നന്ദന്റെ കഥകള്‍

കഥ
നന്ദകുമാര്‍ പയ്യന്നൂര്‍

കള്ളന്‍

പുലര്‍ച്ച...
കട്ടികുറഞ്ഞുവരുന്ന ഇരുട്ടില്‍ പാല്‍ക്കാരന്റെ സൈക്കിള്‍ മണി മുഴങ്ങിയപ്പോള്‍ പതിവുപോലെ അവള്‍ എഴുന്നേറ്റ് പുല്ല് പുരയിലേക്ക് നടന്നു...
തെല്ലിട കഴിഞ്ഞ് പാല്‍ക്കാരനും പുല്ല് പുരയിലെത്തി...
മണിമുഴക്കി പാല്‍ക്കാരന്റെ സൈക്കിള്‍ അകന്നുപോയപ്പോള്‍ അവള്‍ പുല്ല് പുരയില്‍ നിന്നും ഇറങ്ങി കുളിമുറിയിലേക്ക് കയറി.
* * * * * * * * * * * * * * * *
കുളിച്ച് ഈറനോടെ ചായയുമായി അവള്‍ ഭര്‍ത്താവിന്റെ മുന്നില്‍ ചെന്നു പോലീസ്‌കാരനായ ഭര്‍ത്താവ് കൊമ്പന്‍മീശ പിരിച്ച് ബലിഷ്ടങ്ങളായ പേശികളനക്കി ചായ വാങ്ങി ചുണ്ടോടടുപ്പിച്ചു.
* * * * * * * * * * * * * * * *
പ്രാതല്‍ കഴിച്ച് ഭര്‍ത്താവ് സ്റ്റേഷനിലേക്കും മക്കള്‍ സ്‌കൂളിലേക്കും പോയപ്പോള്‍ അവള്‍ വീട്ടുജോലികളിലേക്ക് മടങ്ങി.
* * * * * * * * * * * * * * * *
വീട്ടുജോലികള്‍ തീര്‍ത്ത് ഉച്ചയ്ക്കുള്ള പാല്‍ക്കാരന്റെ സൈക്കിള്‍ മണിക്ക് കാതോര്‍ത്ത് കോലായിലിരുന്ന് അവള്‍ ടെലിവിഷന്റെ റിമോട്ടില്‍ വിരലമര്‍ത്തി
താമസിയാതെ മീശമാധവന്റെ മുഖം ടെലിവിഷന്‍ സ്‌ക്രീനില്‍ തെളിഞ്ഞുവന്ന് അവളെ നോക്കി മീശ പിരിച്ചു.