹിന്റെ പട്ടുചേലമൊഴിയില്‍ സബൂറിന്റെ മധുരചേലാമിഴിരണ്ടില്‍ സ്നേഹം തുളുമ്പും ലേല"- യായി നബിമകള്‍ ഫാത്തിമ തെളിഞ്ഞുവരുന്നു. ഇത്‌ ഒരു മാതൃകയാണ്‌. സാര്‍വ്വലൗകികവും സാര്‍വ്വ കാലികവുമാകേണ്ട മാതൃക. ഈ മാതൃകയെ ആര്‍ത്തുസല്‍ക്കരിക്കാനായാല്‍ ജീവിതത്തില്‍ പെരുന്നാളമ്പിളി വിരിയും. അറഫയുടെ മാറില്‍ വിശുദ്ധപൂക്കള്‍ വിരിയും. ഈന്തപ്പനകളില്‍ തക്ബീര്‍ കിളികള്‍ നിറയും. ഓണത്തുമ്പികള്‍ പുതിയ ഈശലുകള്‍മൂളും. പുഷ്പദലങ്ങളില്‍ നീഹാരബിന്ദുക്കള്‍ ഇരുണ്ടുനില്‍ക്കും. അപ്പോള്‍"നോക്കുമ്പോളൊരു കെസ്സ്‌ പാടുവാന്‍തോന്നിപ്പോകുന്നു നെഞ്ചില"എന്നിങ്ങനെ മനസ്സില്‍ കവിത നിറയും.അഹ്മദിന്റെ പാട്ടുകള്‍ കവിതയായി മാറുന്ന അനേകം സന്ദര്‍ഭങ്ങളുണ്ട്‌. കാല്‍പനിക ഭാവ ത്തിന്റെ കരകവിഞ്ഞൊഴുക്കാണല്ലോ എപ്പോഴും മാപ്പിളപ്പാട്ടുകളില്‍ കാണുന്നത്‌. അഹ്മദിന്റെ കവിതകളും അതില്‍നിന്ന്‌ ഭിന്നമല്ല. കവിമനസ്സില്‍ ഭാവങ്ങളുടെ മധുരിമ നിറയുമ്പോള്‍ താളങ്ങളില്‍ സൗന്ദര്യത്തിന്റെ സൗരഭ്യങ്ങള്‍ പ്രസരിക്കുന്നു. രസരാജനായ ശൃംഗാരത്തിന്റെ തേന്‍കൂട്‌ തന്നെയാണല്ലോ മാപ്പിളപ്പാട്ടുകള്‍. കവിതയില്‍ ഇന്ദ്രധനുസ്സ്‌ വിരിയിക്കുന്ന രസമാണത്‌. ഭക്തിയെന്നപോലെ അത്രയില്ലെങ്കിലും ശൃംഗാരര സാവിഷ്കാരത്തിലും സ്വന്തം മിടുക്ക്‌ വ്യക്തമാ ക്കുന്ന പാട്ടുകള്‍ അഹ്മദ്‌ എഴുതിയിട്ടുണ്ട്‌. വെണ്‍താമര മലര്‍പോലെ ചിരിക്കുന്നവളും കന്നിത്താമര പൂത്ത കനിയെപ്പോലെ യിരി ക്കുന്നവളും മന്നിലെ സ്വര്‍ഗ്ഗകനിയും കലമാനിന്‍ മിഴിയുമായി കഴിയുന്നവളുമായ പുന്നാര ബീവി യെകുറിച്ച്‌ എഴുതുമ്പോള്‍ തടംതല്ലിയൊഴുകുന്ന വൈകാരിക തരംഗങ്ങളെ നാം അനുഭവിച്ചറിയുന്നു.ഒരു ശ്രോതൃതടത്തില്‍ നിന്നുകൊണ്ടാണ്‌ അഹ്മദ്‌ പള്ളിക്കര പാട്ടുകളെല്ലാമെഴുതിയിട്ടുള്ളത്‌. പാട്ടുരചനയുടെ ശാസ്ത്രീയതയും ഭാവരൂപ തല്‍പൊരുത്തങ്ങളും പഠച്ചിട്ടുള്ളയാളല്ല ഈ കവി. പാട്ടെഴുതുമ്പോള്‍ കണിശമായും സൂക്ഷിക്കേ ണ്ടുന്ന പല്ലവി, അനിപല്ലവി, ചരണം തിടങ്ങിയ സാങ്കേതികവും ശില്‍പപരവുമായ പ്രശ്നങ്ങള്‍ അഹ്മദിനെ അലട്ടുന്നതേയില്ല. ആദിമാധ്യന്തങ്ങള്‍ പലപാട്ടുകള്‍ ക്കുമില്ല. ഭാവത്തെ ഔചിത്യപൂര്‍വ്വം വളര്‍ത്തിയെടു ക്കുന്നതില്‍ അദ്ദേഹം ശ്രദ്ധിക്കു ന്നില്ല. ഏതു ഘട്ടത്തിലും അഹ്മദിന്റെ പാട്ടുകള്‍ മുറിഞ്ഞു പോകാം. ഒരു ഭാവത്തെ മൂര്‍ദ്ധന്യത്തി ലെത്തിച്ച്‌ തുടര്‍ന്നെഴുതുന്ന ഒറ്റവരികൊണ്ട്‌ പാട്ടവസാനി പ്പിക്കുന്ന വിദ്യയും അദ്ദേഹത്തിന്റെ കയ്യിലുണ്ട്‌. ഒതുക്കിപ്പറയലിന്റെയും കുറുക്കിപ്പറ യലിന്റെയും ആശാനാണീ പാട്ടുകാരനെന്ന്‌ വേണമെങ്കില്‍ നമുക്ക്‌ വിശേഷിപ്പിക്കാം. സ്വന്തമാ യൊരു മനോലോകവും വികാരലോകവും അശിക്ഷിതമായ ഒരു സര്‍ഗ്ഗക്രിയാലോകവും അദ്ദേഹത്തിനു ണ്ടെന്നതാണ്‌ ഇതിനര്‍ത്ഥം. നല്ലൊരു പഠിതാവ്‌ ഇതില്‍ കുറ്റങ്ങളും കുറവുകളും കണ്ടെത്തി യേക്കാം. പക്ഷേ, പാടുന്ന ആ പാട്ടിലെ ആത്മാര്‍ ത്ഥയേയും അതില്‍ തുടിക്കുന്ന വൈകാരിക വിശുദ്ധിയേയും ആര്‍ക്കും ചോദ്യം ചെയ്യാനാവില്ല. കാരണം നേരിന്റെ ഗീതങ്ങളാണവ. നേര്‍വഴിയുടെ പാട്ടുകളാണവ.�