Thursday, November 29, 2007

Kerala Kalakal

കേരളീയ കലകള്‍


വിഭിന്നവും വിപുലവുമായ കേരള സംസ്കാരത്തെ പ്രതിബിംബിപ്പിക്കുന്നതാണ്‌ നമ്മുടെ കലകള്‍. മാനസികവും ആധ്യാത്മികവുമായ നമ്മുടെ പുരോഗതിയുടെ മാനദണ്ഡവും അതുതന്നെയാണ്‌. ഭാരതത്തിന്റെ ഇതരഭാഗങ്ങളെ അപേക്ഷിച്ച്‌ നമ്മുടെ കലകള്‍ പൗരാണികവും അര്‍വാചീനവുമായ എല്ലാ പ്രേരണകളെയും ഉള്‍ക്കൊള്ളുന്നു. അവയില്‍ചിലതെല്ലാം കേവലം പ്രാദേശികങ്ങളാണെങ്കിലും രംഗപ്രയോഗഭേദങ്ങളുടെ ചെറിയ മൊട്ടുകള്‍ എന്ന നിലയില്‍ അവഗണിക്കത്തക്കതല്ല. നമ്മുടെ സാഹിത്യത്തിന്റെ വളര്‍ച്ചയ്ക്കും ജീവിതത്തിന്റെ വികസനത്തിനും അവയെല്ലാം വളരെയേറെ സഹാാ‍യിച്ചിട്ടുണ്ട്‌. മതം, രാഷ്ട്രം, വിനോദം, തൊഴില്‍, ശാസ്ത്രം, പാരമ്പര്യം, സദാചാരം എന്നിങ്ങനെ നമ്മുടെ കലയുടെ മാനസികമണ്ഡലത്തെ ആറായി തിരിക്കാറുണ്ട്‌. പക്ഷേ കലയുടെ വളര്‍ച്ചയില്‍ അതിന്റെ ഒരു വിഭാഗത്തില്‍തന്നെ ഈ അവസ്ഥകളെല്ലാം വരാമെന്ന നിലയായിട്ടുണ്ട്‌. ഉദാഹരണത്തിനു നമ്മുടെ നാടകം തന്നെ എടുക്കുക. മതപരമോ, രാഷ്ട്രീയപരമോ, വിനോദപരമോ, സദാചാരപരമോ മേറ്റ്ന്തെല്ലാമോ ഒക്കെയായി അതു നാം കണ്ടുവരാറുണ്ട്‌. ഇതിന്റെ അര്‍ത്ഥം ഏതു പ്രമേയവും ഒരു കലാവിഭാഗത്തില്‍ അവതരിപ്പിക്കാമെന്നാണല്ലോ. അതുകൊണ്ട്‌ അവതരണരീതിയെ വച്ചുകൊണ്ടല്ലാതെ കലയെ വിഭജിക്കുവാന്‍ നിര്‍വാഹമില്ലെന്നു വന്നിരിക്കുന്നു. എങ്കിലും സൗകര്യത്തിനുവേണ്ടി പുരാതനം, മധ്യമം, മതപരം, ആധുനികം എന്നിങ്ങനെ തിരിച്ചുകൊണ്ട്‌ അവയില്‍ ഓരോന്നിലും ഉള്‍പ്പെട്ട ദൃശ്യകലകളെക്കുറിച്ച്‌ ചുരുങ്ങിയ വിവരങ്ങള്‍ താഴെ കൊടുക്കാം
.1. പുരാതനംവികാരപ്രകാശനത്തിന്‌ മനുഷ്യന്‍ സ്വീകരിച്ച ആദ്യത്തെ മാര്‍ഗ്ഗമാണ്‌ നൃത്തം. അതുകൊണ്ട്്‌ ഇതിനെ കലകളുടെ മാതാവായി ഗണിച്ചുവരുന്നു. അപരിഷ്കൃതരായ മനുഷ്യര്‍ക്ക്‌ ആഹാരസമ്പാദനത്തിനുള്ള സമയം കഴിഞ്ഞാല്‍ പിന്നെ പ്രധാനമായത്‌ നൃത്തമായിരുന്നു. കായികമായ മറ്റു പ്രവര്‍ത്തനങ്ങള്‍ ഒന്നും ഇല്ലാതിരുന്നതുകൊണ്ടുതന്നെയായിരിക്കാം ഏതു വികാരത്തിന്റെ പ്രകാശനത്തിനും നൃത്തത്തെത്തന്നെ അവര്‍ ഉപാധിയായി സ്വീകരിച്ചത്‌. വിവാഹാവസരത്തിലും, മരണത്തിലും നൃത്തം വയ്ക്കുന്ന പതിവ്‌ ഇന്നും നമ്മുടെ കാട്ടുജാതിക്കാരുടെയിടയില്‍ ഉണ്ട്‌. വയനാട്ടിലെ ജൈനക്കുറുമ്പന്മാരും കാട്ടുനായ്ക്കന്മാരും വിവാഹത്തിനു മുമ്പും പിമ്പും നൃത്തം വയ്ക്കും. തിരുവിതാംകൂറിലെ കാണിക്കാരെന്ന മലവര്‍ഗ്ഗക്കാര്‍ അവരുടെ പരദേവതയായ മാടനു കഴിക്കുന്ന ഉത്സവം ഒരുതരം അപരിഷ്കൃത നൃത്തത്തിന്റെ മാതൃകയിലാണ്‌. പണിയന്മാരുടെയിടയിലും നൃത്തത്തിന്‌ അതിപ്രധാനമായ ഒരു സ്ഥാനമുണ്ട്‌. കൊച്ചിയിലെ കാടര്‍ സ്ത്രീകളുടെ നൃത്തം ഇതില്‍ പ്രത്യേകം ശ്രദ്ധ അര്‍ഹിക്കുന്നു. അര്‍ധവൃത്തമായി നിന്ന്‌, വസ്ത്രാംഗം കയ്യിലെടുത്ത്‌ അരയോടുചേര്‍ത്ത്‌ സാവധാനത്തില്‍ അടിവച്ചടിവച്ച്‌ വൃത്താകാരമായി നീങ്ങിപ്പോകുകയാണ്‌ ഇതിന്റെ രീതി. നമ്മുടെ ദൃശ്യകലയുടെ മാതാവായ നൃത്തത്തിന്റെതന്നെ ആദ്യരൂപമാണിതെന്നു പറയപ്പെടുന്നു. ഇവരുടെ പുരുഷന്മാരുടെ നൃത്തത്തിലാകട്ടെ ഈ ശാന്തത ഉദ്ധതവും ഘോഷയുക്തവുമായിത്തീരുന്നു എന്നൊരു വ്യത്യാസമേയുള്ളു.ഈ ജാതി നൃത്തത്തോടനുബന്ധിച്ച്‌ അപരിഷ്കൃതരായ മലവര്‍ഗ്ഗക്കാര്‍ ചില ജന്തുക്കളികള്‍ കൂടി നടത്താറുണ്ട്‌.
  •  (1) കൂരാന്‍കളികൂരാന്‍പന്നിയാണെന്നു ഭാവിച്ച്‌ നാക്കുപുറത്തിട്ട്‌ ഒരുത്തന്‍ പതുങ്ങിപ്പതുങ്ങി നാലുപുറവും നോക്കിനടക്കുന്നു; അതുപോലെ വേറൊരുത്തന്‍ നായയുടെ ഹാവഭാവാദികള്‍ കാണിച്ചുകൊണ്ട്‌ ചാടിച്ചെന്ന്‌ അവനെ പിടിക്കുന്നു. പന്നിയുടേയും നായയുടേയും പരിഭ്രമവും ശ്രദ്ധയും ഇവരുടെ രണ്ടുപേരുടേയും മുഖത്തു സ്ഫുരിക്കുന്നുണ്ടാകും. ഈ സമയത്തെല്ലാം മറ്റുള്ളവര്‍ അട്ടഹസിച്ചു നൃത്തം ചെയ്യും
  •  (2) മാന്‍കളിഒരുവന്‍ മാനും മറ്റൊരുവന്‍ നായാട്ടുകാരനുമായിട്ടാണ്‌ കരുതുന്നത്‌. മാന്‍ തീറ്റ തിന്നുകൊണ്ടു നടക്കുമ്പോള്‍ നായാട്ടുകാരന്‍ പുറകേ ചെന്ന്‌ അതിനെ വധിക്കുന്നു.
  • (3) തവളക്കളിതവളകളെപ്പോലെ ഒന്നിന്റെ പുറത്തുകയറിയിരിക്കുകയും ചാടി നടക്കുകയുമാണ്‌ ഈ കളി.
  • (4) ഐവര്‍കളിആശാരി, മൂശാരി, കരുവാന്‍ (കൊല്ലന്‍), തട്ടാന്‍, കല്ലാശാരി എന്നീ അഞ്ചു ജാതി കമ്മാളരുടെയും ഇടയില്‍ നിലവിലിരിക്കുന്ന ഒരു ഗ്രാമീണ നൃത്തമാണ്‌ ഇത്‌. അറ്റത്ത്‌ ചെറിയ ചിലമ്പുകള്‍ ഘടിപ്പിച്ചിട്ടുള്ള കോലുകള്‍ പിടിച്ച്‌ കിലുക്കി ചുവടുവച്ചു വട്ടത്തില്‍ നടക്കുകയാണ്‌ ഈ കളിയുടെ രീതി. വാദ്യം ഇതിനാവശ്യമില്ല.
  • (5) കോതാമ്മൂരിഉത്തരകേരളത്തിലെ മലയരുടെ ഇടയില്‍ ആണ്‌ ഇതിപ്പോള്‍ നടപ്പുള്ളത്‌. ഒരു ചെറിയ കുട്ടി പാളകൊണ്ടു കെട്ടിയുണ്ടാക്കിയ കാളരൂപം വഹിച്ചുകൊണ്ട്‌ അതിനു പിന്നാലെ മുഖത്തു പാളവച്ചുകെട്ടി കുരുത്തോലയുടുത്തു ചെണ്ടയും കിണ്ണിയും കൊട്ടിപ്പാടിക്കൊണ്ടുനടക്കുന്നതാണ്‌ കോതാമ്മൂരിക്കളി. കോത എന്ന വാക്കിനു കുട്ടിയെന്നും മൂരിയെന്ന വാക്കിനു കാളക്കുട്ടി എന്നുമാണ്‌ ഇവിടെ അര്‍ഥം.
  • (6) പൂരക്കളിവടക്കേ മലബാറിലെ തീയരുടെ ഇടയിലാണ്‌ ഇതു നടപ്പിലിരിക്കുന്നത്‌. മീനമാസത്തിലെ കാര്‍ത്തികനാളില്‍ തുടങ്ങി പൂരംനാളില്‍ അവസാനിപ്പിക്കത്തക്കവണ്ണം ഭഗവതി ക്ഷേത്രങ്ങളിലാണ്‌ ഈ കളി നത്തുന്നത്‌. ഒരു പണിക്കരുടെ കീഴില്‍ അഭ്യാസം നടത്തിയവര്‍ നിലവിളക്കു കത്തിച്ചുവച്ചുകൊണ്ടു രാത്രിയിലാണ്‌ ഈ കളി നടത്തുന്നത്‌ഇതിന്‌ പതിനെട്ടു രംഗങ്ങളുണ്ട്‌. ഒരോ രംഗത്തിനും വിറം എന്നു പറയുന്നു. ഈ കളിതന്നെ ഒന്നിലധികം സംഘങ്ങള്‍ ചേര്‍ന്നു മത്സരിച്ചു നടത്താറുണ്ട്‌
  • .(7) പുറാട്ടുനാടകംഇത്‌ തമിഴ്‌നാട്ടില്‍ ഉത്ഭവിച്ച കളിയാണെന്നു പറയപ്പെടുന്നു. ഹാസ്യരസമാണ്‌ ഇതിന്റെ ജീവന്‍.
  • (8) ദേശത്തുകളിനായന്മാരുടെ ഒരു വിനോദമാണിത്‌. ആണ്ടിപ്പാട്ട്‌, വള്ളോമ്പാട്ട്‌, മലമപ്പാട്ട്‌ ഇങ്ങനെ മൂന്നു ദിവസത്തെ കളിയാണിതിലുള്ളത്‌. അഭിനയവും അഭ്യാസവും ഒത്തിണങ്ങിയനടന്മാര്‍ക്കേ ഇതില്‍ ശോഭിക്കാന്‍ കഴിയൂ


.2. മധ്യകാല വിനോദങ്ങള്‍ നമ്പൂതിരിമാരുടെ കേരള പ്രവേശത്തിനു തൊട്ടു മുമ്പു മുതല്‍ അവര്‍ ഇവിടെ ആധിപത്യം നേടുന്നതുവരെയുള്ള ഏഴെട്ടു ശതാബ്ദക്കാലങ്ങളില്‍ കേരളത്തില്‍ ഉണ്ടായിട്ടുള്ള ദൃശ്യകലകളാണ്‌ മധ്യകാലവിനോദങ്ങള്‍ എന്ന പേരില്‍ അറിയപ്പെടുന്നത്‌. പുരാതനകാലത്തേതെന്നതുപോലെ തന്നെ ഈ കാലഘട്ടത്തേയും പല ദൃശ്യവിനോദങ്ങളും കാലത്തിന്റെ ചുരുളുകളില്‍ മറഞ്ഞുകഴിഞ്ഞിരിക്കുന്നു. ചിലതെല്ലാം കാലത്തെ അതിജീവിച്ച്‌ മാറ്റങ്ങളോടെ നിലനില്‍ക്കുകയും ചെയ്യുന്നു. പ്രചാരലുപ്തങ്ങളായ ദൃശ്യകലകള്‍ എന്നും അതുകൊണ്ട്‌ പറയാം.പ്രചാരലുപ്തങ്ങളായ ദൃശ്യകലകള്‍ആര്യസംസ്കാരം കേരളത്തില്‍ പ്രചരിക്കാന്‍ തുടങ്ങിയ കാലത്ത്‌ ഇവിടെ ഏതെല്ലാം ദൃശ്യകലകള്‍ നിലനിന്നിരുന്നു എന്നുള്ളതിനു വ്യക്തമായ തെളിവുകള്‍ നമുക്കില്ല. തമിഴ്‌ സംഘം കൃതികളില്‍നിന്നു ഏതാനും ചിലതിന്റെ ഏകദേശരൂപം മാത്രം നമുക്കു ലഭിച്ചിട്ടുണ്ട്‌. ചിലപ്പതികാരത്തിന്റെ ആനം ഗാഥയില്‍, മാധവി ഇന്ദ്രോത്സവാവസരത്തില്‍ കണ്ടാനന്ദിച്ചു എന്നു പറയുന്ന പതിനൊന്നു നൃത്തങ്ങളും അന്നു ചേര രാജ്യത്ത്‌ നടപ്പുള്ളതായിരുന്നിരിക്കണം.
  •  1. കൈകൊട്ടി നൃത്തംത്രിപുരാന്തകനായ ഭഗവാന്‍ വിജയോന്മത്തനായി കൈകൊട്ടികൊണ്ടാണീ നൃത്തമാടിയത്‌. ഈ അവസരത്തില്‍ ഉമാദേവി കൂടെനിന്നു പാണി, തുര്‍ക്കൂ, ചീര്‌ എന്നീ താളങ്ങള്‍ പിടിച്ചുകൊണ്ടിരുന്നു
  • 2. പാണ്ഡരംഗനൃത്തംസാരഥിയായ ചതുര്‍മ്മുഖന്‍ കാണത്തക്കവണ്ണം ഭൈരവിയുടെ രൂപമെടുത്ത്‌ ഭഗവാന്‍ ആടിയതാണ്‌ ഈ നൃത്തം.
  • 3. അല്ലിയതൊകതിരാമകൃഷ്മണന്മാരെ വധിക്കാന്‍ വേണ്ടി കംസന്‍ നിര്‍ത്തിയിരുന്ന ആനയുടെ കൊമ്പു പറിച്ചെടുക്കുവാനാണ്‌ കൃഷ്ണന്‍ ഈ നൃത്തമാടിയതത്രെ.
  • 4. മല്ലനാട്ടംബാണാസുരനെ ജയിക്കാന്‍ ഇതു കൃഷ്ണനാടിയതാണ്‌
  • .5. തുടിസുരപത്മാസുരനെ തോല്‍പിച്ച സുബ്രഹ്മണ്യന്‍ ആഴിത്തിരയെ അരങ്ങാക്കിയാണീ നൃത്തമാടിയത്‌.
  • കടക്കൂത്ത്‌പോര്‍ക്കളത്തില്‍വച്ച്‌ അസുരന്മാര്‍ പ്രയോഗിച്ച ആയുധങ്ങള്‍ ഫലിക്കാതിരിക്കുന്നതിനുവേണ്ടി സുബ്രഹ്മണ്യന്‍ കുട ചെരിച്ചുകൊണ്ടാടിയതാണീ നൃത്തം
  • 7.കുടമെടുത്താട്ടംബാണന്‍ കാരാഗൃഹത്തിലാക്കിയ തന്റെ പൗത്രനെ വീണ്ടെടുക്കുവാന്‍ ശോണാപുരവീഥിയില്‍ കടന്നുചെന്നു ശ്രീകൃഷ്ണനാടിയതാണിത്‌.
  • 8. പെടിയാട്ടംഅനിരുദ്ധനെ രക്ഷിക്കുന്നതിനുവേണ്ടി ശോണപുരിയില്‍ സ്ത്രീത്വവും പുരുഷത്വവും ഒരുപോലെ പ്രകാശിക്കുന്ന രൂപം ധരിച്ച്‌ കാമദേവനാടിയ നൃത്തമാണിത്‌. 
  • 9. പൊയ്ക്കാലാട്ടംശത്രുക്കളായ അസുരന്മാര്‍ പാമ്പ്‌, തേള്‌ തുടങ്ങിയ ജന്തുക്കളായി ദുര്‍ഗാദേവിയെ ദംശിക്കാന്‍ വന്നപ്പോള്‍ മരക്കാലില്‍ നിന്നുകൊണ്ടാണീ നൃത്തമാടിയത്‌.
  • 10. മോഹിനിയാട്ടംദൈവതേയന്മാര്‍ പടക്കോപ്പണിഞ്ഞു നിന്നപ്പോള്‍ അവര്‍ മോഹിച്ചു വീഴത്തക്കവണ്ണം മലമകള്‍ ആടിയ നൃത്തമാണിത്‌.
  • 11. കടച്ചിയാട്ടംബാണാസുരന്റെ രാജധാനിയുടെ വടക്കേകോട്ടവാതുക്കല്‍ ഇന്ദ്രാണിയുടെ ആട്ടം.വേണ്ട ആഭരണങ്ങളെല്ലാം ഉപയോഗിച്ച്‌ താളമേളാദികളോടു പുരാതന ചേരരാജ്യത്ത്‌ നൃ ത്തം ഇങ്ങനെ പതിനൊന്നു സാങ്കേതിക മാര്‍ഗങ്ങളനുസരിച്ച്‌ അഭിനയിച്ചു വന്നിരുന്നു എന്ന്‌ ഇതില്‍നിന്ന്‌ വ്യക്തമാകുന്നു. 


ഇതിനുപുറമേ 1) അയ്ച്ചിയാര്‍ കുരവക്കൂത്ത്‌ 2) മലങ്കുരവക്കൂത്ത്‌ 3) വേട്ടുവരാട്ടം തുടങ്ങിയ ചില നൃത്തവിശേഷണങ്ങളെപ്പറ്റിയും മറ്റ്‌ ചില ഗാഥകളില്‍ വര്‍ണ്ണിച്ചിട്ടുണ്ട്‌ഇതില്‍ ആയ്ച്ചിയാര്‍ കുരവക്കൂത്ത്‌ കൈകൊട്ടിക്കളിയുടെ തന്നെ മറ്റൊാ‍രു വകഭേദമാണ്‌. ഇവയ്ക്കു പുറമെ വിദേശീയ സമ്പര്‍ക്കം കൊണ്ടും മറ്റും പില്‍ക്കാലത്ത്‌ തമിഴകത്തു (കേരളമുള്‍പ്പടെ) വളര്‍ന്നുവന്ന നാട്യകലയെ നിരൂപകമ്മാര്‍ സ്വദേശീയം, ആര്യക്കൂത്ത്‌, വടുകക്കൂത്ത്‌ സിംഹളക്കൂത്ത്‌ എന്നിങ്ങനെ നാലായി വഭജിച്ചിരിക്കുന്നു. സ്വദേശീയംഇതിന്‌ തമിഴ്ക്കൂത്തെന്നും പറയാറുണ്ട്‌. തമിഴകത്തു നിലവിലിരുന്ന നാട്യസമ്പ്രദായം എന്നേ ഇതിനര്‍ഥമുള്ളു. ഈ തമിഴ്ക്കൂത്തിന്‌ ഏഴ്‌ ഉള്‍പിരിവുകള്‍ ഉണ്ടായിരുന്നു
  • .1. വശൈക്കൂത്ത്‌ഇതിന്‌ പുകഴ്്കൂത്തെന്നും പറയാറുണ്ട്‌. വീരപുരുഷന്മാരുടെ അപദാനകഥകള്‍ കയ്മുദ്രകള്‍ വഴി അഭിനയിക്കുന്നതാണ്‌
  • .2. വേത്തിയേല്‍ഇതു ചില പ്രത്യേക സന്ദര്‍ഭങ്ങളില്‍ മാത്രം ഉപയോഗിക്കാനുള്ളതാണ്‌
  • .3. പൊതുവിയല്‍വിവാഹം തുടങ്ങിയ മംഗളാവസരങ്ങളില്‍ സ്ത്രീപുരുഷന്മാര്‍ ചേര്‍ന്ന്‌ ഇത്‌ ആടിയിരുന്നു.
  • 4. ഈയല്‍പൂക്കൂത്ത്‌കേവലമായ നൃത്തം മാത്രമാണിത്‌
  • .5. വരിക്കൂത്ത്‌മഹാമാരികളില്‍ നിന്നു രക്ഷപ്രാപിക്കുന്നതിനു വേണ്ടി നടത്തുന്ന മതപരമായ ഒരു നൃത്തം6. ശാന്തിക്കൂത്ത്‌ഉത്തമമായ അഭിനയവും നാടകവുമെല്ലാം ഇതില്‍പെടും. ശൊക്കം, മെയ്ക്കൂത്ത്‌, അഭിനയക്കൂത്ത്‌, നാടകം എന്നിങ്ങനെ ഇതിനു നാല്‌ അവാന്തരവിഭാഗങ്ങളുണ്ട്‌


. ഇവയെ ഇങ്ങനെ വിവരിക്കാം.
  • 1) ശൊക്കം - ശാസ്ത്ര നിയമമനുസരിച്ചുള്ള ശുദ്ധ നൃത്തം
  • 2) മെയംക്കൂത്ത്‌ - ഗീതയുക്തമായ ഭാവാഭിനയം
  • 3) അവിനയം - കയ്മുദ്രകളോടുകൂടിയ ദാസിയാട്ടം
  • 4) നാടകം - സാധാരണ നാകാഭിനയം

7. വിനോദക്കൂത്ത്‌കീഴ്ക്കിട വിനോദങ്ങളും ലീലകളുമെല്ലാം ഇതില്‍പെടും. ഇതിനു ചില അവാന്തരവിഭാഗങ്ങളുണ്ട്‌.
  • 1) കുരവ - പാട്ടുപാടിക്കൊണ്ടുള്ള സ്ത്രീകളുടെ നൃത്തം
  • 2) കളിനട - ചെറിയ ജാതി കായികാഭ്യാസ പ്രദര്‍ശനങ്ങള്‍ 
  • 3) കുടക്കൂത്ത്‌
  • 4) കരണം
  • 5) നോക്ക്‌ - ഒരുതരം മാന്ത്രിക നൃത്തം
  • 6) തോല്‍പാവ - പാവകളി
  • 7) വിദൂഷകക്കൂത്ത്‌ -

 പരിഹാസം പറഞ്ഞുള്ള ആട്ടം.കേരളീയംമലയാളം ഒരു സാഹിത്യഭാഷയായി പരിണമിക്കുകയും സഹ്യപര്‍വത്തിനിപ്പുറത്ത്‌ ഒരു പുത്തന്‍ സംസ്കാരം വളര്‍ന്നുവരികയും ചെയ്തതിനുശേഷം ഇവിടുണ്ടായ ചില ദൃശ്യകലകളെയാണ്‌ കേരളീയം എന്ന പദം കൊണ്ട്‌ ഇവിടെ വിവക്ഷിക്കുന്നത്‌. ആ വക കലകള്‍ക്കും മറ്റു നാടുകളുമായി യാതൊരു ബന്ധവുമില്ലെന്ന്‌ ഈ പറഞ്ഞതിനര്‍ഥമില്ല. ഏതെല്ലാം പ്രേരണകള്‍ ഉണ്ടായിരുന്നെങ്കിലും മലയാള ഭാഷയുടെ വളര്‍ച്ചയോടെ ഒരു പുതിയ കലാവിഭാഗം ഇവിടെ വളര്‍ന്നു വന്നു.സംഘകളിനമ്പൂതിരിമാരുടെയിടയില്‍ പ്രചാരത്തിലിരുന്ന ഒരു വിനോദമാണിത്‌. 

ബുദ്ധമതക്കാരെ ജയിക്കുന്നതിനു നാലു പാദങ്ങളുള്ള ഒരു മന്ത്രമായി ജംഗമന്‍ ഉപദേശിച്ചുകൊടുത്തതാണീ വിനോദമെന്നതാണ്‌ ഐതിഹ്യം. എ. ഡി. ആറാം ശതകത്തോടുകൂടിയാണിത്‌ ഉത്ഭവിച്ചതെന്നു ചരിത്രകാരന്മാര്‍ പറയുന്നു. കേളി, നാലുപാദം, പാന, ആംഗ്യം, ഹാസ്യം എന്നിങ്ങനെ അഞ്ചുഭാഗങ്ങളായാണ്‌ ഈ കളി നടത്തുന്നത്‌. കളിക്കാര്‍ വന്നു ചേര്‍ന്നാല്‍ ഉടനെ ചെമ്പുകൊട്ടി ആര്‍ക്കും. ഒരു വലിയ ചെമ്പിന്റെ നാലുഭാഗത്തും നടന്മാര്‍ വന്നിരുന്നു താളം കൊട്ടിപാടും - ഇതിനാണ്‌ കേളി എന്നു പറയുന്നത്‌. സന്ധ്യാവന്ദനം കഴിഞ്ഞു നാലുപാദം വയ്ക്കും. നിലവിളക്കുകൊളുത്തിവച്ച്‌ അതിനുചുറ്റും പദ്യങ്ങള്‍ ചൊല്ലി വലംവയ്ക്കുകയാണിതിന്റെ ചടങ്ങ്‌. അത്താഴസമയത്തുള്ള കുറിശ്ലോകവും നീട്ടും പതിവാണ്‌. അതുകഴിഞ്ഞ്‌ നെടുമ്പുരയില്‍ എത്തി, രംഗംപാടി മേളം കൊട്ടും - ഇതാണു പാന. അതുകഴിഞ്ഞാല്‍ വാളുപയോഗിച്ച്‌ ഒരുതരം ആംഗ്യം നടത്തുന്നു. ഇട്ടിക്കണ്ടപ്പന്‍ കയ്മള്‍ എന്നൊരു ഹാസ്യകഥാപാത്രവും മണ്ണാനും മണ്ണാത്തിയും (നമ്പൂതിരിമാര്‍തന്നെ വേഷംകെട്ടി) പ്രവേശിക്കുകയായി. ഹാസ്യരസാത്മകമായ ഒരുതരം ഗോഷ്ടികളും പാട്ടുകളുമാണ്‌ ഈ രംഗം. രംഗമോ തിരശ്ശീലയോ കൂടാതെ തുറന്ന ഗൃഹാങ്കണത്തില്‍വച്ച്‌ അഭിനയിക്കാവുന്ന ഒരു നിര്‍ദ്ദോഷമായ വിനോദമാണിത്‌. ഏഴാമതുകളിഅമ്പലവാസികളുടെ ഇടയില്‍ നിലവിലിരിക്കുന്ന മറ്റൊരു വിനോദമാണ്‌ ഏഴാമതുകളി. അത്താഴത്തിനുശേഷം കത്തിച്ചുവച്ച ഒരു വിളക്കിന്റെ മുമ്പില്‍ ചെമ്പു കമഴ്ത്തിയിട്ട്‌ അതിന്റെ ചുറ്റും കൂടിയിരിക്കുന്നു. ഒരാള്‍ എണീറ്റുനിന്നു ചോദ്യരൂപത്തിലുള്ള പാട്ടുപാടി ആരോടെങ്കിലും അതിനുത്തരം പറയുവാന്‍ ആവശ്യപ്പെടുന്നു. അതിനു അയാള്‍ക്കു സമാധാനം പറയാനാവില്ലെങ്കില്‍ അയാള്‍ ഏതെങ്കിലും വേഷത്തില്‍ അഭിനയിക്കുവാന്‍ നിര്‍ബന്ധിതനാകും. അതിനെതുടര്‍ന്നു പലരും കള്ളുകുടിയനായും കാമാതുരനായ രാവണനായും ഒക്കെ അഭിനയിക്കുവാന്‍ നിര്‍ബന്ധിക്കപ്പെടും. ഹാസ്യരസപ്രധാനമായ ഒരു ഗാര്‍ഹിക വിനോദം മാത്രമാണിത്‌.മോഹിനിയാട്ടംചിലപ്പതികാരത്തില്‍ വര്‍ണ്ണിച്ചിരിക്കുന്ന മോഹിനിയാട്ടംതന്നെയാണിത്‌. ആഗമകഥയില്‍ മാത്രമേ വ്യത്യാസമുള്ളു. അതില്‍ ദൈവതേയന്മാരെ മോഹിപ്പിക്കുന്നതിനുവേണ്ടി പാര്‍വതിയാണു നൃത്തമാടിയതെങ്കില്‍ ഇവിടെ കാമാന്തകനായ ശിവനെ മോഹിനീരൂപം ധരിച്ച വിഷ്ണു കാമപരതന്ത്രനാക്കുകയാണുണ്ടായത്‌. ഭാരതീയ സ്ത്രീ സങ്കല്‍പത്തിനു യോജിച്ച വേഷഭൂഷാദികളണിഞ്ഞു നടി രംഗത്തുവരുന്നു. മൃദംഗം, തിത്തി മുതലായ സംഗീതോപകരണങ്ങളാണിതിന്‌ ഉപയോഗിക്കുന്നത്‌. രംഗവിധാനമോ തിരശ്ശീലയോ ഇതിനാവശ്യമില്ല, പൊക്കമുള്ള ഒരു നിലവിളക്കു രംഗത്തില്‍ കത്തിച്ചു വച്ചിട്ടുണ്ടാവും.കൈകൊട്ടിക്കളിപുരാതന ദ്രാവിഡരുടെയിടയില്‍ നിലനിന്ന കൈകൊട്ടി നൃത്തത്തില്‍നിന്നും തികച്ചും വ്യത്യസ്തമാണ്‌. പാട്ട്‌ചില വിശേഷദിവസങ്ങളില്‍ മംഗളപൂര്‍ത്തിക്കുവേണ്ടി നടത്താറുള്ള ഒരു ചടങ്ങാണിത്‌. സജ്ജമാക്കിയിട്ടുള്ള പീഠത്തില്‍ ശ്രീ പാര്‍വ്വതിയെ എഴുന്നള്ളിച്ചിരുത്തി സ്ത്രീകള്‍ പാട്ടുപാടി സ്തുതിക്കുകയാണ്‌. ഒരു ലോഹത്തകിടില്‍ മേശക്കത്തികൊണ്ട്‌ ഉണ്ടാക്കുന്ന ധ്വനിവിശേഷത്തിനനുസരിച്ച്‌ ഇവര്‍ പാടുമ്പോള്‍ പ്രത്യേക വേഷത്തില്‍ ധ്യാനനിഷ്ഠരായിനിന്ന രണ്ടു യുവതികള്‍ ആവേശം കൊണ്ട്‌ ദേവിയുടെ കല്‍പനകള്‍ അറിയിക്കും.മുടിയേറ്റ്‌കുറുപ്പന്മാരാണ്‌ ഇതു പ്രധാനമായും അഭിനയിക്കുന്നത്‌. ഉച്ച തിരിയുമ്പോള്‍ കളിക്കാര്‍ ക്ഷേത്രത്തില്‍ എത്തും. പുരോഭാഗത്ത്‌ അവര്‍ ദേവിയുടെ രൂപം വര്‍ണ്ണപ്പൊടികള്‍ കൊണ്ട്‌ വരയ്ക്കും. സന്ധ്യയ്ക്കു ഇവര്‍ വാദ്യമേളങ്ങള്‍ തുടങ്ങുകയായി. സന്ധ്യാവന്ദനാദികള്‍ കഴിഞ്ഞാല്‍ഭഗവതിയുടെ കോലം എഴുന്നള്ളിച്ചു പ്രധാനമായസ്ഥലത്തു കൊണ്ടുവന്നു വയ്ക്കുന്നു. ദാരികവധം കഥയാണ്‌ തുടര്‍ന്ന്‌ നടക്കുന്നത്‌. ശിവനും നാരദനും ആദ്യം രംഗപ്രവേശം ചെയ്യുന്നു. ദാരികന്റെ ഉപദ്രവത്തെപ്പറ്റി പരാതി പറഞ്ഞ നാരദനോട്‌ കാളിയെകൊണ്ട്‌ ദാരികനെ വധിപ്പിക്കണമെന്നു പറയുന്നു. അപ്പോഴേക്കും കാളിയും ദാരികനുംം രംഗത്തു വരികയായി. അവര്‍ തമ്മിലുള്ള യുദ്ധമാണു പിന്നെ, അടവുകളും തന്ത്രങ്ങളും ഉപയോഗിച്ചു ഈ സുദീര്‍ഘ സമരത്തിന്റെ അവസാനം ദാരികന്‍ വധിക്കപ്പെടും.തിറയാട്ടംഉത്തരകേരളത്തില്‍ ആണ്‌ ഇതു പ്രചാരത്തിലിരിക്കുന്നത്‌. ധനു മുതല്‍ മേടം വരെയുള്ള മാസങ്ങളിലാണ്‌ ഇതു സാധാരണയായി അഭിനയിക്കപ്പെടുന്നത്‌. തലേ ദിവസം ദേവതയുടെ കോലം മാത്രം കെട്ടിക്കാണിക്കും. അതിനു നടുത്തിറ എന്നു പറയും. പിറ്റേദിവസം കാലത്തു വേലയും വൈകുന്നേരം വെള്ളാട്ടവുമാണ്‌. ആട്ടക്കാരന്‍ കെട്ടിയുടുത്ത്‌ പഴയ രീതിയിലുള്ള ആഭരണങ്ങള്‍ അണിഞ്ഞ്‌ രംഗത്തു വരുന്നു. പിറ്റേദിവസമാണ്‌ മൂര്‍ത്തിയുടെ തിറയാട്ടം. അപ്പോള്‍ രംഗപ്രവേശം ചെയ്യുന്ന നടന്‍ അണിയുന്നത്‌ ദേവിയുടെ വസ്ത്രങ്ങള്‍ പോലുള്ളതു തന്നെ എന്നാണ്‌ സങ്കല്‍പം. തോറ്റംപാടി കലിതുള്ളിയതിനുശേഷമാണ്‌ നൃത്തം ആരംഭിക്കുക. വീര പുരുഷന്മാരെയും ഭഗവതിയേയും തിറയാട്ടംകൊണ്ട്‌ തൃപ്തിപ്പെടുത്താമെന്നു കരുതി വരുന്നു.തൂക്കംഇതു മൂന്നു വിധത്തിലുണ്ട്‌.
  •  1) സാധാരണ തൂക്കം: നിശ്ചിത നോമ്പുകളും ദിനചര്യകളും ഉള്ള ഒരാള്‍ വെളിച്ചപ്പാടിനേപ്പോലെ വേഷം ധരിച്ച്‌ തൂക്കടിവസം മതില്‍ക്കെട്ടിനുപുറത്ത്‌ എഴുന്നള്ളിച്ചിരുത്തിയിരിക്കുന്ന ഭഗവതിയെ പ്രദക്ഷിണം ചെയ്ത്‌ നടയ്ക്കു നേരെ തയ്യാറാക്കിയിട്ടുള്ള കപ്പിയില്‍ കയറി നില്‍ക്കുന്നു. ഒരു കോഴിയെ വെട്ടി ചോര കാലില്‍ വീഴ്ത്തിയിട്ട്‌ ചരടുപിടക്കുന്നവരില്‍ ഒരാള്‍ തൂക്കക്കാരന്റെ പിന്‍ഭാഗത്ത്‌ തൊലി വലിച്ചു നീട്ടി ഉത്തോലകത്തിന്റെ ഒരറ്റത്തുള്ള കൊളുത്തില്‍ കോര്‍ക്കുന്നു. അതിനുശേഷം മറ്റേത്തല താഴ്ത്തി തൂക്കക്കാരനെ ഉയര്‍ത്തി ആ തടിയും പൊക്കിയെടുത്തുകൊണ്ടു ക്ഷേത്രോപജീവികളും നാട്ടുകാരും കൂടി ക്ഷേത്രത്തിനു പ്രദക്ഷിണം വയ്ക്കും. ഈ സമയം തൂങ്ങിക്കിടക്കുന്നവന്‍ ചാടി ചില അഭ്യാസമുറകള്‍ കാണിക്കും. മൂന്നാമത്തെ പ്രദക്ഷിണം കഴിഞ്ഞാല്‍ തൂക്കക്കാരനെ മോചിപ്പിച്ചു ക്ഷേത്രത്തിനു ദര്‍ശനം വച്ചിട്ടു മഞ്ഞപ്രസാദം കുത്തിയ സ്ഥലത്തു പൂശി പുറത്തുകൊണ്ടുവന്ന്‌ ഒന്നു രണ്ടു മുട്ടകൊടുത്ത്‌ വിശ്രമിപ്പിക്കുന്നു. 
  • 2) ഗരുഡന്‍ തൂക്കം:ഇതില്‍ തൂക്കക്കാരന്‍ ഗരുഡന്റേതുപോലെ ചുണ്ടും ചിറകും ധരിച്ചിരിക്കും. തൂക്കസമയത്തെ ഹാവഭാവാദികള്‍ക്കും ഒരു പക്ഷിയോടു ബന്ധം കാണും. ബാക്കിയെല്ലാം സാധാരണ തൂത്തിലേതുപോലതന്നെ.
  • 3) ഗരുഡന്‍ പ റവ: കഥകളിയുടേതുമാതിരിയുള്ള കിരീടവും വസ്ത്രവുമാണ്‌ ധരിക്കുന്നത്‌. ഗരുഡന്റെ ചുണ്ടും ചിറകും കാണും. അമ്പലങ്ങളിലെ ഉത്സവത്തിന്‌ സാധാരണയായി കാണാറുള്ള ഒരു നൃത്തവിശേഷമാണിത്‌. അസാധാരണമായ മെയ്‌വഴക്കവും പരിശീലനവും വേണം ഇതഭിനയിക്കാന്‍. ഏഴാംകുളം, തൊടുപുഴ തുടങ്ങിയ സ്ഥലങ്ങള്‍ ഈ മൂന്നു ജാതി തൂക്കങ്ങള്‍ക്കും പ്രസിദ്ധമാണ്‌.


മറ്റു ചില ആരാധനാ കലകള്‍ 

1. കാവടിതുള്ളല്‍ഇതിനു ചില സ്ഥലങ്ങളില്‍ സുബ്രഹ്മണ്യന്‍ തുള്ളല്‍ എന്നും പറയാറുണ്ട്‌. കാവടിക്കാര്‍ നിശ്ചിതമായ വേഷവിധാനത്തോടുകൂടി ദേഹമാസകലം ഭസ്മം പൂശി, കാവടിയെടുത്ത്‌ തോളില്‍വച്ച്‌ വായില്‍ ശൂലം കുത്തിക്കോര്‍ത്ത്‌ വാദ്യത്തിനനുസരിച്ച്‌ ചുവടുവച്ചുകൊണ്ട്‌ ക്ഷേത്രത്തിലേക്കു പോകുന്നു. ഉടുക്കും ചെണ്ടയും നാദസ്വരവുമാണ്‌ ഇതിനു താളമായി ഉപയോഗിക്കുന്നത്‌.
2. ശാസ്താംപാട്ട്‌ശബരിമലയ്ക്കു പോകാന്‍ ആദ്യമായി വ്രതമെടുക്കുന്ന ആള്‍ മലയ്ക്കു പുറപ്പെടുന്നതിനു മുമ്പായി കഴിക്കുന്ന ഒരു ചടങ്ങാണിത്‌. കെട്ടു നിറയ്ക്കുന്ന ദിവസം നിശ്ചയിച്ചാല്‍ അന്നുച്ചയ്ക്ക്‌ മറ്റയ്യപ്പഭക്തന്മാരെല്ലാം അവിടെ എത്തിച്ചേരും. പന്തലില്‍ മൂന്നോ അഞ്ചോ ശ്രീകോവിലുകള്‍ വാഴപ്പോളകൊണ്ട്‌ ഉണ്ടാക്കി അഷ്ടമംഗല്യം, നിലവിളക്ക്‌ മുതലായ മംഗളസാധനങ്ങള്‍ യഥാസ്ഥാനത്തു വയ്ക്കും. സന്ധ്യകര്‍മ്മങ്ങള്‍ കഴിഞ്ഞു മാളികപ്പുറത്തമ്മ, ഭഗവാന്‍, അയ്യപ്പന്‍ എന്നിവരെ ആവാഹിച്ചിരുത്തി പൂജയും ദീപാരാധനയും നടത്തുന്നു. ഈ സമയത്ത്‌ അയ്യപ്പന്റെ അപദാനങ്ങളെ പ്രകീര്‍ത്തിക്കുന്ന പാട്ടുകള്‍ പാടുകയും ചിലര്‍ കലികൊണ്ടു തുള്ളുകയും ചെയ്യും. പല ജാതി വാദ്യങ്ങള്‍ സ്ഥലഭേദമനുസരിച്ച്‌ ശാസ്താംപാട്ടുകള്‍ക്ക്‌ ഉപയോഗിച്ചു വരുന്നു.
3. പാമ്പും തുള്ളല്‍നായര്‍ തറവാടുകളില്‍ സര്‍പ്പ പ്രീതിക്കായി ആചരിച്ചുവരുന്ന ഒരു നേര്‍ച്ചയാണിത്‌. പുള്ളോനാണിതിലെ കര്‍മ്മി. മുറ്റത്തു പന്തലില്‍ ചാണകം കൊണ്ടു മെഴുകി ശുദ്ധമാക്കിയിട്ട്‌ അവര്‍ ഒരു കളമുണ്ടാക്കുന്നു. അതു ഭംഗിയായി വിതാനിച്ച്‌ കുരുത്തോലകളും തൂക്കുവിളക്കുകളും തൂക്കിയതിനുശേഷം ഇണക്കൂട്ടി പത്തിവിടര്‍ത്തി നില്‍ക്കുന്ന ഒരു സര്‍പ്പത്തിന്റെ മനോഹരരൂപം അവന്‍ വരയ്ക്കുന്നു. ഈ സമയം സര്‍പ്പപ്പാട്ടുകള്‍ തുടര്‍ന്നുകൊണ്ടിരിക്കും. സന്ധ്യയ്ക്കു ശേഷം പുള്ളോന്‍ പ്രധാനി സര്‍പ്പത്താനെ ആവാഹിച്ചിരുത്തി ദീപാരാധനയും പൂജയും കഴിക്കും. അതുകഴിഞ്ഞാലുടനെ കുടുംബത്തിലെ വിവാഹിതയും അവിവാഹിതയുമായ രണ്ടു സ്ത്രീകള്‍ പ്രത്യേകവേഷങ്ങള്‍ ധരിച്ച്‌ കൂപ്പുകൈയ്യാല്‍ ചൊട്ടപിടിച്ച്‌ സര്‍പ്പത്തിനെ വന്ദിച്ചിട്ട്‌ കളത്തിനടുത്തിരിക്കുന്ന തൂശനിലയില്‍ ഇരിക്കുന്നു. പുള്ളോന്മാരുടെ ഗീതവാദ്യങ്ങള്‍ ഉച്ചത്തിലാകുമ്പോള്‍ അവര്‍ക്ക്‌ കലിതുള്ളുകയും സര്‍പ്പത്തെപ്പോലെ ആടാന്‍ തുടങ്ങുകയും ചെയ്യുന്നു. എതാനും നേരത്തിനകംകൊണ്ട്‌ കളം മുഴുവന്‍ മായ്ക്കുകയും ചൊട്ടപാമ്പും കോവിലില്‍ നിക്ഷേപിക്കുകയും ചെയ്യും. ഇതു ചിലപ്പോള്‍ ആറോ ഏഴോ ദിവസങ്ങള്‍ തുടന്നു നടത്താറുണ്ട്‌.ഇവ കൂടാതെ മതപരമായി പ്രാധാന്യം അര്‍ഹിക്കുന്ന പല ദൃശ്യകലകളും ആരാധനാരൂപത്തില്‍ നാം ഉപയോഗിച്ചുവരുന്നുണ്ട്‌. പ്രാദേശികങ്ങളായ പലതിനേയും പറ്റി വേണ്ടത്ര വിവരങ്ങള്‍ ലഭിച്ചിട്ടില്ല.ആധുനിക ദൃശ്യകലകള്‍ സംസ്കൃതത്തിന്റെ പ്രേരണയില്‍ നിന്നും ഉടലെടുത്തതും പരിഷ്കരിക്കപ്പെട്ടതുമായ ദൃശ്യകലകളെയാണ്‌ ആധുനികം എന്ന സംജ്ഞകൊണ്ട്‌ ഇവിടെ വ്യവഹരിക്കുന്നത്‌
.1. പാഠകംമലയാളവും സംസ്കൃതവും കൂടിചേര്‍ന്ന ഭാഷാസങ്കരമായ ഒരു വിനോദമാണ്‌ പാഠകം. പ്രബന്ധം കൂത്തിനോട്‌ ഇതിനു പലവിധത്തിലും സാമ്യമുണ്ട്‌. ഏതെങ്കിലും സംഭവത്തെ നാടകീയമായ രീതിയില്‍ അവതരിപ്പിക്കുകയാണ്‌ ഇതില്‍ ചെയ്യുന്നത്‌. വിവരണം, ആഖ്യാനം എന്നിവ മുഴുവന്‍ തനി മലയാളത്തിലും ശ്ലോകങ്ങള്‍ സംസ്കൃതത്തിലുമായിരിക്കും. രംഗവിധാനമോ വാദിത്രാദികളോ ഇതിനാവശ്യമില്ല. കളിക്കാരന്റെ മുമ്പില്‍ ഒരു വലിയ നിലവിളക്കു കൊളുത്തിവച്ചിരിക്കും. തലയില്‍ ഒരു കിരീടമോ, അല്ലെങ്കില്‍ ഏതെങ്കിലും നിറത്തിലുള്ള തുണികൊണ്ട്‌ തലയില്‍ ഒരു കെട്ടോ കളിക്കാരനു കാണും. ഏതാനും ചില മാലകളും ധരിച്ചു എന്നും വരാം. സമയമാകുമ്പോള്‍ അയാള്‍ രംഗത്തുവന്നു പതിഞ്ഞ സ്വരത്തില്‍ മംഗളം പറഞ്ഞ്‌ ഗദ്യമാരംഭിക്കും. കഥയുടെ ഉദ്ദേശമാണ്‌ ഇവിടെ കളിക്കാരന്‍ വിവരിക്കുന്നത്‌. അതുകഴിഞ്ഞ്‌ കാണികളെ കഥയുമായി പരിചയപ്പെടുത്തിയിട്ട്‌ കഥയിലേക്കു പ്രവേശിക്കും. സംസ്കൃതത്തില്‍ കഥ പറഞ്ഞ്‌ മലയാളത്തില്‍ വ്യഖ്യാനിക്കുന്നതിനിടയില്‍ കുറേ ചിരിക്കാനും വക കാണും.
 2. കൂത്ത്‌അമ്പലങ്ങളില്‍ മാത്രം അഭിനയിച്ചുവരുന്ന ഒരു ദൃശ്യകലയാണ്‌ കൂത്ത്‌. എല്ലാ പ്രധാന അമ്പലങ്ങളിലും കൂത്തമ്പലം എന്നപേരില്‍ കൂത്ത്‌ നടത്തുന്നതിനുവേണ്ടി ഒരു പ്രത്യേക കളിസ്ഥലം തയ്യാറാക്കിയിട്ടുണ്ടാവും. ഇതില്ലാത്ത സ്ഥലങ്ങളില്‍ ഭോജനശാലയിലോ വലിയമ്പലത്തിലോ വച്ചാണ്‌ കൂത്തു നടത്തുന്നത്‌. കുലശേഖരവര്‍മ്മന്‍ എന്നൊരു പെരുമാള്‍ കൂത്തില്‍ പല പരിഷ്ക്കാരങ്ങളും വരുത്തിയതായി കാണുന്നു. അദ്ദേഹത്തിനുശേഷം ഭാസ്ക്കര രവിവര്‍മ്മ പെരുമാളും തോലകവിയും കൂടി മറ്റു ചില പരിഷ്ക്കാരങ്ങളും വരുത്തുകയുണ്ടായി. അങ്ങനെയാണ്‌ ഇന്നു നാം കാണുന്ന കൂത്ത്‌ രൂപം പ്രാപിച്ചത്‌. ഇതു സംസ്കൃതത്തിന്റെ പ്രേരണയാല്‍ രൂപം മാറിയ ഒരു ദ്രാവിഡകലയാണെന്നു പണ്ഡിതന്മാര്‍ പറയുന്നു. ചാക്യന്മാരാണ്‌ കൂത്തിന്റെ പ്രണേതാക്കള്‍.കൂത്തിന്‌, പ്രബന്ധംകൂത്ത്‌, നങ്ങ്യാര്‍കൂത്ത്‌, കൂടിയാട്ടം എന്നിങ്ങനെ മൂന്നു വിഭാഗങ്ങളുണ്ട്‌. ഇതില്‍ ആദ്യത്തേത്‌ കേവലാഖ്യാനവും രണ്ടാമത്തേത്‌ ശുദ്ധഅഭിനയവും മൂന്നാമത്തേത്‌ യഥാര്‍ഥമായ രംഗപ്രയോഗവുമാണ്‌. പ്രബന്ധം കൂത്തിലും കൂടിയാട്ടത്തിലും ചാക്യാരും നമ്പ്യാരും രംഗത്തില്‍ വരുമെങ്കിലും നങ്ങ്യാര്‍കൂത്തില്‍ ചാക്യാര്‍ക്കു വരേണ്ടതില്ല.പ്രബന്ധം കൂത്തില്‍ മിഴാവുകൊട്ടുന്ന ജോലിയാണ്‌ നങ്ങ്യാര്‍ക്ക്‌. നങ്ങ്യാര്‍ ഈ അവസരത്തില്‍ കുഴിത്താളം കൊട്ടിക്കൊള്ളും. നടനത്തേക്കാളേറെ രസകരമായ ഉപമാനങ്ങള്‍ ചേര്‍ത്ത്‌ കഥ പറയുന്നതിലാണ്‌ ഈ രംഗത്ത്ി‍ന്റെ വിജയം സ്ഥിതിചെയ്യുന്നത്‌. നമ്പ്യാര്‍ കൂത്തില്‍ മേളക്കൊഴുപ്പുകൊണ്ട്‌ അനുകൂലമായ അന്തരിക്ഷത്തില്‍ നങ്ങ്യാര്‍ അഭിനയിക്കുകയാണ്‌. മിഴാവും ഇലത്താളവുമാണ്‌ ഈ രംഗത്തില്‍ ഉപയോഗിക്കുന്ന വാദ്യങ്ങള്‍. മൂന്നാമത്തെ ഭാഗമായ കൂടിയാട്ടം അഞ്ചോ ആറോ ദിവസങ്ങള്‍കൊണ്ടാണ്‌ തീരുന്നത്‌. ഒരോ ദിവസത്തെയും പ്രത്യേക ചടങ്ങുകള്‍ വിസ്താരഭയത്താല്‍ ഇവിടെ ചേര്‍ക്കുന്നില്ല. പഴയ സംസ്കൃതനാടകങ്ങളുടെ സാങ്കേതികരീതിയാണ്‌ പൊതുവെ കൂടിയാട്ടത്തിനുള്ളത്‌. വിവിധ വേഷങ്ങള്‍ അണിഞ്ഞാണ്‌ നടന്മാര്‍ രംഗത്തുവരുന്നത്‌
.3. തുള്ളള്‍ അമ്പലപ്പുഴ ക്ഷേത്രത്തില്‍ വച്ച്‌ ചാക്യാര്‍കൂത്തിനു മിഴാവുകൊട്ടിക്കൊണ്ടിരുന്ന കുഞ്ചന്‍ നമ്പ്യാര്‍ ഇടയ്ക്ക്‌ ഉറങ്ങിപ്പോയതുകൊണ്ട്‌ ചാക്യാര്‍ അദ്ദേഹത്തെ കണക്കിനു കളിയാക്കി. അതിനു പകരം വീട്ടുവാന്‍ വേണ്ടി ഒരു രാത്രികൊണ്ട്‌ കല്യാണസൗഗന്ധികം കഥ തുള്ളലായി എഴുതി പിറ്റേന്നു ക്ഷേത്രത്തില്‍ അഭിനയിച്ച്‌ ചാക്യാരെ ചെണ്ടകൊട്ടിച്ചെന്നാണ്‌ ഐതിഹ്യം. ഇതിന്റെ വാസ്തവികതയെ പലരും സംശയിക്കുന്നുണ്ടെങ്കിലും കുഞ്ചന്‍ നമ്പ്യാരാണ്‌ തുള്ളല്‍ പ്രസ്ഥാത്തിന്റെ ഉപജ്ഞാതാവ്‌ എന്ന കാര്യത്തില്‍ ആര്‍ക്കും സംശയമില്ല. അരയ്ക്കു ചുറ്റും വീതി കുറഞ്ഞ വേഷ്ടനങ്ങള്‍ ധരിച്ച്‌ മനയോല കൊണ്ടു മുഖം നിറപ്പെടുത്തി, കണ്ണുകള്‍ ചുണ്ടപ്പൂവുകൊണ്ട്‌ ചുവപ്പിച്ച്‌ തലയില്‍ കിരീടവും ധരിച്ച്‌, കൈകളില്‍ ഈരണ്ടു ബന്ധങ്ങളുമണിഞ്ഞാണ്‌ തുള്ളല്‍ക്കാരന്റെ പുറപ്പാട്‌. മദ്ദളവും കുഴിത്താളവും ആണ്‌ വാദ്യങ്ങള്‍. കൂത്തിന്റെയും പാഠകത്തിന്റെയും സംയോജനമാണിതെന്നു പറയപ്പെടുന്നു. അവയില്‍നിന്നെല്ലാം ഇതിനുള്ള വ്യത്യാസം പാട്ടും ആട്ടവും ആംഗ്യവും അഭിനയവും തുള്ളല്‍ക്കാരന്‍ തന്നെ നിര്‍വഹിക്കണമെന്നുള്ളതാണ്‌.
 4. കൃഷ്ണാട്ടംഗീതഗോവിന്ദാഭിനയത്തിന്റെ പ്രേരണയില്‍നിന്നും ഉടലെടുത്ത ഒരു വിനോദമാണിത്‌. പതിനേഴാം ശതകത്തിന്റെ മധ്യഘട്ടത്തില്‍ കോഴിക്കോട്ടു വാണിരുന്ന മാനവേദന്‍ എന്ന ഒരു സാമൂതിരിയാണ്‌ കൃഷ്ണനാട്ടത്തിന്റെ ഉപജ്ഞാതാവ്‌. നൃത്തത്തിന്‌ പ്രാധാന്യം കൊടുത്തിട്ടുള്ള ഒരു മൂകാഭിനയമാണിതെന്നു പറഞ്ഞാല്‍ തെറ്റില്ല. മദ്ദളവും ഇലത്താളവും ചേങ്ങലയുമാണ്‌ ഉപയോഗിക്കുന്ന വാദ്യങ്ങള്‍. സാധാരണയായി ഒമ്പതു ദിവസങ്ങള്‍ കൊണ്ട്‌ കൃഷ്ണാവതാരകഥ മുഴുവന്‍ അഭിനയിച്ചുതീര്‍ക്കും
.5. രാമനാട്ടംകൃഷ്ണനാട്ടത്തിനു പെട്ടെന്നുണ്ടായ പ്രചാരം ഒരു കൊട്ടാരക്കര തമ്പുരാനെ ആകര്‍ഷിച്ചു. അദ്ദേഹം സാമൂതിരിയോട്‌ ഒരു സംഘം കളിക്കാരെ അയച്ചുകൊടുക്കണമെന്നാവശ്യപ്പെട്ടു. സാമൂതിരി ആ അപേക്ഷ അംഗീകരിച്ചില്ലെന്നുമാത്രമല്ല തെക്കര്‍ക്ക്‌ കൃഷ്ണനാട്ടത്തില്‍ രസിക്കുവാന്‍ കഴിയുകയില്ലെന്നുഅധിക്ഷേപിക്കുകകൂടി ചെയ്തു. ആ വാശിക്ക്‌ കൊട്ടാരക്കര തമ്പുരാന്‍ ഉണ്ടാക്കിയതാണ്‌ രാമനാട്ടം എന്നാണ്‌ ഐതിഹ്യം. ദശരഥന്റെ പുത്രകാമേഷ്ടി തൊട്ട്‌ ലങ്കാനിരോധം വരെയുളള രാമായണകഥയെ ഉപജീവിച്ചാണ്‌ അദ്ദേഹം രാമനാട്ടം നിര്‍മ്മിച്ചത്‌. എട്ടുദിവസത്തേക്ക്‌ ആടിക്കളിക്കത്തക്കവിധത്തിലായിരുന്നു ഇതിന്റെ സംവിധാനം.
6. കഥകളിരാമനാട്ടമാണ്‌ പിന്നീട്‌ കഥകളിയായി പരിണമിച്ചത്‌ എന്നു പറയാറുണ്ട്‌. പണ്ഡിന്മാരില്‍ പലരും ആ അഭിപ്രായത്തോടു യോജിക്കുന്നില്ല. കൃഷ്ണനാട്ടവും രാമനാട്ടവും കഥകളിയ്ക്കുപയോഗിച്ചിരുന്ന രണ്ടു കഥകള്‍ മാത്രമാണെന്നും പുരാതനമായ ഏതോ ദ്രാവിഡകലയുടെ പരിണാമമാണ്‌ കഥകളിയെന്നും അവര്‍ പറയുന്നു. ഏതായാലും വളരെ അപരിഷ്കൃതമായ രീതിയിലാണ്‌ രാമനാട്ടം നടത്തിവരുന്നത്‌. കമുകിന്‍ പാള കൊണ്ടുള്ള കിരീടവും മദ്ദളവും മാത്രമേ ആദ്യകാലത്ത്‌ ഈ കളിക്ക്്്‌ ഉപയോഗിച്ചിരുന്നുള്ളു. പിന്നീട്‌ ഇതിനു പല പരിഷ്ക്കാരങ്ങളുമുണ്ടായി. മുഖത്തു മനയോല കിരീടം, കുപ്പായം, ശിങ്കിടി മുതലായവ നടപ്പാക്കിയത്‌ വെട്ടത്തുനാട്ടുരാജാവാണ്‌. അതിനുശേഷം കപ്ലിങ്ങാടന്‍, കല്ലടിക്കോടന്‍ എന്നീ നമ്പൂതിരിമാര്‍ ചില പരിഷ്ക്കാരങ്ങള്‍ കൂടി വരുത്തി കുപ്പായത്തിനു വ്യത്യാസം വരുത്തിയതും തലമുടി, കച്ച തുടങ്ങിയവ നടപ്പിലാക്കിയതും ഇവരാണ്‌. അരിമാവുകൊണ്ടുള്ള ചുട്ടി, അസുരാംശജന്മാര്‍ക്കു പ്രത്യേകം വേഷം, കലാശം കൈ ഇവയില്‍ വ്യത്യാസം തുടങ്ങിയവയും കപ്ലിങ്ങാടന്‍- കല്ലടിക്കോടന്‍ പരിഷ്ക്കാരങ്ങളില്‍ പെടും.പച്ച, കത്തി, താടി, കരി എന്നിങ്ങനെ നാലു വേഷങ്ങളാണ്‌ കഥകളിക്കുള്ളത്‌. പച്ച രാജക്കന്മാരെയും, കത്തി ദൈത്യന്മാരെയും, താടി രാക്ഷസന്മാരെയും, കരി താപസാദികളെയും സൂചപ്പിക്കുന്നു. ശൃംഗാരം, വീരം, രൗദ്രം, കരുണം എന്നീ രസങ്ങളാണ്‌ യഥാക്രമം ഈ നാലു വേഷത്തിനും പ്രധാനമായി അഭിനയിക്കാനുള്ളത്‌. കേളി, ശുദ്ധമദ്ദളം, തോടയം, വന്ദനശ്ലോകം, പുറപ്പാട്‌, മേളപ്പദം, അഭിനയം എന്നിങ്ങനെ കഥകളിക്ക്‌ പല പ്രധാന ചടങ്ങുകളായി വിഭജിച്ചിരിക്കുന്നു.

 ചെണ്ട, മദ്ദളം, ചേങ്ങല, കയ്മണി തുടങ്ങിയ വാദ്യങ്ങള്‍ എല്ലാ രംഗത്തിലും ഉപയോഗിക്കുന്നു. കോട്ടയത്തുതമ്പുരാന്‍, കാര്‍ത്തിക തിരുനാള്‍ രാമവര്‍മ്മരാജ, ഉണ്ണായിവാര്യര്‍, അശ്വതിതിരുനാള്‍ തമ്പുരാന്‍, ഇരയിമ്മന്‍ തമ്പി, വീരകേരള വര്‍മ്മ തുടങ്ങി പലരും കഥകളി കൃതികള്‍ എഴുതിയിട്ടുണ്ട്‌. ആധുനികകാലത്ത്‌ കഥകളിക്ക്‌ ലോകപ്രസിദ്ധി ലഭിച്ചിട്ടുണ്ട്‌. അതിന്റെ പ്രധാന കാരണക്കാരന്‍ മഹാകവി വള്ളത്തോള്‍ നാരായണമേനോനും, അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ നടത്തിവന്നിരുന്ന കേരള കലാമണ്ഡലവുമാണ്‌.മാപ്പിളപ്പാട്ട്‌കേരള മുസ്ലിംകലാരൂപങ്ങളില്‍ ഏറ്റവും പ്രചാരവും മറ്റു സമുദായങ്ങള്‍ക്കിടയില്‍പ്പോലും ഏറെ ജനപ്രീതിയും നേടിയിട്ടുള്ളതു മാപ്പിളപ്പാട്ടാണ്‍സമ്പന്നമായ ഒരു സാഹിത്യശാഖ എന്നതിനേക്കാളേറെ ഇമ്പമാര്‍ന്ന ഒരു ശ്രവ്യകലാരൂപമെന്നനിലയില്‍ ഇതു പരക്കെ ആസ്വദിക്കപ്പെടുന്നു. ഏറ്റവും ആദ്യത്തെ മാപ്പിളപ്പാട്ടായ മുഹിയുദ്ദീന്‍മാലയ്ക്കു നാലു നൂറ്റാ ണ്ടു പഴക്കമുണ്ട്‌. അറബി മലയാളത്തില്‍ (അറബി ലിപി ഉപയോഗിച്ച്‌ മലയാള ഭാഷയില്‍) രചിച്ച ഈ അധ്യാത്മിക കൃതി വളരെക്കാലം മുസ്ലിം ഭവനങ്ങളില്‍ ഭക്ത്യാദരപൂര്‍വ്വം ആലപിക്കപ്പെട്ടു വന്നിരുന്നു. ഇപ്പോള്‍ വളരെ അപൂര്‍വ്വം. പിന്നീട്‌ മഹാകവി മോയിന്‍കുട്ടി വൈദ്യര്‍, ചേറ്റുവാ പരീക്കുട്ടി, പുലിക്കോട്ടില്‍ ഹൈദ്രു എന്നിവരുടെ രചനകളിലൂടെ മാപ്പിളപ്പാട്ടുകള്‍ക്കു ലൗകികതയും കൂടുതല്‍ സംഗീതാത്മകതയും കൈവന്നു. വിവാഹാഘോഷങ്ങളോടനുബന്ധിച്ചും മറ്റും നടക്കുന്ന ഒപ്പന, കൈമുട്ടിപ്പാട്ട്‌ തുടങ്ങിയവയുടെ ഒരവിഭാജ്യഘടകമായിത്തീര്‍ന്നു. 

വിവിധ വാദ്യോപകരണങ്ങളോടെ ഇപ്പോള്‍ സ്റ്റേജിലെ സംഗീതപരിപാടികള്‍ക്കായി പരക്കെ അവതരിപ്പിക്കപ്പെട്ടു വരുന്നു. പ്രശസ്തമായ ഒട്ടേറെ മാപ്പിളപ്പാട്ട്‌ സംഘങ്ങള്‍ ഇപ്പോള്‍ കേരളത്തില്‍, പ്രത്യേകിച്ച്‌ മലബാറിലുണ്ട്‌.ഒപ്പന സ്ത്രീകളുടെ ഒപ്പനയും പരുഷന്മാരുടെ ഒപ്പനയുമുണ്ട്‌. വിവാഹം, പെണ്‍കുട്ടികളുടെ കാതുകുത്ത്‌, പ്രസവാനന്തരമുള്ള നാല്‍പതുകുളി, നവവധുവിനെ വരന്റെ വീട്ടിലേക്കുകൂട്ടി കൊണ്ടുവരുന്ന ചടങ്ങ്‌ തുടങ്ങിയവയോടനുബന്ധിച്ചു സ്ത്രീകളുടെ ഒപ്പന മുമ്പ്‌ സാധാരണമായിരുന്നു. ഇപ്പോള്‍ മുഖ്യമായി വിവാഹത്തലേന്നു വധുവിനു മെയിലാഞ്ചിയിടുന്ന ചടങ്ങിനോടനുബന്ധിച്ച്‌ മാത്രം. ഇന്ന്‌ ഏറെയും അറിയപ്പെടുന്നതു സിനിമാഗാനങ്ങള്‍ മുഖേനയും സ്കൂള്‍, സര്‍വ്വകലാശാല യുവജനോത്സവങ്ങളിലെ ഒരു മുഖ്യ ഇനം എന്ന നിലയും - അതാണെങ്കില്‍ മുമ്പില്ലാത്ത വിധത്തില്‍ ഒരു നൃത്ത കലാരൂപം കൈക്കൊണ്ടിട്ടുണ്ട്‌.പുതിയ രീതിയിലുള്ള ഒപ്പന രംഗപ്രവേശം ചെയ്തത്‌ 45 വര്‍ഷം മുമ്പ്‌, ആണെന്നുപറയപ്പെടുന്നു. കോഴിക്കോട്ട്‌ ഒരു കല്യാണവീട്ടില്‍ അന്നുവരെ പതിവുണ്ടായിരുന്ന കളിക്കാരത്തികള്‍ക്കുപകരം ചെറിയ പെണ്‍കുട്ടികള്‍ കൈമുട്ടി പാടി. അതിനു പ്രചാരം ലഭിക്കുകയും ക്രമേണ കളിയുടെ രൂപത്തിലും ഭാവത്തിലും മാറ്റങ്ങള്‍ വരികയും ചെയ്തു. പിന്നീടതു പൊതുവേദികളില്‍ ഒപ്പനയായി അരങ്ങേറാന്‍ തുടങ്ങി. കോഴിക്കോട്ടും പരിസരങ്ങളിലും ഇപ്പോള്‍ പ്രൊഫഷണല്‍ ഒപ്പന സംഘങ്ങളുണ്ട്‌. സ്ത്രീകളുടെ ഒപ്പനയില്‍ കളിക്കാരുടെ വേഷം മുമ്പത്തെ മലയാളി മുസ്ലിം സ്ത്രീകളുടെ അതേ വേഷം തന്നെയാണ്‌. അയഞ്ഞകുപ്പായം, കാച്ചി അല്ലെങ്കില്‍ മുണ്ട്‌, തലയില്‍ തട്ടം. പുരുഷന്മാരുടെ വേഷം വെള്ളമുഴുകൈയന്‍ ഷര്‍ട്ടും മുണ്ടും തലപ്പാവും.വധുവരന്മാരെ വര്‍ണിക്കുന്ന മാപ്പിളപ്പാട്ടുകളാണ്‌ വിവാഹത്തോടനുബന്ധിച്ചുള്ള ഒപ്പനയില്‍ പാടുക. സ്ത്രീകളുടെ ഒപ്പനയില്‍ എട്ടുപത്തു പേര്‍ വധുവിനെ നടുവിലിരുത്തി കൈകൊട്ടിപ്പാടുകയും താളാത്മകമായി ചുവടുവച്ചുകൊണ്ട്‌ വധുവിനെ പ്രദക്ഷിണം വയ്ക്കുകയും ചെയ്യുന്നു. താളം മുറുകുന്നതിനനുസരിച്ച്‌ കളിക്കാര്‍ ഇരുന്നും നിന്നും അന്യോന്യം കൈകള്‍ കൂട്ടിയിടിക്കുകയും സ്ഥാനം മാറിക്കൊണ്ടിരിക്കുകയും ചെയ്യും. 

പുരുഷന്മാരുടെ ഒപ്പനയില്‍ വരന്റെ വീട്ടില്‍ പാട്ടുകാര്‍ (എണ്ണം എത്രയുമാവാം) രണ്ടു ഭാഗങ്ങളായി വേര്‍പിരിഞ്ഞ്‌ അഭിമുഖമായിരിക്കുന്നു. ഒരു സംഘം ആദ്യം പാടുകയും മറ്റേസംഘം ഏറ്റുപാടുകയും ചെയ്യുന്നു. നടുവില്‍ വരനുമുണ്ടാവും. വരനെ, വധുഗൃഹത്തിലേക്കാനയിച്ച്‌ മണിയറയില്‍ കൊണ്ടിരുത്തി അവിടെവച്ചും കുറേനേരം പാടിയശേഷമാണ്‌ ഒപ്പന അവസാനിക്കുക.പരുഷന്മാരുടെ ഒപ്പനയുടെ മറ്റൊരു രൂപമാണ്‌ വടക്കേമലബാറില്‍ മുമ്പ്്‌ പ്രചാരത്തിലുണ്ടായിരുന്ന മക്കാനിപ്പാട്ട്‌, തശ്‌രിഫ്‌ എന്നിവ. മുസ്ലിം വീടുകളില്‍ വിവാഹം നടക്കുമ്പോള്‍ മക്കാനി സംഘത്തെയും വിളിക്കും. എട്ടുപത്തുപേര്‍ വട്ടമിട്ടിരുന്ന ഡോലക്കും കൈമണിയുമായി മലയാളവും തമിഴും അറബിയും കലര്‍ന്ന ഭാഷയില്‍ നബിമാരുടെ ചരിത്രം വിവരിക്കുന്ന പാട്ടുകള്‍ പാടുന്നു. സദസ്യരും ഒന്നിച്ചു പാടും. ഏതാനും മക്കാനിപ്പാട്ട്‌ കഴിഞ്ഞാല്‍ പുതുമുണവാളരെ നടുവിലിരുത്തി പാടുന്നതാണ്‌ തശ്‌രിഫ്‌.കൈമുട്ടിപ്പാട്ട്‌സ്ത്രീകളുടെ ഒപ്പനയുടെ ആദ്യരൂപമായി കരുതപ്പെടുന്ന ഇതു തികച്ചും അപ്രത്യക്ഷമായിക്കഴിഞ്ഞു. മധ്യവയസ്ക്കളായ ഏതാനും സ്ത്രീകള്‍ ഒരു കോളാമ്പിക്കുചുറ്റും കൂടിനിന്നു പാടുകയായിരുന്നു പതിവ്‌. ഇടയ്ക്കിടെ ചാഞ്ഞും ചരിഞ്ഞും പ്രദക്ഷിണം വയ്ക്കുകയും ചെയ്യും. പ്രധാനമായി വിവാഹം, പെണ്‍കുട്ടികളുടെ കാതുകുത്ത്‌, പ്രസവാനന്തരമുള്ള നാല്‍പതുകുളി, നവവധുവിനെ ആദ്യമായി വരന്റെവീട്ടിലേക്കു കൂട്ടിക്കൊണ്ടുവരുന്ന ചടങ്ങ്‌ തുടങ്ങിയ വേളകളി ലായിരുന്നു സാധാരണം. അതിഥികളായ സ്ത്രീകളെ നടുവിലിരുത്തി പാടുന്നു. ഏതെങ്കിലും അതിഥിയെ അങ്ങനെ നടുവിലിരുത്തി പാടിയില്ലെങ്കില്‍ അത്‌ അവരെ അപമാനിക്കലായി കരുതുമായിരുന്നു. വധുവിനെ അണിയിച്ചൊരുക്കിയിരുത്തുമ്പോഴും മണിയറയിലേക്ക്‌ ആനയിക്കുമ്പോഴും കൈമുട്ടിപ്പാട്ടുണ്ടാവും. പാടിയിരുന്നത്‌ അധികവും ആദ്യകാല മാപ്പിളപ്പാട്ടുകള്‍.മുമ്പ്‌ കോഴിക്കോട്ട്‌ ആണുങ്ങള്‍ക്കിടയിലും ഇത്തരം പാട്ട്‌ സംഘങ്ങളുണ്ടായിരുന്നു. കൈമുട്ടിയും മുട്ടാതെയും പാടുന്ന രണ്ടു രീതികള്‍ പിന്നീട്‌ പ്രചാരത്തിലായി. അവരും പാടിയിരുന്നതു മുഖ്യമായി മാപ്പിളപ്പാട്ടുകളായിരുന്നു. പിന്നെ അറബിമലയാളകാവ്യങ്ങളും.കോല്‍ക്കളിയും

 പരിചകളിയുംവിവാഹാഘോഷങ്ങളോടനുബന്ധിച്ച്‌ മുമ്പ്‌ സാധാരണം. ഇപ്പോള്‍ അപൂര്‍വ്വം. ആ രണ്ടു കളികള്‍ക്കും കൂടി മലബാറില്‍ ചിലേടങ്ങളില്‍ കുരിക്കളും കുട്ടികളും എന്ന പേരുമുണ്ട്‌. കടല്‍ത്തീരത്തെ വഞ്ചിത്തൊഴിലാളികളുടെ ഒരു വിനോദോപാധി എന്ന നിലയിലായിരുന്നു തുടക്കം.എട്ട്‌, പത്ത്‌, പതിനാറ്‌ എന്നിങ്ങനെ ഇരട്ടസംഖ്യയിലുള്ള അംഗങ്ങളാണ്‌ കോല്‍ക്കളിസംഘത്തിലുണ്ടാവുക. വേഷം, കള്ളിമുണ്ടും ബനിയനും തലയില്‍ ഉറുമാലും. മരം കൊണ്ടുണ്ടാക്കിയ നേര്‍ത്ത കോലുകള്‍ ഇരുകൈകളിലും പിടിച്ച്‌ താളാത്മകമായി അന്യോന്യം കൂട്ടിയടിച്ചും പാടിക്കൊണ്ട്‌ ചുവടുവച്ചും വട്ടത്തില്‍ നീങ്ങിയാണ്‌ കളിതുടങ്ങുക. താളം മുറുകുന്നതിനനുസരിച്ചു ചുവടുവയ്പുകള്‍ ദ്രുതഗതിയിലാവുകയും കളരിപ്പയറ്റിനെ അനുസ്മരിപ്പിക്കുന്ന അഭ്യാസമുറകള്‍ പ്രകടമാവുകയും ചെയ്യുന്നു. കളിക്കാര്‍ മെയ്‌വഴക്കത്തോടെ തിരിഞ്ഞും മറിഞ്ഞും ചാടിയും കോലുകള്‍ തമ്മില്‍ ആഞ്ഞടിക്കുന്നു. അടുത്തുള്ളവരുമായും കോലുകള്‍ കൂട്ടിയിടിച്ചുകൊണ്ടിരിക്കും.കുരിക്കള്‍ (ഗുരുക്കള്‍) എന്നും വിളിക്കപ്പെടുന്ന സംഘത്തലവന്‍ മാറിനിന്നു കളി നിയന്ത്രിക്കുകയും ചിലപ്പോള്‍ ഒപ്പം ചേര്‍ന്നു കളിക്കുകയും ചെയ്യും. കളിക്കു പിരിമുറുക്കം കൂട്ടാനും കളിക്കാരില്‍ ആവേശം പകരാനുമായി കുരിക്കള്‍ ഇടയ്ക്കിടെ തകൃത-തിത്തകൃത-താകൃത ബില്ലത്തെ.... എന്നിങ്ങനെ ഉച്ചത്തില്‍ വിളിച്ചുപറയുന്നതു കേള്‍ക്കാം - അങ്ങനെ പറഞ്ഞാണ്‌ കളി അവസാനിപ്പിക്കുകയും ചെയ്യുക. 

പാടുന്നതു മാപ്പിളപ്പാട്ടുകള്‍, പ്രധാനമായി മഹാകവി മോയിന്‍കുട്ടി വൈദ്യരുടെ ബദര്‍പ്പാട്ട്‌.ഒരു കൈയില്‍ പരിചയും മറുകൈയില്‍ കോലുമേന്തിയാണ്‌ പരിചകളി. പത്തു പന്ത്രണ്ടുപേര്‍ വട്ടം കൂടി നിന്നു കോല്‍ക്കളിയിലെപ്പോലെ പാട്ടുപാടുന്നതിനനുസരിച്ചു ചുവടുവച്ചു തിരിയുകയും മറിയുകയും തൊട്ടടുത്തുള്ളവരുമായി കോലും പരിചയും കൂട്ടിമുട്ടിച്ചും വെട്ടിയും തടുത്തും താളം ചവിട്ടി പ്രദക്ഷിണം വയ്ക്കുന്നു. താളം മുറുകുന്നതനുസരിച്ചു ചുവടുവയ്പുകള്‍ക്കു വേഗം കൂടും - അതിനിടയില്‍ പല വിദ്യ അഭ്യാസപ്രകടനങ്ങളുമുണ്ടാവും. കുരിക്കള്‍ വട്ടത്തിനകത്തു നിന്നു നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ഒന്നിച്ചു പാടുകയും ചെയ്യുന്നു. പാട്ടുകള്‍ അധികവും അറബി കലര്‍ന്ന മലയാളത്തിലുള്ളവ.ദഫ്മുട്ട്‌ഗഞ്ചിറപോലുള്ള കാളത്തോല്‍ വരിഞ്ഞുകെട്ടിയതുമായ വാദ്യോപകരണമാണ്‌ ദഫ്‌. അറബി നാടുകളിലെ സംഗീതത്തില്‍ ഇന്നും ഇതുപയോഗിച്ചുവരുന്നു. അവിടെ നിന്നാണ്‌ ദഫ്‌ മുട്ട്‌ കേരളത്തിലെത്തിയതെന്നു കരുതപ്പെടുന്നു.ഒരു കൈകൊണ്ട്‌ ദഫ്‌ പിടിച്ചു മറ്റേ കൈയുടെ വിരലുകളും കൈപ്പത്തിയും കൊണ്ടു തോലില്‍ തട്ടി താളം പിടിച്ചാണ്‌ പാടുക. ഇരുന്നും നിന്നും നടന്നു നീങ്ങിയും ദഫ്‌ മുട്ടാം. പാടുന്നതനുസരിച്ച്‌ ഇടത്തോട്ടും വലത്തോട്ടും ചരിഞ്ഞും മറിഞ്ഞും മുന്നോട്ടാഞ്ഞും പിന്നോട്ടാഞ്ഞും ദഫ്‌ തലയ്ക്കു മുകളിലോളം ഉയര്‍ത്തിയും നെഞ്ചിനു സമാനമായി പിടിച്ചും കുനിഞ്ഞും കാല്‍മുട്ടോളം താഴ്ത്തിയും മുട്ടുന്നു. പത്തോ അധിലധികമോ അംഗങ്ങളുള്ള സംഘത്തിന്റെ തലവന്‍ ആദ്യം പാടുകയും മറ്റുള്ളവര്‍ അതേറ്റു പാടുകയുമാണു ചെയ്യുക. താളം മുറുകുന്നതനുസരിച്ചു പാട്ടിന്റെയും ദഫ്മുട്ടിന്റെയും വേഗവും കൂടും. പള്ളി നേര്‍ച്ചകള്‍, സിദ്ധന്മാരുടെ പേരിലുള്ള റാത്തീബുകള്‍ എന്നിവയോടനുബന്ധിച്ചാണ്‌ ദഫ്‌ മുട്ട്‌ സാധാരണം. പാടുന്നതു സ്വാഭാവികമായും ഭക്തിഗാനങ്ങള്‍. ചില സ്ഥലങ്ങളില്‍ റംസാന്‍ വ്രതമാസത്തില്‍ ഭക്തജനങ്ങളെ അത്താഴത്തിനു വിളിച്ചുണര്‍ത്താനായി ആളുകള്‍ കൂട്ടത്തോടെ ദഫ്‌ മുട്ട്‌ പാടി നടക്കുന്ന പതിവ്‌ ചെറിയതോതില്‍ ഇപ്പോഴുമുണ്ട്‌. മുമ്പ്‌ വെള്ളിയാഴ്ച രാത്രികളിലും മറ്റു വിശേഷ രാവുകളിലും ഇത്തരം സംഘങ്ങള്‍ സിദ്ധന്മാരെ പ്രകീര്‍ത്തിക്കുന്ന ഗാനങ്ങള്‍ ആലപിച്ചുകൊണ്ട്‌ മുസ്ലിം വീടുകള്‍ കയറിയിറങ്ങുന്നതു പല സ്ഥലങ്ങളിലും സാധാരണമായിരുന്നു. 

ഇന്നു സര്‍വകലാശാല യുവജനോല്‍സവങ്ങളിലെ ഒരിനമാണ്‌ ദഫ്‌ മുട്ട്‌. അതുപോലെതന്നെ അറവനകളിയും.അറവനകളിദഫിനേക്കാള്‍ വട്ടമുള്ളതും കിങ്ങിണി ഘടിപ്പിച്ചതുമായ വാദ്യോപകരണമാണ്‌ അറവന. ആട്ടിന്‍ തോല്‍ കൊണ്ടു വരിഞ്ഞു മുറുക്കിയ ഭാഗത്തു കൈവിരലുകളും കൈപ്പത്തിയും കൊണ്ടുമുട്ടുന്നു. അറബിനാടുകളില്‍ ഇതുപോലുള്ള സംഗിതോപകരണമുണ്ട്‌. ദഫ്‌ പോലെ ഇതും അവിടെനിന്നു വന്നതാണെന്നു കരുതപ്പെടുന്നു.പ്രവാചകന്‌ അഭിവാദ്യമര്‍പ്പിച്ചുകൊണ്ട്‌ തുടങ്ങുന്ന പാട്ടോടെയാണ്‌ സാധാരണയായി അറവനകളില്‍ തുടങ്ങുക. പിന്നീട്‌ പ്രേമകഥകളും വീരഗാഥകളും അടങ്ങുന്ന അറബികലര്‍ന്ന മാപ്പിളപ്പാട്ടുകള്‍ പാടുന്നു. ഒരു കൈയില്‍ അറവനയുമായി കളിക്കാര്‍ രണ്ടു ഭാഗങ്ങളായി പിരിഞ്ഞു കൈയെത്താവുന്നത്ര അകലത്തില്‍ അഭിമുഖമായി ഇരിക്കുകയോ നില്‍ക്കുകയോ ചെയ്യുന്നു. ഒരാള്‍ പാടുന്നതനുസരിച്ചു മറ്റുള്ളവര്‍ അറവനയില്‍ മുട്ടിക്കൊണ്ട്‌ ഏറ്റുപാടുന്നു. പാട്ടിന്റെ താളം മുറുകുന്നതനുസരിച്ച്‌ മുട്ട്‌ ദ്രുതഗതിയിലാവുന്നു. ഒരോ വരിയിലുമുളളവര്‍ ഇടയ്ക്കിടെ എതിര്‍വശത്തിരിക്കുന്നവരുടെ അറവനകളിലും മുട്ടുന്നു. തുടര്‍ന്ന്‌ അതിവേഗത്തില്‍ അപരന്റെ കൈത്തണ്ടയിലും ചുമലിലും മൂക്കിന്മേല്‍പോലും സ്വന്തം അറവനകള്‍ മുട്ടിക്കുന്നു. അതോടെ ഈ കളി ഒരു കായികാഭ്യാസരൂപം കൈക്കൊള്ളുന്നു. മുട്ടും വിളിയുംകര്‍ണാടക സംഗീതത്തിലെ നാദസ്വരം, ഹിന്ദുസ്ഥാനി സംഗീതത്തിലെ ഷെഹനാല എന്നിവയോടു സാദൃശ്യമുള്ള ഒരു വാദ്യോപകരണം ഉപയോഗിച്ചു നടത്തുന്ന പരിപാടി, പളളിക്കെട്ട്‌, അലോര്‍മാര്‍ എന്നീ പേരുകളിലും ഈ വാദ്യോ പകരണം അറിയപ്പെടുന്നു.ബൈത്ത്‌ഈ പേരിലുള്ള അറബിഭക്തിഗാനങ്ങള്‍ പൊതുചടങ്ങുകളില്‍ പുരുഷന്മാര്‍ ഒത്തുചേര്‍ന്നു പാടുന്ന പതിവ്‌ മുസ്ലിംകള്‍ക്കിടയില്‍ മുമ്പുണ്ടായിരുന്നു. സംഘത്തലവന്‍ (ഉസ്താദ്) പ്രവാചകന്‌ അഭിവാദ്യം അര്‍പ്പിച്ചുകൊണ്ട്‌ ബൈത്ത്‌ തുടങ്ങുന്നു. മറ്റുള്ളവര്‍ ഏറ്റുപാടുന്നു. ഷാദുലി എന്നു പേ രായ താളാത്മകമായ ബൈത്തും ഹറളമി എ ന്നു പേരായ താളമില്ലാത്ത ബൈത്തുമുണ്ട്‌. അറേബ്യയിലെ ഹളര്‍മൗത്തില്‍നിന്നു മതപ്രബോധനത്തിനുംവ്യാപാരത്തിനുമായി കോഴിക്കോടിനടുത്ത കൊയിലാണ്ടിയില്‍വന്നു താമസമാക്കിയവരിലൂടെയാണ്‌ ഹറളമി ബൈത്തിനു പ്രചാരം സിദ്ധിച്ചത്‌. അതിനാല്‍ അതു കൊയിലാണ്ടിബൈത്ത്‌ എന്ന പേരിലും അറിയപ്പെടുന്നു.ആദ്യകാലത്തു ബൈത്തിന്‌ അകമ്പടിയായി വാദ്യോപകരങ്ങളൊന്നും ഉപയോഗിച്ചിരുന്നില്ലപിന്നീട്‌ തിരുകൊച്ചി ഭാഗങ്ങളില്‍ താളമേളങ്ങോടുകൂടിയ ബൈത്ത്‌ പ്രചാരത്തിലായി. ഇപ്പോള്‍ എല്ലാവിധ ബൈത്തുകളും അപൂര്‍വ്വം.വട്ടക്കളികൈക്കൊട്ടിക്കളിയുടെ മാതൃകയില്‍ പെണ്‍കുട്ടികള്‍ ഒരു വിളക്കിനുചുറ്റും നിന്നു മാപ്പിളപ്പാട്ടുകള്‍ പാടുന്നതാണ്‌ വട്ടക്കളി. വട്ടം ഇടയ്ക്കിടെ വലുതാവുകയും ചെറുതാവുകയും ചെയ്യും.കത്ത്പാട്ട്‌പാട്ടുകാര്‍ രണ്ടു ഭാഗങ്ങളായി പിരിഞ്ഞിരുന്ന, കത്തിന്റെയും മറുപടിയുടേയും രൂപത്തില്‍ പാട്ടുകള്‍പാടുന്നു. ഉത്തരേന്ത്യയില്‍ വിവാഹത്തോടനുബന്ധിച്ചു കാണാറുള്ള ഖവാലിപോലെ.കിസ്സകഥാപ്രസഗംപോലെയാണിത്‌. കിസ്സ അഥവാ കഥയുള്ള പാട്ടുപാടി അര്‍ത്ഥം വിശദീകരിക്കുകയാണു പതിവ്‌. തികച്ചും അപ്രത്യക്ഷമായിക്കഴിഞ്ഞ മറ്റൊരു കലാരൂപം.

ക്രൈസ്തവസമൂഹത്തില്‍ ആചാരത്തിന്റെയും അനുഷ്ഠാനത്തിന്റെയും ഭാഗമായി പ്രചുരപ്രചാരം നേടിയ കലാരൂപങ്ങള്‍ ഇന്നു കേരളസംസ്കാരത്തിന്റെ ഭാഗമായിത്തീര്‍ന്നിട്ടുണ്ട്‌. നൃത്തം, സംഗീതം, നാടകം, ചിത്രം, ശില്‍പം എന്നിങ്ങനെ എല്ലാ ശാഖകളിലും ക്രൈസ്തവകലാരൂപങ്ങള്‍ ദേശസംസ്കാരവുമായി ഇഴുകിച്ചേരുകയും അതിനെ സമ്പന്നമാക്കിത്തീര്‍ക്കുകയും ചെയ്തിട്ടുണ്ട്‌. ക്രൈസ്തവസമൂഹത്തിന്റെ ജീവിതരീതിയെയും ജീവിതീവീക്ഷണത്തെയും പ്രതിഫലിപ്പിക്കുകയും ആവിഷ്ക്കരിക്കുകയും ചെയ്യുന്ന ഈ കലാരൂപങ്ങള്‍ കേരള സംസ്ക്കാരത്തെ സമ്പന്നമാക്കുക മാത്രമല്ല, അതിനെ നവീകരിക്കുകയും ചെയ്തിട്ടുണ്ട്‌.മാര്‍ഗ്ഗംകളിക്രൈസ്തവ കലകളില്‍ പ്രധാനപ്പെട്ട ഒന്നാണ്‌ മാര്‍ഗ്ഗം കളി. നൃത്തം, സംഗീതം, നാടകം എന്നിവയുടെ ഉദ്ഗ്രഥനത്തിലൂടെ കേരളീയമായ രൂപഭാവങ്ങളോടെ വളര്‍ത്തിയെടുത്ത അതിവിശിഷ്ടമായൊരു കലാരൂപമാണിത്‌.നൃത്തവും സംഗീതവും ചേര്‍ന്ന പ്രാര്‍ത്ഥനാശൈലി ബൈബിളിലെ പഴയനിയമത്തില്‍ യഹൂദജനതയില്‍ പ്രചാരത്തിലുണ്ടായിരുന്നു. സൃഷ്ടാവിന്റെ മുമ്പില്‍ അര്‍പ്പിക്കുന്ന പ്രാര്‍ത്ഥനയായിട്ടാണ്‌ യഹൂദര്‍ അതിനെ കരുതിയത്‌. യുദ്ധത്തില്‍ ജയിക്കുമ്പോഴും ഉദ്ദിഷ്ടകാര്യം നേടുമ്പോഴും ദൈവപ്രീതി ഉണ്ടാകുമ്പോഴും യഹൂദജനത സംഗീതനൃത്തം ചവിട്ടിയിരുന്നു. പഴയനിയമജനത നൃത്തത്തെ ആന്ദത്തിന്റേയും ആധ്യാത്മികമായ ഉണര്‍വിന്റേയും പ്രകാശനമായി കരുതിയ പോലെയാണ്‌ കേരളത്തിലെ ക്രൈസ്തവ ജനത മാര്‍ഗ്ഗംകളിയെയും സ്വീകരിച്ചത്‌. ക്രിസ്തുമാര്‍ഗത്തെ അനുസ്മരിപ്പിക്കുന്ന ഒരു കലയാണിത്‌. ഇതു കേരള ക്രൈസ്തവ സമൂഹത്തിന്റെ സംസ്കാരത്തിന്റെ പ്രകാശനമാണ്‌.ക്രിസ്തുവിന്റെ പന്ത്രണ്ടുശിഷ്യന്മാരെ അനുസ്മരിപ്പിക്കുന്നതിനു പന്ത്രണ്ടു പുരുഷന്മാരാണ്‌ മാര്‍ഗംകളിയില്‍ പങ്കെടുക്കുന്നത്‌. അവര്‍ അരയും തലയും മുറുക്കി തലയില്‍ മയില്‍പ്പീലി ചൂടി കത്തിച്ച നിലവിളക്കിനു ചുറ്റും നില്‍ക്കുന്നു. ക്രിസ്തുശിഷ്യനായ സെന്റ്‌ തോമസ്‌ ഭാരതത്തില്‍ വന്നപ്പോള്‍ മയിലിന്റെ പുറത്തു സഞ്ചരിച്ചതിനെ അനുസ്മരിച്ചാണ്‌ മാര്‍ഗംകളിക്കാര്‍ തലയില്‍ മയില്‍പ്പീലി ചൂടുന്നത്‌. കത്തിച്ചവിളക്ക്‌ ക്രിസ്തുവിനെ സൂചിപ്പിക്കുന്നു. മാര്‍ഗംകളിക്ക്‌ ആധാരമായ പാട്ടിനു മാര്‍ഗംകളിപ്പാട്ടെന്നു പറയുന്നു. കളിക്കാര്‍ വിളക്കുതൊട്ടു നമസ്ക്കരിച്ചതിനുശേഷമാണ്‌ കൈകൊട്ടി പാട്ടുപാടി കളി തുടങ്ങുന്നത്‌. 

ഭാരതത്തില്‍ ക്രിസ്തുമതം പ്രചരിപ്പിച്ച സെന്റ്‌ തോമസിന്റെ പ്രവര്‍ത്തികളാണ്‌ മാര്‍ഗംകളിപ്പാട്ടിന്റെ ഇതിവൃത്തം. കളിക്കാരോടൊപ്പം പാട്ട്‌ പാടാന്‍ ഒരു ആശാന്‍ ഉണ്ടാകും. ആശാന്‍ പാടുമ്പോള്‍ കളിക്കാര്‍ അതേറ്റു പാടുന്നു. സംഗീതവും താളവും മെയ്‌വഴക്കവും നൃത്തവും സമന്വിയിപ്പിച്ചുകൊണ്ട്‌ കളിക്കാര്‍ വിളക്കിനു ചുറ്റും കളിക്കുന്നു.മാര്‍ഗംകളിയില്‍ പങ്കെടുക്കുന്ന പുരുഷന്മാരുടെ വേഷം കസവുമുണ്ടും കസവുതലക്കെട്ടും ചുവന്നപട്ടുകൊണ്ടുള്ള അരക്കെട്ടുമാണ്‌. അഭ്യാസികളായ പുരുഷന്മാരുടെ കലയായിട്ടാണ്‌ ഈ കലാരൂപം പ്രചരിച്ചതെങ്കിലും എണ്‍പതുകളില്‍ സ്കൂള്‍ യുവജനോത്സവത്തില്‍ ഈ കലാരൂപം ഒരു ഇനമാക്കിയതോടെ ഇതു സ്ത്രീകള്‍ ഏറ്റെടുത്തു. അഭ്യാസം മാത്രമല്ല, താളവും ലയവും ചടുലതയും ഇതിന്‌ ആവശ്യമായതിനാല്‍ ആ രീതിയിലുള്ള പരിശീലനത്തോടെ ഈ കല അഭ്യസിച്ചുതുടങ്ങി . മര്‍ഗംകളി സ്ത്രീകള്‍ ഏറ്റെടുത്തതോടെ പുരാതന സുറിയാനിക്രിസ്ത്യാനികളുടെ വേഷത്തോടു സാമ്യമുള്ള ചമയങ്ങള്‍ അതിനു സ്വീകരിച്ചു. കോടിനിറത്തിലുള്ള കച്ചമുണ്ടും പണിച്ചട്ടയും കവണിയും പിന്നെ കഴുത്തില്‍ കാശുമാലയും മേക്കാതില്‍ കുണുക്കും കൈയില്‍വളയും കാലില്‍ തളയും അങ്ങനെ മാര്‍ഗംകളിക്ക്‌ ഉടയാടകളായി.പതിനേഴാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന കല്ലിശ്ശേരി വെട്ടിക്കുന്നേല്‍ ആഞ്ഞിലിമൂട്ടില്‍ ഇട്ടിത്തൊമ്മന്‍ കത്തനാരാണ്‌ മലയാളത്തില്‍ മാര്‍ഗംകളിപ്പാട്ട്‌ രചിച്ചത്‌. മൂന്നാം നൂറ്റാണ്ടില്‍ സുറിയാനിയില്‍ പ്രചാരത്തിലുണ്ടായിരുന്ന മാര്‍ത്തോമ്മായുടെ നടപടികള്‍, ആറാംനൂറ്റാണ്ടില്‍ ജീവിച്ചിരുന്ന സുറിയാനി പണ്ഡിനായ സെറുഗിലെ മാര്‍ ജേക്കബ്‌ രചിച്ച തോമ്മശ്ലീഹായെപ്പറ്റിയുള്ള മൂന്നു പ്രഭാഷണങ്ങള്‍ എന്നിവയാണ്‌ മാര്‍ഗംകളിപ്പാട്ടിന്‌ ആധാരമായ രചനകള്‍. സെന്റ്‌ തോമസിന്റെ ഭാരത്തിലെ പ്രവര്‍ത്തനങ്ങള്‍ സുറിയാനി നാട്ടിലുള്ളവരെ ആകര്‍ഷിച്ചതിന്റെ ഭാഗമായിരുന്നു സുറിയാനിയിലുള്ള ഈ രചനകള്‍. ഇട്ടിത്തൊമ്മന്‍ കത്തനാര്‍ അതു മലയാളത്തില്‍ പുനരാഖ്യാനം ചെയ്യുകയാണ്‌ ചെയ്തത്‌. അതില്‍ സെന്റ്‌ തോമസ്‌ ചോള കേരള രാജ്യത്തു നടത്തിയ പ്രവര്‍ത്തനങ്ങള്‍ വിവരിക്കുന്നു. ഈ പാട്ടു തന്നെയാണ്‌ ഇന്നും ഉപയോഗിക്കുന്നത്‌. ഇതില്‍ വിവിധ വൃത്തത്തിലുള്ള 14 പാദങ്ങളും നാനൂറിലേറെ വരികളും ഉണ്ട്‌. 14 പാദത്തിന്റേയും നൃത്തത്തിനും സംഗീതത്തിനും ചുവടുകള്‍ക്കും വ്യത്യാസമുണ്ട്്‌. തമിഴ്ഭാഷയിലെ ചിന്തുകളുടെ രചനാശൈലി ഇതില്‍ ദൃശ്യമാണെങ്കിലും മാര്‍ഗംകളിപ്പാട്ടിന്റെ ഈരടികള്‍ ഊനകാകളി, തരംഗിണി, മാവേലി എന്നീ ദ്രാവിഡവൃത്തങ്ങളില്‍ ഉള്ളതാണ്‌. വൃത്തബന്ധമില്ലാത്ത ഈരടികളും ഉണ്ട്‌. ദ്രാവിഡവൃത്തം മുന്‍നിര്‍ത്തി രചിച്ചതാണെങ്കിലും മാര്‍ഗംകളിപ്പാട്ടിന്റെ ഈണത്തില്‍ സുറിയാനിസംഗീതത്തിന്റെ സ്വാധീനവും കാണാം. സുറിയാനിസംഗീതശാസ്ത്രം പരാമ്പരാഗതമായി പരിശീലിച്ചവരാണ്‌ മാര്‍ഗംകളിപ്പാട്ടിന്റെ ആശാന്മാര്‍. ഇതിന്റെ സംഗീതത്തിനു വാദ്യോപകരണം ഉപയോഗിക്കാറില്ല.ദേവാലയത്തില്‍ പെരുന്നാളിനും വീടുകളില്‍ വിവാഹത്തിനും മാര്‍ഗംകളി നടത്തിയിരുന്നു.

 മദ്ധ്യതിരുവിതാംകൂറിലേയും മലബാറിലേയും ക്നാനായ ക്രിസ്ത്യാനികള്‍ ഈ കലാരൂപം ഇന്നും പൈതൃകകലയായി കാത്തുസൂക്ഷിക്കുന്നു. നമ്പൂതിരിമാരുടെ യാത്രകളിയോട്‌ ഈ കലാരൂപത്തിനു സാമ്യമുണ്ട്‌.പരിചമുട്ടുകളികേരള ക്രൈസ്തവരുടെ മറ്റൊരു രംഗകലയാണ്‌ പരിചമുട്ടുകളി. പ്രാചീന കേരളത്തിലെ ആയോധനകലയായ കളരിപ്പയറ്റില്‍നിന്നു രൂപംകൊണ്ട കലയാണിത്‌. കളരിയില്‍നിന്നു മെയ്‌വഴക്കവും പയറ്റും ശീലിച്ച ക്രിസ്ത്യാനികള്‍ തങ്ങളുടെ ആയോധനാപാടവത്തെ പ്രതിഫലിപ്പിക്കുന്ന ഒരു കലയായി രൂപംകൊടുത്തതാണ്‌ പരിചമുട്ടുകളി. പളളി പെരുന്നാളുകള്‍ക്ക്‌ ഈ കലാവിനോദം മുഖ്യഇനമായിരുന്നു. കല്യാണസദസ്സുകളിലും ഇത്‌ അവതരിപ്പിച്ചിരുന്നു.പരിചമുട്ടുകളിയില്‍ അരോഗ്യദൃഢഗാത്രരായ ഒരു സംഘമാണ്‌ പങ്കെടുക്കുന്നത്‌. കൈയില്‍ നീളംകുറഞ്ഞ വാളും വൃത്താകൃതിയിലുള്ള വലിയ പരിചയും അവര്‍ പിടിക്കുന്നു. കളിതുടങ്ങുംമുമ്പ്‌ കത്തിച്ച നിലവിളക്കിനു ചുറ്റുംനിന്നു കളിക്കാര്‍ ദൈവസ്തുതി നടത്തും.ആദ്യം അഭ്യാസങ്ങളാണ്‌ അവതരിപ്പിക്കുന്നത്‌. പിന്നെ വാളും പരിചയും ധരിച്ച്‌ വൃത്തത്തില്‍നിന്നു താളം ചവിട്ടും. വൃത്തത്തിനുള്ളില്‍ കളിയാശാന്‍ ഉണ്ടാവും. പാട്ടുകള്‍ ആപലപിക്കുന്നത്‌ ആശാനായിരിക്കും. ഇലത്താളവുമായി ഒരേ താളത്തിലും നീട്ടിയും പാട്ടുകള്‍ അവതരിപ്പിക്കും. ശിഷ്യന്മാര്‍ അതേറ്റുപാടുകയും താളത്തില്‍ പരിചമുട്ടിക്കുകയും ചെയ്യും. വാളും പരിചയും ഇളക്കിക്കൊണ്ട്‌ അതിവേഗത്തില്‍ വെട്ടുംതടയും നടത്തുമ്പോള്‍ നൃത്തത്തിന്റെ ചുവടും താളവും ചടുലതയും അനുഭൂതി പകരും. ഒരേ ഗതിയില്‍ മാത്രമല്ല, ഇരുന്നും ചരിഞ്ഞും തകിടംമറിഞ്ഞും കളിക്കാര്‍ ആയോധാഭ്യാസം കാഴ്ചവയ്ക്കും. പാട്ടിനിടയില്‍ ആശാന്‍ ഇലത്താളം മുറുക്കുകയും കളിക്കാര്‍ക്ക്‌ ആവേശം പകരാന്‍ ഹോയ്‌ ഹോയ്‌ എന്ന്‌ കലാശം കൊടുക്കുകയും ചെയ്യും. ചിലപ്പോള്‍ കളിവൃത്തത്തിനു പുറത്തുനിന്നും ആശാന്‍ പാട്ട്‌ പാടാറുണ്ട്‌.

ക്രിസ്തുശിഷ്യനായ സെന്റ്‌ തോമസിന്റെ ഭാരതത്തിലെ പ്രേക്ഷിതപ്രവര്‍ത്തനങ്ങളും വിശുദ്ധ സെബാസ്റ്റ്യനോസിന്റെയും വിശുദ്ധ ഗീവറുഗീസിന്റെയും ജീവിതങ്ങളും പരാമര്‍ശിക്കുന്നതാണ്‌ പരിചമുട്ടുകളിയിലെ പാട്ടുകള്‍.നാടന്‍ പാട്ടിന്റെ ശൈലിയില്‍ പ്രചാരത്തിലുള്ളതാണ്‌ പരിചമുട്ടുകളിയിലെ പാട്ടുകള്‍ എല്ലാം. ആയോധനകലയില്‍ നൈപുണ്യം നേടിയിരുന്ന സുറിയാനി ക്രിസ്ത്യാനികളുടെ ഇടയിലായിരുന്നു ഈ കലാവിനോദം പ്രചാരത്തിലുള്ളത്‌. സുറിയാനി ക്രിസ്ത്യാനികളുടെ കല്യാണങ്ങളിലെ ചടങ്ങുകള്‍ ചുരുക്കിയതോടെ പരിചമുട്ടുകളിക്കു പ്രോത്സാഹനം ലഭിക്കാതായി. പള്ളികളിലെ ആഘോഷപരിപാടികളിലും മാറ്റം വന്നതോടെ പൊതുവേദിയില്‍നിന്നും ഈ കല പുറത്തായി. ചുരുക്കം ചില പള്ളികളിലെ പെരുന്നാളുകള്‍ക്കു പരിചമുട്ടുകളിക്ക്‌ ഇന്നും സ്ഥാനം നല്‍കി വരുന്നുണ്ട്‌.ചവിട്ടുനാടകംകഥകളി ഉദയം ചെയ്യുന്നതിനു ഒരു ശതാബ്ദം മുമ്പ്‌ ക്രൈസ്തവ സമൂഹത്തില്‍ പ്രചാരത്തിലിരുന്ന ഒരു കലാരൂപമാണ്‌ ചവിട്ടുനാടകം. കേരളത്തിന്റെ ആയോധനാവൃത്തിയുമായി ബന്ധമുള്ള വീരരസ പ്രധാനമായ സംഗീതനൃത്തനാടകരൂപമാണിത്‌. പാട്ടും പയറ്റും നൃത്തവും നാടകവും സമന്വയിച്ചിരിക്കുന്ന ചവിട്ടുനാടകം താണ്ഡവപ്രധാനമാണ്‌. നടന്മാര്‍ തന്നെ പാടി അഭിനയിച്ചു നൃത്തം വയ്ക്കുന്നു. താളലയാന്വിതമായ പദവിന്യാസത്തിനു ചവിട്ടുനാടകത്തില്‍ പ്രാധാന്യം കല്‍പിച്ചിരിക്കുന്നു.

 കളരിപ്പയറ്റും പോറാട്ടുനാടകസങ്കേതവും മാത്രമല്ല സംസ്കൃതനാടകസങ്കേതങ്ങളും ഈ കലാരൂപം ഉള്‍ക്കൊണ്ടിരിക്കുന്നു. യൂറോപ്യന്‍ നാടകങ്ങളോട്‌, പ്രത്യേകിച്ച്‌ ഓപ്പരാ എന്ന പശ്ചിമയൂറോപ്യന്‍ നാടകസമ്പ്രദായത്തോട്‌ ഇതിനു സാദൃശ്യമുണ്ട്‌. ഓപ്പരാ മാതൃകയിലെന്നപോലെ തമിഴ്‌നാട്ടിലെ നാട്ടുവസംഗീതനൃത്തത്തോടും കര്‍ണാടകത്തിലെ യക്ഷഗാനത്തോടും ഇതിനു സാമ്യമുണ്ട്‌.കേരളത്തിലെ നാടകപ്രസ്ഥാനത്തിന്റെ തുടക്കം ചവിട്ടുനാടകമാണ്‌. ഈ കലാരൂപത്തിനു 400 വര്‍ഷത്തെ ചരിത്രമുണ്ട്‌. മട്ടാഞ്ചേരിയിലെ കൂനന്‍കുരിശിനു ചുറ്റും ഞായറാഴ്ചതോറും സമ്മേളിക്കാറുണ്ടായിരുന്ന ക്രിസ്ത്യാനികള്‍ക്കുവേണ്ടി തമിഴ്കവിയും ക്രൈസ്തവഭക്തനുമായ ചിന്നത്തമ്പിപ്പിള്ള ബ്രസീന എന്ന സുകൃതിനിയുടെ ചരിത്രം നൃത്തനാടകരൂപത്തില്‍ തയ്യാറാക്കി അവതരിപ്പിച്ചതാണ്‌ ആദ്യത്തെ ചവിട്ടുനാടകം. അതേത്തുടര്‍ന്നു നെയ്യൂര്‍ സ്വദേശി വേദനായകംപിള്ള പ്രശസ്തങ്ങളായ പല ചവിട്ടുനാടകങ്ങളും രചിക്കുകയും അവതരിപ്പിക്കുകയും ചെയ്തു.ചവിട്ടുനാടകത്തിന്റെ ദൈര്‍ഘ്യം സാധാരണയായി എട്ടു മണിക്കൂറാണ്‌. കഥകളിയില്‍ ഹസ്തമുദ്രകള്‍ക്കു പ്രാധാന്യം കല്‍പിക്കുന്നതുപോലെ ചവിട്ടുനാടകത്തില്‍ താളമേളങ്ങള്‍ക്കനുസൃതമായി കൈയ്യും മെയ്യും കണ്ണുകളും ചലിപ്പിക്കുകയും ചുവടുകള്‍ ചവിട്ടുകയും ചെയ്യുന്നു. 

പാട്ടിനൊത്തു ചുവടുവച്ച്‌ ആടുന്നതായതുകൊണ്ടാണ്‌ ചവിട്ടുനാടകം എന്ന പേരു വന്നത്‌.ചവിട്ടുനാടകം കളിക്കുന്നവര്‍ക്കു കളരിയഭ്യാസം നിര്‍ബന്ധമാണ്‌. ആദ്യകാലത്തും ചവിട്ടുനാടകം പഠിപ്പിച്ചിരുന്ന ആശാന്മാര്‍ തമിഴര്‍ ആയിരുന്നു. അതിനാല്‍ മിക്ക ചവിട്ടു നാടകവും തമിഴിലാണ്‌. വീരരസപ്രധാനങ്ങളായ കഥകള്‍ ഗാനരൂപത്തിലാണ്‌ അവതരിപ്പിക്കുന്നത്‌. ഇതു രചിച്ചിരിക്കുന്നതു വിരുത്തം, കാപ്പ്‌, തുയരം, കലിത്തുറ, ഇന്നിശൈ, ചിന്തു, ചൊല്ലു, കൊച്ചകം, വെണ്‍പാ തുടങ്ങിയ വര്‍ണമട്ടുകളിലാണ്‌.ചവിട്ടുനാടകകളിക്കാരുടെ വേഷം പഴയകാലത്തെ പടച്ചട്ടപോലെ പല വര്‍ണത്തിലുള്ളതാണ്‌. അതു കടലാസുകൊണ്ടും പട്ടുകൊണ്ടും ഉള്ളതാണ്‌. മുഖ്യനടന്മാരുടെ പക്കല്‍ മൂര്‍ച്ചവാള്‍ ഉണ്ടാവുംരാജാപ്പാര്‍ട്ട്‌ തലയില്‍ കിരീടവും, യുദ്ധവീരന്മാര്‍ കോരിയും ധരിക്കുന്നു.രംഗകലയാണെങ്കിലും കര്‍ട്ടന്‍ ഉണ്ടാവില്ല. ഒരു തുറന്ന തട്ടില്‍ നിന്നായിരിക്കും കളി. പതിനാറുകോല്‍ വീതിയും 60 കോല്‍ വീതിയുമുള്ള തട്ടിന്റെ നടുവില്‍ നീളത്തില്‍ ഒരു വിരി വലിച്ചുകെട്ടിയിരിക്കും. വിരിയുടെ മുമ്പില്‍ നിലവിളക്കു കത്തിച്ചുവയ്ക്കുന്നു. ആശാനും മറ്റു പാട്ടുകാരും ചേര്‍ന്നു നിലവിളക്കിനു മുമ്പിലിരുന്നു പാട്ടുപാടി തുടങ്ങുന്നതോടെയാണ്‌ കളി ആരംഭിക്കുന്നത്‌. തുടര്‍ന്നു വിദൂഷകന്റെ പ്രവേശനമാണ്‌. പിന്നെ ഒരോ വേഷക്കാരനും വരും മുമ്പ്‌ ആശാന്‍ അവരെപ്പറ്റി വരവുപാട്ട്‌ പാടും. സദസിനെയും ആശാനേയും നമസ്ക്കരിച്ചശേഷമാണ്‌ ഒരോരുത്തരും കളി തുടങ്ങുക. ചില കളിക്കാര്‍ വേദിയില്‍ വരുന്നതു സദസിന്റെ ഇടയില്‍ നിന്നാണ്‌. ഒരേസമയം ചിലപ്പോള്‍ മുപ്പതും നാല്‍പതും കളിക്കാര്‍ വേദിയിലുണ്ടാവും കളി തീരുമ്പോള്‍ എല്ലാ നടന്മാരും ഒന്നിച്ചു വേദിയില്‍ വന്നു മംഗളഗാനം പാടും.ചവിട്ടുനാടകത്തിലെ ചുവടുകള്‍ അടിസ്ഥാനപരമായി പന്ത്രണ്ടായി തിരിച്ചിരിക്കുന്നു. നല്ല കഥാപാത്രങ്ങള്‍ക്കും ദുഷ്ടകഥാപാത്രങ്ങള്‍ക്കും ഇരട്ടിപ്പൂകള്‍, കലാശങ്ങള്‍, ഇടക്കലാശങ്ങള്‍, കവിത്തങ്ങള്‍ എന്നിങ്ങനെ വ്യത്യസ്തങ്ങളായ ചുവടുകളുണ്ട്‌. കര്‍ണാടകശാസ്ത്രീയ സംഗീതത്തിലെ താളക്രമപ്രകാരമുള്ള ചുവടുകളും ഗീതങ്ങളും ചവിട്ടുനാടകത്തില്‍ സമന്വയിച്ചിരിക്കുന്നു. സംഗീതനൃത്തപ്രാധാന്യമാണെങ്കിലും ഇതിന്റെ മേളങ്ങളില്‍ പ്രധാനം ചെണ്ട, ഇലത്താളം, എന്നീ ഘനവാദ്യങ്ങളാണ്‌. ലാസ്യപ്രധാനമായ പതിഞ്ഞാട്ടങ്ങള്‍ക്കു മൃദംഗം, തബല, ഫ്ലൂട്ട്‌, ബുള്‍ബുള്‍, ഫിഡില്‍ എന്നീ മൃദുവാദ്യങ്ങളും ഉപയോഗിക്കാറുണ്ട്‌.

കാറള്‍സ്മാന്‍ ചരിത്രം, ജനോവനാടകം, ഗീവറുഗീസ്‌ ചരിത്രം, ദാവീദ്‌ വിജയം, അല്ലേശുനാടകം, യൗസേഫ്‌ നാടകം, ജ്ഞാനസുന്ദരി എന്നിവയാണ്‌ പ്രധാനപ്പെട്ട ചവിട്ടുനാടകങ്ങള്‍. മണപ്പാട്ടുകാരന്‍ അന്തോണിക്കുട്ടി, കൊച്ചിക്കാരനായ വറീയതു, കോട്ടയില്‍ അന്തോണി, പോഞ്ഞിക്കര ശൗരിയാര്‍, പള്ളിപ്പുറം മീങ്ക, അഗസ്റ്റീഞ്ഞു, വറീച്ചന്‍, എടവനക്കാട്ട്‌ കൊച്ചവുസേഫ്‌, ഗോതുരുത്ത്‌ ഔസേഫ്‌, കോരതു, വര്‍ഗീസ്‌ (വാറു) എന്നിവരാണ്‌ ചവിട്ടുനാടകരംഗത്ത്‌ അണ്ണാവിമാരായും (ആശാന്‍) രചയിതാക്കളായും അറിയപ്പെടുന്നത്‌. ഇവരില്‍ വര്‍ഗീസ്‌ ആശാന്‍ രചിച്ച ദാവീദ്‌ വിജയം, ഗീവര്‍ഗീസ്‌ ചരിത്രം, കോമളചന്ദ്രിക, മാര്‍ട്ടിന്‍കഥ, സത്യപാലന്‍, ധര്‍മ്മിഷ്ഠന്‍ എന്നീ ചവിട്ടുനാടകങ്ങള്‍ മലയാളത്തിലുള്ളതാണ്‌. തീരപ്രദേശങ്ങളിലെ ക്രൈസ്തവസമൂഹം, പ്രത്യേകിച്ചു ലത്തീന്‍ കത്തോലിക്കര്‍ ഈ കലാരൂപത്തെ തങ്ങളുടെ പൈതൃകകലയായി കാത്തുസൂക്ഷിക്കുകയും അവതരിപ്പിക്കുകയും ചെയ്തുവരുന്നു.വട്ടക്കളികള്‍ഇതൊരു നാടന്‍കലാരൂപമാണ്‌. കേരള ക്രൈസ്തവരുടെ, പ്രതേകിച്ചു സുറിയാനി ക്രിസ്ത്യാനികളുടെ ഇടയില്‍ പ്രചാരത്തിലുണ്ടായിരുന്ന ഈ രംഗകല വിവാഹാഘോഷങ്ങളുടെ ഭാഗമായി രൂപപ്പെടുത്തിയ ഒന്നാണ്‌. സാംസ്ക്കാരികവും ദേശീയവുമായ തനിമയുടെ പ്രകാശമാണീ കല. ക്രൈസ്തവസമൂഹത്തിന്റെ സാമൂഹികജീവിതവുമായി ബന്ധപ്പെട്ടു കിടക്കുന്ന വട്ടക്കളികള്‍ പുരുഷന്മാരുടെ കലയായിട്ടാണ്‌ പ്രചാരത്തിലായത്‌. മംഗല്യത്തെപ്പറ്റിയും ബൈബിള്‍ കഥകളെപ്പറ്റിയും ക്നായിതൊമ്മന്റെ ആഗമനത്തെപ്പറ്റിയും വിവരിക്കുന്നു. ആദം - ഹവ്വ, വട്ടക്കളി, മൂശയുടെ വട്ടക്കളി, യാക്കോബിന്റെ വട്ടക്കളി, പൂര്‍വയൗസേഫിന്റെ വട്ടക്കളി എന്നിവ ബൈബിള്‍ ഇതിവൃത്തങ്ങളെ പുരസ്ക്കരിച്ചുള്ളതാണ്‌. ഇതെല്ലാം കല്യണപന്തലിലോ കല്യണാഘോഷ ചടങ്ങുകളിലോ അവതരിപ്പിക്കുന്നു. മംഗല്യം വട്ടക്കളിപ്പാട്ടിന്റെ അവതരണക്രമത്തില്‍ പറഞ്ഞാല്‍, പാട്ടും കുരവയും വാദ്യഘോഷങ്ങളും മുത്തുക്കുട വെണ്‍ചാമരയാലവട്ടവുമായി കല്യാണസംഘം ആര്‍ത്തു നടനടചൊല്ലി പന്തലില്‍ എത്തുമ്പോള്‍ പൂമങ്കത്തോഴിമാര്‍ ആടിയും പാടിയും നല്ലൊരമ്മയായി നെല്ലും നീരും വീഴ്ത്തിയും മണവാട്ടി മണവാളന്മാരെ മണക്കോലത്തില്‍ ഇരുത്തി മധുരം കൊടുക്കും മണവാളനും മണവാട്ടിക്കും മധുരം കൊടുത്തു കഴിയുന്നതോടെ വട്ടക്കളി ആരംഭിക്കുകയായി.വട്ടത്തില്‍നിന്നു കളിക്കുന്ന കലയായതുകൊണ്ടാണ്‌ വട്ടക്കളിയെന്നു പേരുവന്നത്‌. ഉടുത്തൊരുങ്ങിയ പുരുഷന്മാര്‍ തലയില്‍ മാപ്പിളക്കെട്ടുകെട്ടിയാണ്‌ കളിക്കെത്തുന്നത്‌. കസവുമുണ്ടാണ്‌ വേഷം. കുലമഹിമയുടെ സൂചനയായിട്ടാണ്‌ കസവുമുണ്ടും മാപ്പിളക്കെട്ടും ധരിക്കുന്നത്‌. കളിക്കാര്‍ വട്ടത്തില്‍നിന്നു കൈകൊട്ടിയാണ്‌ പാട്ടുപാടുന്നത്‌. പാട്ടു മുറുകുന്നതോടെ ചുവടുവച്ചു തുടങ്ങുകയും അതു താളാത്മകമായി മാറുകയും ചെയ്യുന്നു. എല്ലാ വട്ടക്കളിയും വന്ദനഗാനത്തോടെയാണ്‌ തുടങ്ങുന്നത്‌. തുടര്‍ന്ന്‌ കല്യാണത്തിന്റെ ഒരുക്കവും പ്രൗഢിയും ദമ്പതികളുടെ ഗുണമഹിമകളും വര്‍ണിച്ചുകൊണ്ട്‌ പാട്ടു തുടരും. വട്ടക്കളിക്കു മുസ്ലിങ്ങളുടെ ഒപ്പനയുമായി സാമ്യമുണ്ട്‌.പാണന്‍പാട്ട്‌ക്രൈസ്തവസങ്കേതങ്ങള്‍ ഉപയോഗിച്ചു പ്രചാരത്തിലായ ഒരു നാടോടികഥയാണ്‌ പാണന്‍പാട്ട്‌. ക്രിസ്ത്യാനികളുടെ കല്യാണദിവസം നടത്തിവരുന്ന ഒന്നാണിത്‌. പാണന്‍വരവ്‌ എന്ന ചടങ്ങിനോടനുബന്ധിച്ചുള്ളതാണ്‌ പാണന്‍പാട്ട്‌. ക്രൈസ്തവ ആചാരത്തിന്റെ പ്രതിഫലനമായിട്ടാണ്‌ ഈ കലാരൂപം വളര്‍ന്നു വന്നത്‌. ഇതിന്റെ സമാനരൂപങ്ങള്‍ മറ്റു ചില സമുദായങ്ങളിലും പ്രചാരത്തിലുണ്ട്‌. വിവാഹകര്‍മ്മത്തിനുശേഷം പെണ്ണും ചെറുക്കനും കല്യാണപന്തലില്‍ വന്ന്‌ ഇരുന്നു കഴിഞ്ഞാലുടന്‍ പാണന്‍ വരവായി. പാണന്‍ വന്നിട്ടേ സദ്യ ആരംഭിക്കൂ. 

പാണന്‍ (വീരടിയാര്‍) ജാതിക്കാരനായ ഒരാള്‍ പന്തലില്‍ പെട്ടെന്ന്‌ പ്രത്യക്ഷപ്പെടുകയായി. ആഗമനം അറിയിച്ചു കൊണ്ട്‌ അയാള്‍ ഉച്ചത്തില്‍ ശബ്ദിക്കും. എന്നിട്ട്‌ നസ്രാണികളുടെ പദവികളെയും മഹിമകളെയും പ്രകീര്‍ത്തിച്ചുകൊണ്ട്‌ പാടും. പാണന്‍പാട്ടിന്റെ കഥ ചേരമാന്‍ പെരുമാളുമായി ബന്ധപ്പെടുത്തിയുള്ളതാണ്‌. ജാതിധര്‍മ്മത്തിനു ചേരാത്ത ഒരു കല്യാണം നടത്താന്‍ ചേരമാന്‍ പെരുമാള്‍ തുനിഞ്ഞതിനെ മുന്‍നിര്‍ത്തിയാണ്‌ പാണന്‍ തന്റെ പാട്ട്‌ തുടങ്ങുന്നത്‌. ജാതിധര്‍മ്മത്തിനു ചേരാത്ത കല്യാണം നടത്തിയതിനെത്തുടര്‍ന്ന്‌ ആശാരി, മൂശാരി, കൊല്ലന്‍, തട്ടാന്‍ എന്നിവരെല്ലാം രാജ്യം വിട്ടുപോയി. അവരെല്ലാം ലങ്കയിലെത്തി. ഇവരുടെ പോക്ക്‌ രാജ്യത്തിനു നഷ്ടമായതിനാല്‍ ക്രിസ്ത്യാനികളുടെ പ്രമുഖ നേതാവായ ക്നായിതൊമ്മന്‍ മുതലാളി ഉടനെ തന്നെ ലങ്കയിലേക്കു പുറപ്പെട്ടു. കൂടെ തിരുവരങ്കന്‍ എന്ന പാണനും ഉണ്ടായിരുന്നു. ക്നായിതൊമ്മന്‍ ചെന്നതുകണ്ടിട്ടു അവര്‍ അദ്ദേഹത്തിനു പൊന്‍മുടി കാഴ്ചവച്ചു. അവരെല്ലാം നാട്ടിലേക്കു മടങ്ങുകയും ചെയ്തു. ഈ കഥ പാടി നടക്കാന്‍ തിരുവരങ്കന്‍ അനുവാദം ചോദിച്ചു. തിരുവരങ്കന്റെ എല്ലാ പരമ്പരയും ഈ പാട്ട്‌ പാടിക്കൊള്ളാനും പണം സമ്പാദിക്കാനും ക്നായിതൊമ്മന്‍ അനുമതി നല്‍കി. ക്നായി തൊമ്മന്റെ സ്ഥാനമാനങ്ങള്‍, വാണിജ്യരംഗത്തെ പ്രാമുഖ്യം എന്നിവയെല്ലാം പാട്ടില്‍ വിവരിക്കുന്നുണ്ട്‌. പൂവിറക്കംക്രൈസ്തവരുടെ വിവാഹചടങ്ങിനോടനുബന്ധിച്ച്‌ അവതരിപ്പിച്ചിരുന്ന മറ്റൊരു കലാരൂപമാണ്‌ പൂവിറുക്കം. ഇതൊരു ആചാരമോ അനുഷ്ഠാനമോ ആയി ക്രൈസ്തവസമൂഹത്തില്‍, പ്രത്യേകിച്ചു സുറിയാനി ക്രിസ്ത്യാനികളുടെ ഇടയില്‍ പ്രചാരത്തിലിരുന്ന ഒന്നാണ്‌. കല്യാണം കഴിഞ്ഞു പെണ്ണും ചെറുക്കനും വീട്ടിലേക്കു വന്നുകഴിഞ്ഞാല്‍ പൂവിറക്കത്തിനുള്ള ഒരുക്കം തുടങ്ങുകയായി. കല്യാണപന്തലിനു മധ്യത്തിലായി ഒരു വലിയ കടലാസ്പൂവ്‌ കെട്ടിത്തൂക്കിയിട്ടിരിക്കും. അതില്‍ ഒരു ചരട്‌ ഘടിപ്പിച്ചിരിക്കുന്നു. മണവാളനും മണവാട്ടിയും മണക്കോലത്തില്‍ ഇരിക്കുമ്പോള്‍ പാട്ടുകാരന്‍ പൂവിലെ ചരടില്‍ പിടിച്ചുപലിച്ചുകൊണ്ട്‌ പാടിത്തുടങ്ങും.

 പാട്ടുകാരന്റെ കാലിലെ പെരുവിരലിലാണ്‌ ഈ ചരട്‌ ഘടിപ്പിച്ചിരിക്കുന്നത്‌. മുഖ്യ പാട്ടുകാരന്റെ കൂടെ പാടാന്‍ ഒരു സംഘം പാട്ടുകാരുണ്ടാകും. പാട്ടുതുടങ്ങുമ്പോള്‍ മുഖ്യ പാട്ടുകാരന്‍ പെരുവിരല്‍ ചലിപ്പിക്കും. പൂവ്‌ ഇളകുകയും അതിന്റെ ഒരോ ഇതള്‍ വിരിയുകയും ചെയ്യുന്നു. ഒരോ ഇതളും വിരിയുംവരെ പാട്ട്‌ തുടരും. ഒരു പൂവില്‍ സാധാരണ പന്ത്രണ്ട്‌ ഇതളാണ്‌ ഉള്ളത്‌. ചിലപ്പോള്‍ 16, 24 ഇതളുകളും ഉണ്ടാവും. അതനുസരിച്ചു പാട്ടിന്റെ ദൈര്‍ഘ്യവും കൂടും. പൂവ്‌ വിരിഞ്ഞുകഴിയുന്നതോടെ സദ്യയും ആരംഭിക്കുന്നു. ദമ്പതികള്‍ക്ക്‌ അവിടെ കൂടിയിരിക്കുന്നവര്‍ അര്‍പ്പിക്കുന്ന അര്‍ച്ചനയായിട്ടാണ്‌ പൂവിറക്കം അവതരിപ്പിക്കുന്നത്‌.കല്യാണപ്പാട്ട്‌.ക്രൈസ്തസമൂഹത്തില്‍ ഏറ്റവും പ്രധാന ഗൃഹോത്സവം കല്യാണമാണ്‌. ഇപ്പോള്‍ ഒരു ദിവസംകൊണ്ടോ ഏതാനും മണിക്കൂര്‍കൊണ്ടോ തീരുന്ന ഈ ആഘോഷം പണ്ട്‌ ഒരാഴ്ചയോളം നീണ്ടുനിന്നിരുന്നു. വിവാഹത്തിന്റേയും ബന്ധപ്പെട്ട മറ്റു ചടങ്ങുകളുടേയും ആഘോഷങ്ങള്‍ വധുവിന്റേയും വരന്റേയും വീടുകളില്‍ നടക്കുമ്പോള്‍ ഇരുകൂട്ടരും ഉല്‍സവപ്രതീതിയോടെയാണ്‌ അതു കൊണ്ടാടിയത്‌. ഈ ചടങ്ങുകളില്‍ പങ്കെടുക്കുന്നവര്‍ക്കു ഹരം പകരുന്ന ഒരു കലാരൂപമായിട്ടാണ്‌ കല്യാണപ്പാട്ട്‌ രൂപപ്പെടുത്തിയത്‌. ആഘോഷങ്ങള്‍ക്കിടയില്‍ പാടിയിരുന്ന നാടന്‍പാട്ടുകളാണ്‌ കല്യാണപ്പാട്ട്‌. അന്തംചാര്‍ത്തുപാട്ട്‌, മയിലാഞ്ചിപ്പാട്ട്‌, പന്തല്‍പ്പാട്ട്‌, വാഴുപാട്ട്‌, എണ്ണപ്പാട്ട്‌, അയനിപ്പാട്ട്‌. കളിപ്പാട്ട്‌, അടച്ചുതുറപ്പാട്ട്‌, വിളക്കുതൊടീല്‍പ്പാട്ട്‌ എന്നിവ ഇതില്‍ പ്രധാനപ്പെട്ടവയാണ്‌. കല്യാണപ്പാട്ട്‌ ആരംഭിക്കുന്നത്‌ സാധാരണ മാര്‍ത്തോമ്മന്‍പാട്ട്‌ ആലപിച്ചുകൊണ്ടായിരിക്കും. മാര്‍ത്തോമ്മന്‍ നന്മയാലൊന്നു തുടങ്ങുന്നു നന്നായ്‌ വരേണമേയിന്ന്‌ എന്നു ചൊല്ലിക്കൊണ്ടാണീ പാട്ട്‌ തുടങ്ങുന്നത്‌.കല്യാണപ്പാട്ടില്‍നിന്നു ക്രിസ്ത്യാനി സമൂഹത്തിന്റെ ആചാരങ്ങളും രീതികളും വ്യക്തമാകുന്നു. ക്രിസ്ത്യാനി സമൂഹത്തില്‍ നിലനിന്നിരുന്ന കല്യാണചടങ്ങുകളുടെ പൂര്‍ണരൂപം ഈ പാട്ടില്‍നിന്നാണ്‌ മനസ്സിലാക്കാന്‍ കഴിയുന്നത്‌. കല്യാണത്തിനു വീട്ടുമുറ്റത്തു പുത്തനാം പന്തല്‍ ചമച്ചു പത്തു പ്രകാരത്തോടെ ഇട്ടൊരു പന്തലൊക്കെ പട്ടാല്‍ വിതാനം ചെയ്തു കഴിഞ്ഞശേഷം ശനിയാഴ്ച വൈകുന്നേരത്തോടെ കുടുംബക്കാര്‍ എത്തുകയായി. പണ്ട്‌ ഞായറാഴ്ച മാത്രമേ കല്യാണം നടത്തിയിരുന്നുള്ളൂ. ശനിയാഴ്ച രാത്രി ഊണിനു മുമ്പ്‌ പന്തലില്‍ ഉപവിഷ്ടരാകുന്ന അതിഥികളുടേയും ബന്ധുക്കളുടേയും മുമ്പാകെയാണ്‌ കല്യാണപ്പാട്ട്‌ തുടങ്ങുന്നത്‌. അതിനിടയിലാണ്‌ ആദ്യത്തെ ചടങ്ങായ ഗുരുദക്ഷിണ. അതിനുശേഷം കരയിലെ ക്ഷുരകന്‍ അന്തംചാര്‍ത്തും. നസ്രാണി മാപ്പിളമാരെ അവര്‍ പതിനമ്പരിഷമാളോര്‍,പതിനമ്പരിഷയച്ചന്മാര്‍ എന്നെല്ലാം സംബോധന ചെയ്യും. പതിനെട്ടുപരിഷക്കു ഉടയവന്‍്‌ എന്നാണിതിന്റെ അര്‍ത്ഥംഅന്തം ചാര്‍ത്തും മുമ്പ്‌ ക്ഷുരകന്‍ മൂന്നുതവണ അവിടെകൂടിയിരിക്കുന്നവരുടെ അനുമതി തേടണം. അന്തം ചാര്‍ത്താന്‍ കയറിയിരുന്നോട്ടെ എന്നു മൂന്നുതവണ ക്ഷുരകന്‍ ചോദിച്ചുകഴിഞ്ഞു സദസ്‌ അതിന്‌ അനുമതി കൊടുക്കുമ്പോള്‍ അയാള്‍ കത്തിയെടുത്തു കോതുവെട്ടും - ക്ഷൗരം ചെയ്യും. അന്തംചാര്‍ത്തുപാട്ട്‌ അപ്പോള്‍ പാടുന്നതാണ്‌. അന്തംചാര്‍ത്തു കഴിഞ്ഞാല്‍ വരന്‍ കുളിക്കാന്‍ പോകും. ഇതു വരന്റെ വീട്ടില്‍ അരങ്ങേറുമ്പോള്‍ വധുവിന്റെ വീട്ടില്‍ മെയിലാഞ്ചിയിടല്‍ നടക്കും. മെയിലാഞ്ചിപ്പാട്ട്‌ അപ്പോള്‍ പാടുന്നതാണ്‌. അതു കഴിഞ്ഞാല്‍ വധുവിനെ എണ്ണതേപ്പിച്ചു കുളിപ്പിക്കും. കുളി കഴിഞ്ഞു വരുന്ന വരന്‍ വേദിയില്‍ കയറും. അന്നേരമാണ്‌ വരനു മധുരം കൊടുക്കുന്നത്‌. വധുവിന്റെ വീട്ടിലും അതുപോലെ മധുരം കൊടുക്കും. ഞായറാഴ്ച രാവിലെ വരന്റെ സഹോദരി മിന്നും മന്ത്രകോടിയും ഒരു താലത്തിലും മറ്റൊരുപാത്രത്തില്‍ അയനിയപ്പവുംകൊണ്ട്‌ പള്ളിയിലേക്കു പോകും. ഈ പോക്ക്‌ വലിയ ആഘോഷപൂര്‍വ്വമായിട്ടാണ്‌ നടത്തുന്നത്‌. വാദ്യഘോഷങ്ങളും ഉപയോഗിക്കും. ആ നേരം പാടുന്നതാണ്‌ അയനിപ്പാട്ട്‌. കല്യാണം കഴിഞ്ഞ്‌ പെണ്ണും ചെറുക്കനും പന്തലില്‍ വന്നു കഴിഞ്ഞാല്‍ അവരെ മണക്കോലത്തില്‍ ഇരുത്തുന്നു. അന്നേരവും കല്യാണപ്പാട്ടും പഞ്ചവാദ്യവും ഉണ്ടാവും. പുരുഷന്മാര്‍ മാത്രമല്ല സ്ത്രീകളും പാടും. ഒപ്പം ആടിക്കളിക്കുന്ന രീതിയും ഉണ്ടായിരുന്നു. പന്തല്‍പ്പാട്ട്‌, വാഴുപ്പാട്ട്‌ എന്നിവ അതില്‍ ചിലതാണ്‌. കല്യാണം കഴിഞ്ഞാലും രണ്ടോ മൂന്നോ ദിവസത്തേക്കു പാട്ടുകള്‍ തുടരും.

 നാലാം ദിവസം മണവറയില്‍ ഇരിക്കുന്ന ചെറുക്കന്റെ അടച്ചുതുറ തുടങ്ങിയ ചടങ്ങുകളാണ്‌. അടച്ചുതുറപ്പാട്ടു പാടിക്കൊണ്ടാണ്‌ അടച്ചുതുറ ചടങ്ങു നടക്കുന്നത്‌. മണവറയില്‍ കതകടച്ചിരിക്കുന്ന മണവാളനോട്‌ വധുവിന്റെ അമ്മ പാട്ടുപാടിക്കൊണ്ട്‌ കതകുതുറക്കാന്‍ അഭ്യര്‍ത്ഥിക്കും. വധുവിന്റെ അമ്മ വളരെനേരം പാടിക്കഴിഞ്ഞിട്ടേ കതകു തുറക്കൂ.അന്നു വധുവരന്മാര്‍ക്കു കുളിക്കാന്‍ എണ്ണ നല്‍കുമ്പോള്‍ എണ്ണപ്പാട്ടും അവര്‍ കുളിക്കുമ്പോള്‍ കുളിപ്പാട്ടും പാടുന്നു. പിറ്റേന്നു പെണ്ണും ചെറുക്കനും വധുവിന്റെ വീട്ടിലേക്കു പോകുംമുമ്പ്‌ വിളക്കുതൊടീല്‍ കര്‍മ്മം നടത്തുന്നതു വിളക്കുതൊടീല്‍പ്പാട്ട്‌ പാടിക്കൊണ്ടാണ്‌. കത്തിച്ചുവച്ച വിളക്കിനുചുറ്റും മണവാളനും തോഴരും പിന്നെ മണവാട്ടിയും തോഴിമാരും കുരിശു വരച്ചു നടക്കും. ഇതിനുശേഷമാണ്‌ കുടിവിരുന്നും വധൂവരന്മാര്‍ വധുവിന്റെ വീട്ടിലേക്കു പുറപ്പെടുന്നതും. ഒരു അനുഷ്ഠാനകലപോലെ കല്യാണപ്പാട്ടുകള്‍ ക്രൈസ്തവരുടെ ജീവിതവുമായി ബന്ധപ്പെട്ടു കിടക്കുന്നു. പള്ളിപ്പാട്ടുകള്‍ക്രൈസ്തവ സംസ്കാരത്തനിമയുടെ പ്രകാശനമാണ്‌ പള്ളിപ്പാട്ടുകള്‍. പുരാതനമായ ക്രൈസ്തവദേവാലയങ്ങളെയും കുടുംബങ്ങളെയും പരാമര്‍ശിക്കുന്ന നാടന്‍പാട്ടുകളാണ്‌ പള്ളിപ്പാട്ടുകള്‍ എന്ന പേരില്‍ പ്രചാരത്തിലായത്‌. സാഹിത്യമൂല്യവും ചരിത്രമൂല്യവും കലാമൂല്യവും സമന്വയിക്കുന്ന ഈ പാട്ടുകള്‍ പണ്ട്‌ ദേവാലയങ്ങളിലെ പെരുന്നാളുകള്‍ക്കു വേദികളില്‍ ആലപിച്ചിരുന്നു. പള്ളിപ്പാട്ടുകളില്‍ നിന്നാണ്‌ നസ്രാണികള്‍ക്കു വിശ്വാസത്തില്‍ സുസ്ഥിരമായി സ്ഥിതിചെയ്യുന്നവരെന്ന അര്‍ത്ഥമുള്ള തരുതായ്ക്കല്‍ എന്ന പേരുകൂടി ഉണ്ടെന്ന്‌ അറിവായത്‌. കടത്തുരുത്തി പള്ളിപ്പാട്ട്‌, കോട്ടയം പലിയപള്ളിപ്പാട്ട്‌, നാലുപള്ളിപ്പാട്ട്‌, ആര്‍ത്താറ്റ്‌ പള്ളിപ്പാട്ട്‌ എന്നിങ്ങനെ നൂറുകണക്കിനു പാട്ടുകളുണ്ട്‌. ഇത്‌ ഒറ്റയ്ക്കും സംഘമായും വേദികളിലും വീടുകളിലും ക്രിസ്തീയ ആഘോഷങ്ങളില്‍ പാടിവന്നു. ക്രിസ്തീയസമൂഹത്തെ ആചാരത്തിലും അനുഷ്ഠാനത്തിലും വിശ്വാസത്തിലും അടിയുറപ്പിച്ചുനിര്‍ത്താന്‍ ഈ പാട്ടുകള്‍ പര്യാപ്തമായിരുന്നു.പളളിപ്പാട്ടുകള്‍പോലെ പ്രധാനപ്പെട്ട ഒന്നാണ്‌ റമ്പാന്‍പാട്ട്‌. നിരണം മാളിയേക്കല്‍ തോമ്മാറമ്പാന്‍ രചിച്ച ഈ പാട്ടില്‍ തോമ്മാശ്ലീഹായുടെ ജീവിതവും പ്രവര്‍ത്തനവും വിവരിക്കുന്നു. ഈ കൃതിക്കു സാഹിത്യമൂല്യം മാത്രമല്ല കലാമൂല്യവും കല്‍പിക്കുന്നുണ്ട്‌. പള്ളികളിലെ പെരുന്നാളുകള്‍ക്കു മാത്രമല്ല ഗൃഹോത്സവങ്ങളായ വിവാഹം, പേരിടീല്‍, ചോറൂണ്‌, എഴുത്തിനിരുത്തല്‍ തുടങ്ങിയ ചടങ്ങുകള്‍ക്കും കൊഴുപ്പുകൂട്ടാന്‍ റമ്പാന്‍പാട്ട്‌ മൂപ്പന്മാര്‍ ആലപിച്ചിരുന്നു.ശില്‍പകലകേരളത്തിലെ ക്രൈസ്തവശില്‍പകലാപാരമ്പര്യത്തിന്‌ ഉത്തമോദാഹരണമാണ്‌ പ്രാചീന ക്രിസ്തീയദേവാലയങ്ങള്‍. മതില്‍ക്കെട്ടിനകത്തുള്ള വിശാലമായ പറമ്പില്‍ പൊക്കമുള്ള ഗോപുരത്തോടുകൂടിയ ആള്‍ത്താരയും വിശ്വാസികള്‍ നില്‍ക്കുന്ന സ്ഥലത്തു പൊക്കമില്ലാത്ത കൂരയും പൂമുഖവും ചേര്‍ന്നതാണ്‌ ദേവാലയത്തിന്റെ വാസ്തുശില്‍പശൈലി. ദേവാലയവളപ്പില്‍ കെട്ടുപുരയും ഊട്ടുപുരയും ആയുധപ്പുരയും ഉണ്ടായിരുന്നു. ദേവാലയത്തിന്റെ പടിഞ്ഞാറുഭാഗത്തു കല്‍വിളക്കും സ്ഥാപിച്ചിരുന്നു. മുന്നില്‍ കൊടിമരവും കല്‍ക്കുരിശും ഉണ്ടായിരുന്നു. കേരളീയമായ ഈ വാസ്തുശില്‍പശൈലിക്കു പോര്‍ട്ടുഗീസുകാരുടെ ആഗമനത്തോടെ മാറ്റം വന്നു. ദേവാലയങ്ങള്‍ക്കു പടുകൂറ്റന്‍ മുഖവാരവും ആള്‍ത്താരയും പ്രര്‍ത്ഥനാശാലയും ഉണ്ടായി. ആള്‍ത്താരയില്‍ കൊത്തുപണികള്‍ പ്രചാരത്തിലായി. ആധുനിക ദേവാലയങ്ങള്‍ ഇറ്റാലിയന്‍, ഗോത്തിക്‌ മാതൃകയിലാണ്‌ നിര്‍മ്മിച്ചുവരുന്നതെങ്കിലും ഒരോ കാലഘട്ടത്തിലെയും വാസ്തുശില്‍പശൈലിയില്‍നിന്നു വേണ്ടതു കടംകൊള്ളാന്‍ ശ്രദ്ധിക്കാറുണ്ട്‌. ദേവാലയങ്ങളുടെ അങ്കണത്തില്‍ കരിങ്കല്ലില്‍ കൊത്തിയെടുത്ത വിളക്കുമാടങ്ങള്‍ ഉണ്ടായിരുന്നു. വിളക്കുകളില്‍ എണ്ണയൊഴിച്ചു ദീപം തെളിക്കുന്ന പതിവ്‌ ദേവാലയങ്ങളില്‍ നടപ്പിലുണ്ടായിരുന്നു.ദേവാലയങ്ങളോടനുബന്ധിച്ച്‌ സ്നാനഘട്ടങ്ങളും ഉണ്ടായിരുന്നു. കല്‍പടവുകള്‍ കെട്ടിയാണ്‌ ഇവ സൂക്ഷിച്ചിരുന്നത്‌. അതുപോലെ ദേവാലയങ്ങളുടെ കവാടങ്ങളില്‍ ഗോപുരം പണിയുകയും അതില്‍ രൂപങ്ങളും വിളക്കുകളും ആലേഖനം ചെയ്യുകയും ചെയ്തു. ദേവാലയങ്ങളിലെ ചുവര്‍ചിത്രങ്ങള്‍ അടക്കമുള്ള ചിത്രപ്പണികള്‍ ഇന്നും വിസ്മയമായി നിലകൊള്ളുന്നു.ദേവാലയങ്ങള്‍ക്കു വ്യത്യസ്തരീതിയിലുള്ള പൂമുഖങ്ങളാണ്‌ നിര്‍മിച്ചത്‌. ഇതിനു ക്ഷേത്രങ്ങളിലെ മുഖമണ്ഡപവുമായി സാമ്യമുണ്ട്‌.ക്രൈസ്തവരുടെ ആരാധനാപരമായ ശില്‍പകലയുടെ മറ്റു മാതൃകകള്‍ പള്ളിയിലെ അള്‍ത്താര, പ്രസംഗപീഠം, മാമ്മോദീസത്തൊട്ടി എന്നിവയുടെ നിര്‍മ്മാണത്തിലും ദൃശ്യമാണ്‌. ഇതില്‍ ബൗദ്ധശില്‍പകലയുടെ സ്വാധീനം പ്രകടമാണ്‌. പളളിവളപ്പില്‍തന്നെ കലാകാരന്മാര്‍ക്കു വേണ്ടി കൊട്ടുപുരകള്‍ നിര്‍മിച്ചു. അവിടെയാണ്‌ പഞ്ചവാദ്യവും മറ്റു വാദ്യഘോഷങ്ങളും നടത്തിയത്‌. കലാപരിപാടികള്‍ അവതരിപ്പിക്കുന്നതിനു പള്ളിയോടു ചേര്‍ന്നു തന്നെ നാടകശാലയും നിര്‍മിച്ചു. നാടകശാലയും ആരാധനാപരമായ ഒരു സംവിധാനത്തിന്റെ ഭാഗമായിട്ടാണ്‌ കണക്കിലെടുത്തത്‌.പുരാതന ക്രിസ്തീയഭവനങ്ങള്‍ നിര്‍മിച്ചിരുന്നതു തച്ചുശാസ്ത്രവിധിപ്രകാരമായിരുന്നു. നാല്‍പതുകോല്‍ എട്ടുകെട്ടുമന്ദിരങ്ങള്‍ ക്രിസ്ത്യാനിസമൂഹത്തില്‍ പ്രചാരത്തിലുണ്ടായിരുന്നു. പടിപ്പുര, മാളികപ്പുറം, നടയിലകം, ഇടനാഴി, ഓവറ, അറപ്പുര, മച്ച്‌, അടുക്കള, ഇറയകം എന്നിങ്ങനെയായിരുന്നു വീടുകള്‍ രൂപകല്‍പന ചെയ്തിരുന്നത്‌. പുരാതനവീടുകളില്‍ കരിങ്കല്ലിലും മരത്തിലും ഉള്ള ശില്‍പമാതൃകകളും കാണാം. പ്രകൃതിക്കനുരൂപമായ മാതൃകയില്‍ വീടുകള്‍ നിര്‍മിക്കുന്ന ശൈലി മമറ്റൊരു പ്രത്യേകതയായിരുന്നു.
 കടപ്പാട്‌ :മലയാള മനോരമ ഇയര്‍ബുക്ക്‌ 1997